ആൺമക്കളിൽ ആരും തന്നെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും എത്തിയില്ലെന്ന് അയൽവാസികൾ പറഞ്ഞു. ഇതോടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ആരുമില്ലാതായി. അങ്ങനെയാണ് മരണം അറിഞ്ഞ് ഓടിയെത്തിയ നാല് പെൺമക്കളും ചേർന്ന് അമ്മയെ സംസ്കരിക്കാൻ തീരുമാനിച്ചത്.
ആൺമക്കൾ വരാതായതിനെ തുടർന്ന് അമ്മയുടെ അന്ത്യകർമ്മങ്ങൾ സ്വയം ഏറ്റെടുത്ത് നടത്തി നാല് പെണ്മക്കൾ. ഒഡീഷയിലെ പുരിയിലാണ് സംഭവം. അമ്മയുടെ മൃതദേഹം ചുമലിലേറ്റി നാല് കിലോമീറ്റർ നടന്നാണ് അവർ ശ്മശാനത്തിലെത്തിയത്. തുടർന്ന്, അമ്മയുടെ അന്ത്യകർമ്മങ്ങൾ എല്ലാം തന്നെ അവർ നിർവ്വഹിക്കുകയായിരുന്നു. മംഗളഘട്ടിലെ നിവാസിയായ എൺപതുകാരി ജാതി നായക് ഞായറാഴ്ചയാണ് അന്തരിച്ചത്.
അവർക്ക് രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ഉള്ളത്. അവരുടെ പെൺമക്കൾ വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരോടൊപ്പം പലയിടത്താണ് താമസം. ആൺമക്കളാകട്ടെ അമ്മയെ വിട്ട് കുടുംബത്തോടൊപ്പം വെവ്വേറെയാണ് താമസിക്കുന്നത്. മക്കളാരും അടുത്തില്ലാതെ, അവർ തനിച്ചാണ് താമസിച്ചിരുന്നത്. ഒടുവിൽ അവർ മരിച്ചപ്പോൾ ആണ്മക്കളോട് അയൽക്കാർ മരണവിവരം അറിയിച്ചു. എന്നാൽ അവരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. മാത്രമല്ല, ആൺമക്കളിൽ ആരും തന്നെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും എത്തിയില്ലെന്ന് അയൽവാസികൾ പറഞ്ഞു. ഇതോടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ആരുമില്ലാതായി. അങ്ങനെയാണ് മരണം അറിഞ്ഞ് ഓടിയെത്തിയ നാല് പെൺമക്കളും ചേർന്ന് അമ്മയെ സംസ്കരിക്കാൻ തീരുമാനിച്ചത്. പെൺമക്കൾ അമ്മയുടെ മൃതദേഹം വീടിന് പുറത്ത് കൊണ്ടുവന്നു. അയൽവാസികളുടെ സഹായത്തോടെ മൃതദേഹം കിടത്താനായി ഒരു ശവമഞ്ചം തയ്യാറാക്കി. തുടർന്ന് അവർ അമ്മയുടെ മൃതദേഹം തോളിലേറ്റി നാല് കിലോമീറ്റർ നടന്ന് ശ്മശാനസ്ഥലത്ത് എത്തി, അന്ത്യകർമങ്ങൾ പൂർത്തിയാക്കി.
'നീ എന്റെ മൂത്ത മകനാണ്, എന്റെ രണ്ട് മക്കളിൽ ആരും തന്നെ എന്നെ തിരിഞ്ഞ് നോക്കുന്നില്ല. വർഷങ്ങളായി അവർ എന്നെ ഒന്ന് വന്ന് കണ്ടിട്ട്' ജാതി നായക്കിന്റെ മരുമകന്മാരിൽ ഒരാൾ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മായിയമ്മയെ സന്ദർശിച്ചപ്പോൾ അവർ വേദനയോടെ പറഞ്ഞതാണ് ഇത്. സഹോദരന്മാർ അമ്മയെ കാണാൻ വന്നിട്ട് പത്തുവർഷം കഴിഞ്ഞെന്ന് പെണ്മക്കൾ പറയുന്നു. "അവർ ഒരിക്കലും അമ്മയുടെ കൂടെ നിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഈ വർഷങ്ങളിൽ, ഒരിക്കൽ പോലും, അമ്മയ്ക്ക് സുഖമാണോ എന്ന് പോലും അവർ രണ്ടാളും അന്വേഷിച്ചിട്ടില്ല. മുമ്പ് ഒരു പ്രാവശ്യം അമ്മയ്ക്ക് തീരെ വയ്യാതായ സന്ദർഭമുണ്ടായി. ഞങ്ങൾക്ക് അമ്മയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. എന്നാൽ അപ്പോൾ പോലും, ഞങ്ങളുടെ സഹോദരങ്ങൾ അമ്മയെ കാണാൻ വന്നില്ല” പെൺമക്കളിൽ ഒരാൾ പറഞ്ഞു.
സാധാരണയായി ഹിന്ദു ആചാരപ്രകാരം മൃതദേഹം ചുമക്കുന്നതിനോ, അല്ലെങ്കിൽ ചിത ഒരുക്കുന്നതിനോ സ്ത്രീകൾക്ക് അവകാശമില്ല. എന്നാൽ, നൂറ്റാണ്ടുകളുടെ ആ പാരമ്പര്യത്തിന് ഇപ്പോൾ മാറ്റങ്ങൾ വരികയാണ്. മുൻപ് ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവ് രാജ് കൗശൽ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളിൽ മന്ദിര പങ്കാളിയാവുകയുണ്ടായി.
