യാത്രക്കിടയിൽ യുവതി ശിവകുമാറിനോട് ഫോൺ നമ്പർ ചോദിച്ചു വാങ്ങി. തന്റെ കയ്യിൽ പണമില്ലെന്നും അതുകൊണ്ട് ഓട്ടോറിക്ഷാ ചാർജ് ഓൺലൈൻ ആയി അയച്ചു നൽകാനാണെന്നും പറഞ്ഞായിരുന്നു യുവതി നമ്പർ വാങ്ങിയത്.
ഓൺലൈൻ പേയ്മെൻറ് തട്ടിപ്പ് ഇന്ന് ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പ് വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിന്റെ ഗൗരവം വീണ്ടും ഉയർത്തി കാട്ടിക്കൊണ്ട് ബംഗളൂരുവിൽ നിന്നും മറ്റൊരു തട്ടിപ്പ് വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഓൺലൈൻ പണം ഇടപാടിലൂടെ പണം കൈമാറി എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപയാണ് സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായത്.
ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സംഭവം ഇങ്ങനെയാണ്. ശിവകുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും പണം കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ വിളിച്ചു പണം മടക്കി നൽകാമെന്ന് പറയുന്നത്. ഹനുമന്ത്നഗറിലെ പിഇഎസ് കോളേജിന് സമീപം വന്ന് തനിക്ക് പണം നൽകാൻ ശിവകുമാർ അയാളോട് ആവശ്യപ്പെട്ടു. യാദൃച്ഛികം എന്ന് പറയട്ടെ ഈ ഫോൺ സംഭാഷണം സമീപത്തുനിന്ന ഒരു യുവതി കേൾക്കുന്നുണ്ടായിരുന്നു.
ഉടൻതന്നെ അവൾ ശിവകുമാറിനെ സമീപിച്ച് തന്നെ ഹനുമന്ത്നഗറിലെ പിഇഎസ് കോളേജിൽ കൊണ്ടുവിടാമോ എന്ന് ചോദിച്ചു. സുഹൃത്തിനെ കാണാനായി അങ്ങോട്ട് പോകാൻ ഒരുങ്ങി നിന്നിരുന്നതിനാൽ ഒരു ഓട്ടം കൂടി കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ശിവകുമാർ വണ്ടി എടുത്തു. യാത്രക്കിടയിൽ യുവതി ശിവകുമാറിനോട് ഫോൺ നമ്പർ ചോദിച്ചു വാങ്ങി. തന്റെ കയ്യിൽ പണമില്ലെന്നും അതുകൊണ്ട് ഓട്ടോറിക്ഷാ ചാർജ് ഓൺലൈൻ ആയി അയച്ചു നൽകാനാണെന്നും പറഞ്ഞായിരുന്നു യുവതി നമ്പർ വാങ്ങിയത്. ശിവകുമാർ കോളേജിന് സമീപത്തെത്തിയപ്പോൾ അവിടെ പണം കടം വാങ്ങിയ ആൾ പണവുമായി കാത്തുനിൽക്കുണ്ടായിരുന്നു. അദ്ദേഹം യുവതിയുടെ മുൻപിൽ നിന്ന് തന്നെ തനിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി.
അപ്പോഴാണ് യുവതി കോളേജ് ഫീസ് അടയ്ക്കാൻ തനിയ്ക്കു പണം ആവശ്യമുണ്ടെന്നും ആ പണം നൽകുകയാണെങ്കിൽ ഓൺലൈനായി ഇപ്പോൾ തന്നെ പണം ട്രാൻസ്ഫർ ചെയ്തു തരാമെന്നും ശിവകുമാറിനോട് പറഞ്ഞത്. ശിവകുമാർ യുവതിയോട് ആദ്യം ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യണമെന്നും അതിന് ശേഷം പണം നൽകാമെന്നും പറഞ്ഞു. ഉടൻതന്നെ യുവതി ഫോണെടുത്ത് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതായി അഭിനയിച്ചു.
യുവതി തന്നെ പറ്റിച്ചു എന്നറിഞ്ഞ ശിവകുമാർ ഉടൻ തന്നെ പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതിൽനിന്നും അതിവിദഗ്ധമായി ഒഴിഞ്ഞുമാറി അവൾ കോളേജ് ക്യാമ്പസിനുള്ളിൽ കയറി. അവളെ പിന്തുടർന്ന് ശിവകുമാറും കോളേജിനുള്ളിൽ കയറാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. ഒടുവിൽ ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരിക്കുകയാണ് ശിവകുമാർ .
