ദാമ്പത്യം ആഘോഷിക്കാനുള്ള അവളുടെ തീരുമാനത്തെക്കുറിച്ച് അവൾ പറഞ്ഞത് ഇങ്ങനെയാണ്, 'ബെര്‍ലിന്‍ മതില്‍ എക്കാലത്തെയും ഏറ്റവും സെക്സിയായ മതിലാണ്' എന്ന്. 

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് പ്രണയം തോന്നുന്നതും അവരെ വിവാഹം കഴിക്കുന്നതുമെല്ലാം നാം കാണാറുണ്ട്. എന്നാൽ, ഒരു വസ്തുവിനെ ആരെങ്കിലും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ? ചെയ്യുമെന്നാണ് ഇവിടെ ഒരു സ്ത്രീയുടെ അനുഭവം പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. അവർ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് ഒരു മതിലിനെയാണ്. സ്വീഡനിൽ നിന്നുമുള്ള ആ സ്ത്രീയുടെ കഥ ഇങ്ങനെ.

എയ്ജ റിത്ത എക്ലോഫ് ബെര്‍ലിന്‍ വാള്‍. അതാണ് അവളുടെ പേര്. ആ പേര് വെറുതെയല്ല. പേരിന്‍റെ അവസാനഭാഗത്തുള്ള 'ബെര്‍ലിന്‍ വാള്‍' സാക്ഷാല്‍ ബെര്‍ലിന്‍ മതില്‍ തന്നെയാണ്. വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും എയ്ജ വിവാഹം കഴിച്ചത് ബെര്‍ലിന്‍ മതിലിനെയാണ്. അവളുടെ ആ അവസ്ഥയ്ക്ക് പറയുന്ന പേരാണ് 'ഒബ്ജെക്ടം സെക്ഷ്വാലിറ്റി'. ആളുകള്‍ക്ക് ഏതെങ്കിലും വസ്തുക്കളോടുള്ള സ്നേഹത്തെയാണ് ഒബ്ജെക്ടം സെക്ഷ്വാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. 

ആധുനിക കാലത്ത് ആദ്യമായി ഈ വാക്കുപയോഗിക്കുന്നത് ഒരുപക്ഷേ എയ്ജയെ വിശേഷിപ്പിക്കാനായിരിക്കും. 2008 -ലെ അഞ്ചാം ബെർലിൻ ബിനാലെയിലെ 'ബെർലിൻമുറെൻ' എന്ന സിനിമ എക്ലോഫിന്റെ ജീവിതത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നു. ആ സിനിമ അവളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്. 

വടക്കൻ സ്വീഡനിലെ സണ്ട്സ്വാളിനടുത്തുള്ള ലിഡനിൽ നിന്നുള്ളതാണ് എയ്ജ. 1979 ജൂൺ 17 -നാണ് അവള്‍ ബെർലിൻ മതിലിനെ 'വിവാഹം' കഴിച്ചത്. പടിഞ്ഞാറും കിഴക്കൻ ബെർലിനും തമ്മിലുള്ള വിഭജന മതിലിൽ എല്ലായ്പ്പോഴും ആകൃഷ്ടയായിരുന്നു അവള്‍. മതിലിനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു എയ്ജ. ഈ 'വിവാഹം' കഴിഞ്ഞതു മുതൽ അവളുടെ പേരിനൊപ്പം മതിലിന്‍റെ പേര് കൂടി ചേര്‍ത്താണ് അവള്‍ തന്നെ വിശേഷിപ്പിച്ചത്. പേര് മാറ്റിയതായും അവള്‍ പറയുകയുണ്ടായി. 

ദാമ്പത്യം ആഘോഷിക്കാനുള്ള അവളുടെ തീരുമാനത്തെക്കുറിച്ച് അവൾ പറഞ്ഞത് ഇങ്ങനെയാണ്, 'ബെര്‍ലിന്‍ മതില്‍ എക്കാലത്തെയും ഏറ്റവും സെക്സിയായ മതിലാണ്' എന്ന്. ബെർലിനിലെ 'വിവാഹ' -ത്തിന് ശേഷം അവള്‍ വീണ്ടും ലിഡനിലേക്ക് താമസം മാറി. 1989 നവംബർ ഒമ്പതിന് ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് അവള്‍ തകര്‍ന്നുപോയി, ആ വാര്‍ത്ത കേട്ട് അവൾ പൊട്ടിക്കരഞ്ഞു. അന്നു മുതല്‍ അവള്‍ സ്വയം വിശേഷിപ്പിച്ചത് വിധവ എന്നാണ്. 2015 ഒക്ടോബര്‍ 31 -നാണ് എയ്ജ മരിക്കുന്നത്. 

നോർവീജിയൻ ആർട്ടിസ്റ്റ് ലാർസ് ലോമാനാണ് അവള്‍ക്കായി 'ബെർലിൻമുറേൻ' എന്ന ചിത്രം സമർപ്പിച്ചത്. ഇത് അഞ്ചാമത് ബെര്‍ലിന്‍ ബിനാലെ ഫോര്‍ കണ്ടംപററി ആര്‍ട്ട് വിഭാഗത്തില്‍, പ്രത്യേകം നിർമ്മിച്ച പവലിയനിൽ പ്രദർശിപ്പിച്ചു.