Asianet News MalayalamAsianet News Malayalam

രണ്ട് ടീ ഷർട്ടും ഒരു കോഫീമെഷീനുമായി യുക്രൈന്‍കാരി ഇന്ത്യയിലെ കാമുകനടുത്തേക്ക്, അന്നയും അനുഭവും വിവാഹിതരായി

2020 മാർച്ചിൽ, രാജ്യം ലോക്ക്ഡൗണിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അന്ന വീണ്ടും ഇന്ത്യ സന്ദർശിച്ചു. ഇപ്രാവശ്യം രാജസ്ഥാൻ കാണാനാണ് അവൾ വന്നത്. എന്നാൽ, ലോക്ക് ഡൗൺ കാരണം അവൾ ഇന്ത്യയിൽ കുടുങ്ങിപ്പോയി. ആ സമയത്തെല്ലാം അനുഭവാണ് അവൾക്ക് സഹായമായത്. അവൾ, അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു. ആ ബന്ധം പ്രണയമായി വളർന്നു.

woman who fled to india from Kyiv married
Author
India, First Published Apr 12, 2022, 3:37 PM IST

കഴിഞ്ഞ മാസം, യുക്രൈനി(Ukraine)ന്റെ തലസ്ഥാനമായ കീവി(Kyiv)ൽ റഷ്യ ആക്രമണം നടത്തുമ്പോൾ, അന്ന ഹൊറോഡെറ്റ്‌സ്‌ക(Anna Horodetska) തന്റെ വാടകവീട് വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. വെറും രണ്ട് ടീ-ഷർട്ടുകളും അവളുടെ മുത്തശ്ശി നൽകിയ വിവാഹസമ്മാനമായ ഒരു കോഫി മെഷീനും കൊണ്ടാണ് അവൾ ഇന്ത്യയിലേക്ക് എത്തിയത്. ജീവനുംകൊണ്ട് അവൾ ഓടി എത്തിയത് ഒരാളെ കാണാനായിരുന്നു, ഇന്ത്യയിലുള്ള അവളുടെ കാമുകനെ. 

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന 30 -കാരിയായ അവൾ മാർച്ച് 17 -ന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ അവളെ കാത്ത് അവിടെ അനുഭവ് ഭാസിനും(Anubhav Bhasin) ഉണ്ടായിരുന്നു. 33 -കാരനായ ഹൈകോർട്ട് അഭിഭാഷകനാണ് അനുഭവ്. എയർപോർട്ടിൽ വന്നിറങ്ങിയ അന്നയോട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അനുഭവ് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി. അവൾ ചിരിച്ചുകൊണ്ട് സമ്മതം മൂളി. അവളെ അനുഭവ് പ്രൊപ്പോസ് ചെയ്യുന്ന ചിത്രം പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറി. കൊവിഡും, യുദ്ധവും അതിജീവിച്ച അവരുടെ പ്രണയം ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുകയാണ്.    

ഞായറാഴ്ച, ഡൽഹിയിൽ ഒരു രഹസ്യചടങ്ങിലാണ് ദമ്പതികൾ വിവാഹിതരായത്. ഈ മാസം അവസാനത്തോടെ, അവർ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യും. അന്നയുടെ ഒരു വർഷത്തെ വിസയിൽ അവളുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഉദ്ദേശ്യം "അനുഭവ് ഭാസിനെ വിവാഹം കഴിക്കുക" എന്നാണ്. 2019 -ൽ അന്ന ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അവർ പെട്ടെന്ന് തന്നെ നല്ല കൂട്ടായി. അവർ ഒരുമിച്ച് സ്ഥലങ്ങൾ സന്ദർശിച്ചു. 

2020 മാർച്ചിൽ, രാജ്യം ലോക്ക്ഡൗണിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അന്ന വീണ്ടും ഇന്ത്യ സന്ദർശിച്ചു. ഇപ്രാവശ്യം രാജസ്ഥാൻ കാണാനാണ് അവൾ വന്നത്. എന്നാൽ, ലോക്ക് ഡൗൺ കാരണം അവൾ ഇന്ത്യയിൽ കുടുങ്ങിപ്പോയി. ആ സമയത്തെല്ലാം അനുഭവാണ് അവൾക്ക് സഹായമായത്. അവൾ, അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു. ആ ബന്ധം പ്രണയമായി വളർന്നു. ലോക്ക്ഡൗണിന് ശേഷം അവൾ തിരികെ പോയി. അപ്പോഴും അവരുടെ ബന്ധം ശക്തമായി തന്നെ തുടർന്നു. എന്നാൽ, മഹാമാരി മൂലം പിന്നീട് യാത്രകൾ ദുഷ്കരമായി. അവർ ഇന്റർനെറ്റിലൂടെ പരസ്പരം കാണാനും പ്രണയിക്കാനും ആരംഭിച്ചു. 2021 ഫെബ്രുവരിയിൽ യാത്രാനിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ, ദമ്പതികൾ വീണ്ടും ദുബായിൽ വച്ച് കണ്ടുമുട്ടി.  

അതിനുശേഷം കാര്യങ്ങൾ വേഗത്തിൽ നീങ്ങി. ഓഗസ്റ്റിൽ അദ്ദേഹം അവളെ കാണാൻ കീവിൽ പോയി. ഡിസംബറിൽ അവൾ ഇന്ത്യയിലേക്കും എത്തി. സന്ദർശന വേളയിൽ അവരുടെ വിവാഹം തീരുമാനിച്ചു. അനുഭവ് ഹിന്ദുവും അന്ന ക്രിസ്ത്യാനിയുമാണ്. അതിനാൽ അവരുടെ വിവാഹം പ്രത്യേക നിയമപ്രകാരം കോടതിയിൽ രജിസ്റ്റർ ചെയ്യണമെന്നും നടപടിക്രമങ്ങൾക്ക് ഒരു മാസത്തിലധികം സമയമെടുക്കുമെന്നും അനുഭവ് പറയുന്നു. അതിനാൽ, നടപടിക്രമങ്ങൾക്കായി മാർച്ച് അവസാനം ഇന്ത്യയിലേക്ക് വരാൻ അവൾ പദ്ധതിയിട്ടു. കുറച്ച് മാസങ്ങൾക്ക് ശേഷം എന്നെന്നേക്കുമായി ഇന്ത്യയിലേക്ക് മാറാനും ദമ്പതികൾ തീരുമാനിച്ചു. എന്നാൽ, അപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.  

"ഫെബ്രുവരി 24 -ന്, ബോംബാക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സ്വപ്നം കാണുകയാണോ എന്നായിരുന്നു എന്റെ ആദ്യചിന്ത. ഞങ്ങൾ ആക്രമണത്തിന് ഇരയാവുകയാണെന്ന് എന്നാൽ പിന്നീട് മനസിലായി" അന്ന പറഞ്ഞു. ഷെല്ലാക്രമണം രൂക്ഷമായപ്പോൾ, അടുത്ത ദിവസം അവൾ അമ്മയ്ക്കും നായയ്ക്കുമൊപ്പം ഒരു ബങ്കറിലേക്ക് മാറി. "അവിടെ ആളുകൾ നിറഞ്ഞിരുന്നു. ഒരു കർഫ്യൂ ഉണ്ടായിരുന്നു, ഞങ്ങളെ ബങ്കറിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. പക്ഷേ, എനിക്ക് നായയെ നടത്തിക്കാൻ പുറത്തുപോകേണ്ടിവന്നു. നഗരം പുകയുടെ ഗന്ധം കൊണ്ട് നിറഞ്ഞിരുന്നു. ആകാശം വളരെ ചുവന്നിരുന്നു" അവൾ പറയുന്നു. അവിടത്തെ സ്ഥിതി ഗുരുതരമാകാൻ തുടങ്ങിയപ്പോൾ, യുക്രൈൻ വിടാൻ അവൾ തീരുമാനിച്ചു. അവൾ ഒരു ടാക്സി കണ്ടെത്തി റെയിൽവേ സ്റ്റേഷനിൽ എത്തി.

അമ്മയെയും നായയെയും അമ്മൂമ്മയുടെ ഗ്രാമത്തിലേക്ക് ട്രെയിനിൽ കയറ്റിയ ശേഷം അവൾ പടിഞ്ഞാറൻ അതിർത്തിയിലുള്ള ലിവിവിലേക്ക് ട്രെയിനിൽ കയറി. യാത്ര അത്ര എളുപ്പമായിരുന്നില്ല. അവൾ മണിക്കൂറുകളോളം നടന്നു, ആഴ്ചകളോളം അജ്ഞാതർക്കൊപ്പം താമസിച്ചു. സ്‌ഫോടനങ്ങൾ ഒഴിവാക്കി അവൾ എങ്ങനെയോ പോളണ്ടിലെത്തി. അനുഭവ് തന്റെ വിസ സംഘടിപ്പിക്കുന്നത് വരെ രണ്ടാഴ്ചയോളം അവൾ അവിടെ കാത്തിരുന്നു. എത്ര കഷ്ടപ്പെട്ടാലും അനുഭവിന്റെ സമീപം എത്താൻ അവൾ തീർച്ചപ്പെടുത്തി. ഒടുവിൽ ഫിൻലൻഡിലെ ഹെൽസിങ്കിയിലേക്ക്, അവിടെ നിന്ന് ഡൽഹിയിലേക്ക് അവൾ യാത്ര ചെയ്തു. 

വിവാഹിതരായ ദമ്പതികൾ ഇപ്പോൾ ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, തന്റെ അമ്മയെയും നായക്കുട്ടിയേയും കൊണ്ടുവരാൻ കീവിലേക്ക് മടങ്ങുമെന്ന് അന്ന പറഞ്ഞു.  


 

Follow Us:
Download App:
  • android
  • ios