Asianet News MalayalamAsianet News Malayalam

'അയാള്‍ക്ക് കിടപ്പറയില്‍ എന്നെ വേണം, കുട്ടികള്‍ തലവേദനയും'; ക്രൂര പീഡനത്തിന്‍റെ ആ നാളുകളേക്കുറിച്ച് തുറന്നുപറഞ്ഞ് ഈ വനിത

വീണ്ടുമൊരു വിവാഹത്തിന് അമ്മ തയ്യാറെടുത്തത് സമുദായത്തിലുള്ളവര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ അമ്മയെ വേട്ടയാടാന്‍ തുടങ്ങി. 

women lost family sibling in tragic events, suffered abusive married life and divorced now turned as a model of surviving
Author
Mumbai, First Published Jul 8, 2019, 7:34 PM IST

മുംബൈ:അയാള്‍ക്ക് എന്നെ കിടപ്പറയില്‍ ആവശ്യമായിരുന്നു, പക്ഷേ കുട്ടികള്‍ അയാള്‍ക്ക് ശല്യമായിരുന്നു. മൂന്നുകുട്ടികള്‍ പിറന്ന ശേഷം വളരെ നിസ്സാരമായാണ് അയാള്‍ എന്നെ തലാഖ് ചൊല്ലിയത്. കുട്ടികളെയുമെടുത്ത് തെരുവിലേക്കിറങ്ങുമ്പോള്‍ മാന്യമായി ജീവിക്കണം കുട്ടികളെ വളര്‍ത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. കടന്നുവന്ന അതിജീവനത്തിന്‍റെ പാതകളെക്കുറിച്ച് അല്‍പം വിഷമത്തോടെയല്ലാതെ പറയാന്‍ സാധിക്കില്ല ഷിരീന്‍ എന്ന ഈ മുംബൈ സ്വദേശിക്ക്. 

യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തിലായിരുന്നു ഷിരീന്‍ ജനിച്ചത്. നിരന്തരം കലഹിച്ചുകൊണ്ടിരുന്ന മാതാപിതാക്കള്‍ ഷിരീന് 11 വയസ് പ്രായമുള്ളപ്പോഴാണ് വിവാഹമോചിതരാവുന്നത്. വീണ്ടുമൊരു വിവാഹത്തിന് അമ്മ തയ്യാറെടുത്തത് സമുദായത്തിലുള്ളവര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ അമ്മയെ വേട്ടയാടാന്‍ തുടങ്ങി. അമ്മയെ സമൂഹമധ്യത്തില്‍ അപമാനിക്കാനും അമ്മയ്ക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ചും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമുദായം ശ്രമിച്ചു. എന്നാല്‍ അമ്മ തളരാന്‍ തയ്യാറായിരുന്നില്ല.

Image may contain: 3 people, people standing

പക്ഷേ ഒരു ദിവസം എന്‍റെ സഹോദരനുമൊന്നിച്ച് വീടിന് പുറത്തുപോയ അമ്മയെ അവരെല്ലാം ചേര്‍ന്ന് ആക്രമിച്ചു. സഹോദരനെപ്പോലും അവര്‍ വെറുതെ വിടാന്‍ തയ്യാറായില്ല. ആ സംഭവം അമ്മയ്ക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അന്ന് രാത്രി അവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.

പിന്നീട് പിതാവിന്‍റെ സംരക്ഷണയിലായ ഷിറീനും സഹോദരിയും വളര്‍ന്നത്. ഏറെ താമസിയാതെ തന്നെ പിതാവ് ഇവരെ രണ്ടുപേരെയും വിവാഹം ചെയ്തയച്ചു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും സഹിച്ചുനില്‍ക്കാന്‍ ഷിരീന് സാധിച്ചിരുന്നു. എന്നാല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഇരട്ട സഹോദരിയെ ഭര്‍ത്തൃവീട്ടുകാര്‍ വിഷം കൊടുത്ത് കൊന്നത് ഷിരീന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഷിരീന്‍റെ വീട്ടിലും സാഹചര്യങ്ങള്‍ മോശമായി മാറുകയായിരുന്നു ആ സമയം. 

അയാള്‍ക്ക് എന്നെ കിടപ്പറയില്‍ വേണം എന്നാല്‍ മക്കളെ അയാള്‍ക്ക് വെറുപ്പായിരുന്നു. കലഹം പതിവായി. മൂന്നാമതും കുട്ടിയുണ്ടായതോടെ ഷിരീനെ ഭര്‍ത്താവ് തലാഖ് ചൊല്ലി, വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. മൂന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഒരു തട്ടുകടയില്‍ ബിരിയാണി കച്ചവടം തുടങ്ങി ഷിരീന്‍. എന്നാല്‍ അനുമതി കൂടാതെയുള്ള കച്ചവടമായതിനാല്‍ കട കോര്‍പ്പറേഷന്‍ അധികൃതര്‍ ഒഴിപ്പിച്ചു. ജീവിതം വഴിമുട്ടിയപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയത്. 

അവിടെയും സ്ത്രീയെന്ന പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നു ഷിരീന്. യാത്രക്കാരില്‍ നിന്ന് കൂലി വാങ്ങുമ്പോള്‍ മറ്റ് ഡ്രൈവര്‍മാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും പരസ്യമായി അപമാനിക്കാനും ശ്രമിച്ചെങ്കിലും ഷിരീന്‍ തളര്‍ന്നില്ല. മൂന്നുകുട്ടികളുടെ ജീവിതം മുന്നിലുണ്ടായിരുന്ന ഷിരീന്‍ പക്ഷേ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് എതിര്‍പ്പുകള്‍ കുറഞ്ഞുവന്നു.

Image may contain: 4 people, selfie and close-up

ഓട്ടോയില്‍ കയറുന്നവര്‍ ഭയ്യാ എന്ന് തന്നെ വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ചില യാത്രക്കാര്‍ അഭിനന്ദിക്കാറുണ്ട്,  മറ്റ് ചിലര്‍ ആശ്ലേഷിക്കും. പക്ഷേ ഓട്ടോ ഓടിച്ച് ഒരിക്കല്‍ കൈവിട്ടുപോയ ജീവിതത്തെ ഒരു ട്രാക്കില്‍ എത്തിക്കാന്‍ ഷിരീന് സാധിച്ചു. മക്കള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കാന്‍ സാധിച്ചുവെന്ന് പറയുമ്പോള്‍ ഷിരീന്‍റെ കണ്ണുകളില്‍ തെളിയുന്നത് അഭിമാനമാണ്. പ്രതിസന്ധികളില്‍ വീണുപോകാതെ പടപൊരുതി ജീവിതം തിരികെ പിടിച്ചതിന്‍റെ അഭിമാനം. 

ഹ്യൂമന്‍സ് ഓഫ് മുംബൈയാണ് ഷിരീന്‍റെ അതിജീവനത്തിന്‍റെ കഥ പുറത്തെത്തിച്ചത്.

 

Follow Us:
Download App:
  • android
  • ios