തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കോണിപ്പടിയിലൂടെ താഴേക്ക് എറിയുന്നതുപോലെയും വാഷിങ് മെഷീനിൽ വെക്കുന്നതുപോലെയുമുള്ള ദൃശ്യങ്ങളാണ് വിചിത്രമായ ഈ ട്രെൻഡിന്റെ ഭാഗമായി ചില സ്ത്രീകൾ പോസ്റ്റ് ചെയ്തത്.

മസാച്ചുസെറ്റ്സിൽ മക്കളെ കൊന്നതിന് വിചാരണ നേരിടുന്ന ലിൻസി ക്ലാൻസിയെ കുറിച്ചുള്ള വാർത്തകൾ ചർച്ചയാവുന്നതിനിടെ, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി അഭിനയിച്ച് ടിക്ടോക്കിൽ വീഡിയോകൾ പങ്കുവയ്ക്കുന്ന പുതിയ ട്രെൻഡിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കോണിപ്പടിയിലൂടെ താഴേക്ക് എറിയുന്നതുപോലെയും വാഷിങ് മെഷീനിൽ വെക്കുന്നതുപോലെയുമുള്ള ദൃശ്യങ്ങളാണ് വിചിത്രമായ ഈ ട്രെൻഡിന്റെ ഭാഗമായി ചില സ്ത്രീകൾ പോസ്റ്റ് ചെയ്തത്.

തങ്ങളുടെ കുട്ടികളെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഈ ദൃശ്യങ്ങളെല്ലാം കളക്ട് ചെയ്ത് ഒരു എക്സ് യൂസർ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. ശ്രദ്ധ നേടാനും ലൈക്കുകൾക്കുമായി സ്വന്തം കുഞ്ഞുങ്ങളെ തന്നെ ഉപയോഗിക്കുന്ന ഈ പ്രവണത അങ്ങേയറ്റം അനാരോഗ്യകരമാണെന്നും, ഇതൊരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ തകർച്ചയാണ് കാണിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നു. 'ഇത് തികച്ചും അപലപനീയമാണ്' എന്നാണ് സംഭവത്തെക്കുറിച്ച് നെറ്റിസൻമാർ പ്രതികരിച്ചത്.

എന്താണ് ലിൻസി ക്ലാൻസി കേസ്?

2023 ജനുവരി 24 -നാണ് മസാച്യുസെറ്റ്സിലെ ഡക്സ്ബറിയിൽ വെച്ച് ലിൻസി ക്ലാൻസി എന്ന 35 -കാരി തന്റെ മൂന്ന് മക്കളായ കോറ (5), ഡോവ്സൺ (3), എട്ട് മാസം പ്രായമുള്ള കലെൻ എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ലിൻസി മനഃപൂർവമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കടുത്ത പോസ്റ്റ്‍പാർട്ടം ഡിപ്രഷനും മറ്റും കാരണമുണ്ടായ മാനസിക പ്രശ്നങ്ങളിലാണ് കൃത്യം നടത്തിയതെന്നും, കുറ്റക്കാരിയല്ലെന്നുമാണ് ലിൻസിയുടെ അഭിഭാഷകരുടെ വാദം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് ലിൻസിക്ക് ലഭിക്കുക.

വിചാരണ വേളയിൽ ലിൻസിക്ക് പിന്തുണയുമായി മുമ്പും ചിലർ രംഗത്തെത്തിയിരുന്നു. പോസ്റ്റ്‍പാർട്ടം ഡിപ്രഷനെ കുറിച്ചുള്ള ലിൻസിയുടെ കുറിപ്പുകൾ പങ്കുവെച്ച് അവർക്ക് പിന്തുണയറിയിച്ചുള്ള വീഡിയോകളും ഇതിനുമുമ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് പോലെ കാണിച്ച് പുതിയ ടിക്ടോക് ട്രെൻഡും ചർച്ചയായിരിക്കയാണ്.