ഒടുവിൽ സ്വന്തം പണം ബാങ്കിൽ നിന്നും പിൻവലിക്കാൻ കഴിയാതെ വന്നതോടെ അയൽക്കാരിൽ നിന്നും കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയിലേക്ക് മോയോ എത്തുകയായിരുന്നു.

അപ്രതീക്ഷിത സംഭവങ്ങൾ നമ്മെ തേടിയെത്തുന്നത് സാധാരണമാണ്. എന്നാൽ, ആരെങ്കിലും നിങ്ങളോട് നിങ്ങൾ മരിച്ചു പോയി എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു നിമിഷത്തേക്ക് ഒന്ന് അമ്പരക്കും അല്ലേ? എന്നാൽ, കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സ്ത്രീയ്ക്ക് ഒന്നല്ല ഒട്ടനവധി തവണയാണ് താൻ മരിച്ചുപോയി എന്ന് കേൾക്കേണ്ടിവന്നത്. അതുമാത്രമല്ല മരിച്ചുപോയി എന്ന് ചൂണ്ടിക്കാട്ടി അവരുടെ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും തടയപ്പെടുകയും ചെയ്തു.

കിഡർമിൻസ്റ്ററിൽ നിന്നുള്ള 45 -കാരിയായ ‌മസിതോകോസെ മോയോ എന്ന സ്ത്രീക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. ഒരു ദിവസം പെട്ടെന്ന് അവളുടെ ക്രെഡിറ്റ് കാർഡ് പ്രവർത്തനരഹിതമായി. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ നൽകിയ മറുപടി കാർഡ് ഉടമ മരിച്ചുപോയി എന്നായിരുന്നു. തെളിവായി മരണ സർട്ടിഫിക്കറ്റ് നമ്പർ പോലും ജീവനക്കാർ നൽകി. 

ഔദ്യോഗിക രേഖകളിൽ മരിച്ചതായി റെക്കോർഡ് ചെയ്യപ്പെട്ടതോടെ അധികം വൈകാതെ മോയോയുടെ പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. ഒടുവിൽ സ്വന്തം പണം ബാങ്കിൽ നിന്നും പിൻവലിക്കാൻ കഴിയാതെ വന്നതോടെ അയൽക്കാരിൽ നിന്നും കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയിലേക്ക് മോയോ എത്തുകയായിരുന്നു.

യഥാർത്ഥത്തിൽ ഒരു ബാങ്ക് ജീവനക്കാരന്റെ ഭാഗത്തുനിന്നും വന്ന ചെറിയൊരു പിഴവാണ് ഈ പ്രശ്നങ്ങളെല്ലാം വരുത്തിവെച്ചത്. ഫെബ്രുവരി 5 -ന് മൊയോ തൻ്റെ നേരിട്ടുള്ള ഡെബിറ്റ് റദ്ദാക്കാൻ ബാങ്കിനോട് അഭ്യർത്ഥിച്ചിരുന്നു. ആ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ അത് ചെയ്ത ജീവനക്കാരൻ ഡെബിറ്റ് റദ്ദാക്കാനുള്ള കാരണമായി മരണം എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. 

ഈ ക്ലറിക്കൽ പിശക് എല്ലാ ഔദ്യോഗിക രേഖകളിലും അവളെ മരിച്ചതായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു. ഒടുവിൽ താൻ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന തെളിയിക്കാൻ 16 ദിവസത്തോളം വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വന്നു മോയോയ്ക്ക്.

ഇപ്പോൾ തനിക്ക് നേരിടേണ്ടിവന്ന മാനനഷ്ടം, വൈകാരിക ക്ലേശം, മാനസിക പീഡനം എന്നിവ ചൂണ്ടിക്കാട്ടി മൊയോ ഏകദേശം 56 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ബാങ്കിനെതിരെ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, ബാങ്ക് മാപ്പ് പറയുക മാത്രമാണ് ഇതുവരെ ചെയ്‌തത്, നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം