താലിബാൻ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ, 1996 മുതൽ 2001 വരെ, സ്ത്രീകൾക്ക് വീടിന് പുറത്ത് ജോലി ചെയ്യാനോ പുരുഷന്മാർക്കൊപ്പമല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ പോലും വിലക്കുണ്ടായിരുന്നു. 

താലിബാൻ അവസാനമായി അധികാരത്തിലിരുന്നപ്പോൾ, അഫ്ഗാൻ സ്ത്രീകൾക്ക് പൊതുവെ വീടുവിട്ട് പുറത്ത് പോകാൻ അനുവാദമുണ്ടായിരുന്നില്ല. മർദ്ദിക്കപ്പെടാനോ, പീഡിപ്പിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവരായിരുന്നു അവിടെ സ്ത്രീകള്‍. എന്നാല്‍, ഇത്തവണ താലിബാന്‍ അധികാരത്തിലേറിയിരിക്കുന്നത് പുതിയ ചില വാഗ്ദ്ധാനങ്ങളൊക്കെ നല്‍കിക്കൊണ്ടാണ്. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കും, പഠിക്കാന്‍ അനുവദിക്കും എന്നൊക്കെയാണ് താലിബാന്‍ പറയുന്നത്. 

എന്നാൽ, താലിബാന്‍ അധികാരം കയ്യടക്കിയ ശേഷം ആദ്യമെത്തുന്ന സൂചനകൾ അത്ര ആശാവഹമല്ല. ചൊവ്വാഴ്ച താലിബാൻ വക്താവ് നടത്തിയ പ്രസ്താവന തന്നെ അതിനുദാഹരണം. കുറഞ്ഞത് ഇപ്പോൾ എങ്കിലും സ്ത്രീകൾ വീട്ടിൽ തന്നെ തുടരണമെന്നാണ് വക്താവ് പറയുന്നത്. കാരണമായി പറയുന്നത് വേറെയൊന്നുമല്ല, താലിബാനില്‍ ചിലർക്ക് ഇപ്പോഴും സ്ത്രീകളെ ഉപദ്രവിക്കാതിരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലത്രെ. 

സ്ത്രീകളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ചുള്ള ഈ നയത്തെ കുറിച്ച് താലിബാൻ വക്താവ് വിശദീകരണം നൽകുന്നുണ്ട്. താലിബാൻ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു 'താൽക്കാലിക നയ'മാണ് ഇത് എന്നാണ് വക്താവ് സബീഹുല്ല മുജാഹിദ് പറയുന്നത്. 'നമ്മുടെ സൈന്യം പുതുതാണ്. സ്ത്രീകളോട് എങ്ങനെ നന്നായി പെറുമാറാം എന്ന് അവരിതുവരെ നന്നായി പരിശീലിച്ചിട്ടില്ല. നമ്മുടെ സൈന്യത്താല്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ട് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല' എന്നായിരുന്നു ഇയാളുടെ വിശദീകരണം. 

പുതിയൊരു പ്രവര്‍ത്തനരീതി ഉണ്ടായി വരുന്നതുവരെ സ്ത്രീകള്‍ വീട്ടിനകത്തിരിക്കട്ടെ. വീട്ടില്‍ അവര്‍ക്ക് ശമ്പളം നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. മുജാഹിദിന്റെ പ്രസ്താവന താലിബാന്റെ സാംസ്കാരിക കാര്യ സമിതി ഡെപ്യൂട്ടി അഹ്മദുല്ല വസേക്കിന്റെ അഭിപ്രായങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ്. ഈ ആഴ്ച ന്യൂയോർക്ക് ടൈംസിനോട് വസേക്ക് പറഞ്ഞത്, ജോലി ചെയ്യുന്ന സ്ത്രീകളുമായി താലിബാന് പ്രശ്നമില്ല. പക്ഷേ, ഇപ്പോൾ, സാഹചര്യം സാധാരണമാകുന്നതുവരെ വീട്ടിൽ തുടരാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നു. ഇപ്പോൾ ഇതൊരു സൈനിക സാഹചര്യമാണ് എന്നും വസേക്ക് പറയുകയുണ്ടായി. 

താലിബാൻ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ, 1996 മുതൽ 2001 വരെ, സ്ത്രീകൾക്ക് വീടിന് പുറത്ത് ജോലി ചെയ്യാനോ പുരുഷന്മാർക്കൊപ്പമല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ പോലും വിലക്കുണ്ടായിരുന്നു. അവർക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല, അവർ സദാചാര നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ പരസ്യമായി ചാട്ടവാറടി നേരിടേണ്ടിവന്നിരുന്നു. 

സ്ത്രീകളുടെ ജീവിതത്തിലെ നിയന്ത്രണങ്ങൾ ഒരു താൽക്കാലിക ആവശ്യമാണെന്ന വാദം അഫ്ഗാൻ സ്ത്രീകൾക്ക് പുതിയതല്ല. താലിബാൻ കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ചപ്പോൾ സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ വനിതാ അവകാശങ്ങളുടെ അസോസിയേറ്റ് ഡയറക്ടർ ഹീതർ ബാർ പറഞ്ഞു. 

'സുരക്ഷ നല്ലതല്ലെന്നായിരുന്നു വിശദീകരണം, സുരക്ഷ മെച്ചപ്പെടാൻ അവർ കാത്തിരിക്കുകയായിരുന്നു. അങ്ങനെ സുരക്ഷ ഉറപ്പായ നിമിഷം വന്നാൽ അപ്പോൾ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ, തീർച്ചയായും അവർ അധികാരത്തിലിരുന്ന ആ വർഷങ്ങളിൽ 'ആ നിമിഷം' എത്തിയിട്ടില്ല. എന്നാല്‍, ഇന്ന് ഇത് കേള്‍ക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍ ആ സമയം വരുമെന്ന് വിശ്വസിക്കില്ലെന്ന് എനിക്ക് പറയാനാവും' എന്നും ബാര്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച വരെ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ മുതിർന്ന സീനിയര്‍ ക്രൈസിസ് ഉപദേഷ്ടാവ് ബ്രയാൻ കാസ്റ്റ്നർ പറഞ്ഞത്, 'താലിബാൻ സ്ത്രീകളോട് നന്നായി പെരുമാറാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവരുടെ സൈന്യത്തെ വീണ്ടും പരിശീലിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. അങ്ങനെയൊരു ചിന്ത അവർക്കുണ്ടായിരുന്നു എങ്കിൽ 25 വർഷമായി താലിബാനെപ്പോലെ ഒരു പ്രസ്ഥാനം നിങ്ങൾക്കുണ്ടാകില്ല' എന്നാണ്. 

ഇതോ വേറേതെങ്കിലും വാക്കുകളോ പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നതിന്‍റെ ഒരു സൂചനയും ലഭിക്കുന്നില്ല. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചവരെ ലക്ഷ്യം വയ്ക്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്. പക്ഷേ, താലിബാന്‍കാര്‍ അങ്ങനെ പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങളുമായി ഓരോ വീടും കയറിയിറങ്ങുകയാണ്. ഇത്തരം വാക് കസറത്തുകള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്നത് മറച്ച് വയ്ക്കാനുള്ള വെറും തന്ത്രം മാത്രമാണ്. ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങുന്നത് അവര്‍ ആവേശത്തിന്‍റെ പുറത്ത് ചെയ്യുന്നതല്ല. കൃത്യമായും സംഘടിതമായും ചെയ്യുന്ന പ്രവൃത്തി തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. 

താലിബാന്‍ നിയന്ത്രണം കുറഞ്ഞ ചില കാബൂള്‍ നഗരങ്ങളില്‍ ബുധനാഴ്ച സ്ത്രീകള്‍ സാധാരണ വസ്ത്രങ്ങളില്‍ പുറത്തിറങ്ങിയെന്ന് താമസക്കാര്‍ പറയുന്നു. എന്നാല്‍, താലിബാന്‍ നിയന്ത്രണം കടുത്ത സ്ഥലങ്ങളില്‍ സ്ത്രീകളെ അത്ര പുറത്ത് കാണാനില്ലായിരുന്നു. ഇറങ്ങിയവര്‍ തന്നെയും ബുര്‍ഖ ധരിച്ചിരുന്നു. 

ആഗോള ശ്രദ്ധ ഉള്ളിടത്തോളം കാലം താലിബാന്‍ നേതാക്കള്‍ ഇത്തരം ചില പ്രസ്താവനകളൊക്കെ നടത്തി എന്താണ് സംഭവിക്കുന്നത് എന്നത് മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, അവരെല്ലാം പോയിക്കഴിഞ്ഞാല്‍ അവരത് പാലിക്കുകയില്ല എന്ന് തന്നെയാണ് താന്‍ സംസാരിച്ച അഫ്ഗാന്‍ സ്ത്രീകളും പറഞ്ഞത് എന്നും ബാര്‍ പറയുന്നു.