ബൽറാംപൂർ ജില്ലാ കളക്ടർ കുന്ദൻ കുമാർ വനിതാ ആരോഗ്യ പ്രവർത്തകരായ ഹൽമിയുടെയും സുചിത സിംഗിന്റെയും പ്രവർത്തനത്തെ അഭിനന്ദിച്ചു.

ഇന്ത്യയിലെ പല വിദൂരപ്രദേശങ്ങളിലും ഇപ്പോഴും ആരോ​ഗ്യസംവിധാനങ്ങൾ വളരെ മോശം അവസ്ഥയിലാണ്. അങ്ങനെയൊരിടത്തേക്ക് കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്യുകയാണ് രണ്ട് വനിതാ ആരോ​ഗ്യപ്രവർത്തകർ. ബൽറാംപൂർ ജില്ലയിലെ ഗോത്രവർഗക്കാർ കൂടുതലായി താമസിക്കുന്ന ജൽവാസ ഗ്രാമത്തിലെ (Jhalwasa village) ആളുകളെ പരിശോധിക്കുന്നതിനായിരുന്നു ഇവരുടെ യാത്ര. ചെങ്കുത്തായ ഭൂപ്രദേശങ്ങളിലൂടെയും മലയോര വനങ്ങളിലൂടെയും 10 കിലോമീറ്റർ ട്രെക്കിംഗ് നടത്തിയിട്ടാണ് ഈ രണ്ട് വനിതാ ആരോഗ്യ പ്രവർത്തകരും അവിടെ എത്തിച്ചേരുന്നത്. 

ബൽറാംപൂരി (Balrampur) -ലെ നിബിഡവനങ്ങളിൽ സ്ഥിതി ചെയ്യുന്ന ആദിവാസികളേറെയും താമസിക്കുന്ന ഗ്രാമങ്ങളിൽ ജില്ലാ ഭരണകൂടം ആരോഗ്യ ക്യാമ്പുകൾ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്ത സംഘമാണ് ക്യാമ്പുകൾ നടത്തുന്നത്. സബാഗ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ജൽവാസയിലെത്താൻ 10 കിലോമീറ്ററോളം വരുന്ന മലമ്പ്രദേശവും വനപാതയും കടന്നുപോകണം. ഇരുപത്തിയെട്ടോളം വീടുകളാണ് ഇവിടെയുള്ളത്. അതിൽ തന്നെയും ഇരുപതോളം വീടുകളിൽ പ്രത്യേക പിന്നോക്ക ഗോത്രങ്ങളിൽ നിന്നുള്ളവരാണ്.

വനിതാ ആരോഗ്യ പ്രവർത്തകരായ ഹൽമി ടിർക്കി, സുചിത സിങ് എന്നിവരാണ് സംഘത്തിലുള്ളത്. “ഞാൻ സബാഗ് ഹെൽത്ത് സെന്ററിൽ നിന്നുള്ള എഎൻഎം (Auxiliary nurse midwife) ആണ്. കുന്നുകളും കാടുകളും താണ്ടിയിട്ടാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഏകദേശം 10 കിലോമീറ്റർ നടന്നു. ഞങ്ങൾ ഇവിടെ ഹെൽത്ത് ക്യാമ്പ് നടത്തുന്നുണ്ട്. ഗ്രാമവാസികളെ പരിശോധിക്കാനാണ് ഞങ്ങൾ ഇവിടെ വരുന്നത്” എഎൻഎമ്മായ ഹൽമി ടിർക്കി എഎൻഐയോട് പറഞ്ഞു.

Scroll to load tweet…

ബൽറാംപൂർ ജില്ലാ കളക്ടർ കുന്ദൻ കുമാർ വനിതാ ആരോഗ്യ പ്രവർത്തകരായ ഹൽമിയുടെയും സുചിത സിംഗിന്റെയും പ്രവർത്തനത്തെ അഭിനന്ദിച്ചു. “അവിടെ വളരെ വിദൂരത്തായി ഒരു ജൽവാസ ഗ്രാമമുണ്ട്. 10 കിലോമീറ്റർ ദൂരത്താണ് ഇത്. ഞങ്ങളുടെ ടീം ഇന്നലെ അവിടെ പോയി. രണ്ട് എഎൻഎംമാർ- ഹാൽമിയും സുചിത സിംഗും അവിടെ എത്തി ആളുകളെ പരിശോധിച്ചു. അതിനായി ഒരുപാട് അധ്വാനിച്ചു. ഞങ്ങൾ അത്തരം നിരവധി ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്” കുമാർ എഎൻഐയോട് പറഞ്ഞു.

“നിരവധി ഗ്രാമങ്ങളിൽ ഹെൽത്ത് കെയർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. അങ്കണവാടി ജീവനക്കാർ വലിയ വനങ്ങളിലേക്കാണ് ആളുകളെ ചികിത്സിക്കാനായി പോകുന്നത്. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, മൊത്തത്തിലുള്ള ആരോഗ്യസ്ഥിതികൾ എന്നിവ ഇവർ കൃത്യമായി പരിശോധിക്കുന്നു” എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.