ആരും അമ്പരന്നു പോകുന്ന ആ വലിയ സമ്മാന ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച ശേഷം അവൾ നേരെ തന്റെ ഓഫീസിലേക്ക് മടങ്ങി. ബാക്കി ജോലികൾ കൃത്യമായി പൂർത്തിയാക്കുകയും ചെയ്തു.

ലോട്ടറി അടിച്ചാൽ ജോലിക്ക് പോകാൻ നിൽക്കുന്നവർ അപൂർവമായിരിക്കും. എന്നാൽ 16 കോടിയിലേറെ ഇന്ത്യൻ രൂപ (2 ദശലക്ഷം ഡോളർ) സമ്മാനമായി ലഭിച്ചിട്ടും, ആവേശത്തിൽ തുള്ളിച്ചാടാതെ ഉടൻ തന്നെ ജോലിസ്ഥലത്തേക്ക് തിരികെ പോയ ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ വെർജീനിയയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.

‌വെർജീനിയയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് അന്ന് അതീവ സമ്മർദ്ദം നിറഞ്ഞ ഒരു ദിവസമായിരുന്നു. ലഞ്ച് ബ്രേക്ക് കിട്ടിയപ്പോൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ അവൾ പുറത്തിറങ്ങി. തുടർന്ന് 'ലവ് ഫുഡ് മാർട്ട്' എന്ന കടയിൽ നിന്ന് 20 ഡോളർ വിലയുള്ള Platinum 7s എന്നൊരു സ്ക്രാച്ച്-ഓഫ് ലോട്ടറി ടിക്കറ്റ് വാങ്ങി.

കടയ്ക്കുള്ളിൽ വെച്ച് തന്നെ ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയ യുവതി ഞെട്ടിപ്പോയി. ഒന്നാം സമ്മാനമായ 2 ദശലക്ഷം ഡോളറാണ് അവളെ തേടിയെത്തിയത്! എന്നാൽ, ആഹ്ലാദപ്രകടനങ്ങൾക്കോ ഒന്നും നിൽക്കാതെ, ലഞ്ച് ബ്രേക്ക് അവസാനിക്കാറായെന്നും തനിക്ക് ഇനിയും ജോലി തീർക്കാനുണ്ടെന്നും അവൾ ഓർത്തു. ആരും അമ്പരന്നു പോകുന്ന ആ വലിയ സമ്മാന ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച ശേഷം അവൾ നേരെ തന്റെ ഓഫീസിലേക്ക് മടങ്ങി. ബാക്കി ജോലികൾ കൃത്യമായി പൂർത്തിയാക്കുകയും ചെയ്തു. സമ്മാനം വാങ്ങാനെത്തിയപ്പോൾ വെർജീനിയ ലോട്ടറി അധികൃതരോട് അവൾ തമാശയായി പറഞ്ഞത്, "എനിക്ക് ജോലിക്ക് തിരികെ പോയി യാതൊന്നും സംഭവിക്കാത്തതുപോലെ നടക്കേണ്ടി വന്നു" എന്നാണ്. യുവതി തന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സമ്മാനത്തുക കൈപ്പറ്റാൻ ലോട്ടറി അധികൃതർ രണ്ട് വഴികളാണ് മുന്നോട്ട് വെച്ചത്: 30 വർഷങ്ങളായി വാർഷിക ഗഡുക്കളായി മുഴുവൻ തുകയും സ്വീകരിക്കുക. ഒറ്റത്തവണയായി പണമായി തുക കൈപ്പറ്റുക. ഇതിൽ രണ്ടാമത്തെ വഴിയാണ് യുവതി തിരഞ്ഞെടുത്തത്. നികുതിക്ക് മുൻപായി 952,000 ഡോളറാണ് അവൾ ഒറ്റത്തവണയായി കൈപ്പറ്റിയത്. ലോട്ടറി ടിക്കറ്റ് വിറ്റ കടയുടമയ്ക്കും ഇതോടൊപ്പം പ്രത്യേക ബോണസ് ലഭിച്ചു. എന്നാൽ, സമ്മാനത്തുക ലഭിച്ചതിന് ശേഷം യുവതി ജോലിയിൽ നിന്ന് പിന്മാറിയോ എന്ന കാര്യം വ്യക്തമല്ല.