Asianet News MalayalamAsianet News Malayalam

Wooden chair : 500 രൂപയ്ക്ക് വാങ്ങിയ കസേരയ്ക്ക് പിന്നിലൊളിച്ചിരുന്ന രഹസ്യം, ഒടുവിൽ വിറ്റത് 16 ലക്ഷം രൂപയ്ക്ക്

വിയന്ന വിഘടന പ്രസ്ഥാനത്തിന്റെ കലാപരമായ നേട്ടങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ് ഈ കസേര. 1903 -ൽ 'ദാസ് ഇന്റീരിയർ' എന്ന മാഗസിൻ ഈ കസേര ഉൾപ്പെടെ പുതിയ ഡിസൈനുകളുടെ ഒരു മുഴുവൻ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. 

wooden chair bought for 500 sells for 16 lakhs
Author
UK, First Published Jan 28, 2022, 12:58 PM IST

ചിലപ്പോൾ നമ്മൾ ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരിക്കും ഭാഗ്യം കടാക്ഷിക്കുക. യുകെയിൽ നിന്നുള്ള ഒരു സ്ത്രീയുടെ അനുഭവം അതിനൊരു ഉദാഹരണമാണ്. സെക്കൻഡ്ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും വെറും തുച്ഛമായ തുകയ്ക്ക് അവർ വാങ്ങിയ ഒരു മരക്കസേര(Wooden chair) ഇപ്പോൾ ലക്ഷങ്ങൾക്ക് വിറ്റുപോയിരിക്കുകയാണ്. അന്നവർ അത് 5 പൗണ്ട് കൊടുത്താണ് വാങ്ങിയത്. അതായത് നമ്മുടെ 500 രൂപ. ഇന്ന് അത് വിറ്റ് പോയതാകട്ടെ 16.4 ലക്ഷം രൂപയ്ക്കും.

യുകെയിലെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലുള്ള ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ, വാങ്ങുമ്പോൾ അതിന് വിലയേറിയ ഡിസൈനുള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന ഒരു അടുത്ത ബന്ധു കസേരയിൽ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാൻ ഇടയായി. ഇത് കണ്ട അയാൾക്ക് കസേരയിൽ താൽപ്പര്യം തോന്നി, അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഒടുവിൽ യുവതി ഒരു മൂല്യനിർണ്ണയക്കാരനുമായി ബന്ധപ്പെട്ടപ്പോൾ, കസേര ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്റ്-ഗാർഡ് ആർട്ട് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.

പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ കൊലോമാൻ മോസർ 1902 -ൽ രൂപകല്പന ചെയ്തതാണ് ഈ കസേര. വിയന്ന സെസെഷൻ പ്രസ്ഥാനത്തിലെ മുൻനിര കലാകാരന്മാരിൽ ഒരാളായിരുന്നു മോസർ. 18 -ാം നൂറ്റാണ്ടിലെ പരമ്പരാഗത ലാഡർബാക്ക് കസേരയുടെ ആധുനിക പുനർവ്യാഖ്യാനമാണ് ഈ കസേര. ഇതിന്റെ മൂല്യം തിരിച്ചറിഞ്ഞതോടെ അവർ ഇത് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ എസെക്സിലെ സ്റ്റാൻസ്റ്റഡ് മൗണ്ട്ഫിച്ചറ്റിലെ സ്വോർഡേഴ്സ് ഓക്ഷണേഴ്‌സിൽ ലേലത്തിന് വെച്ചു. ഇത് ഒരു ഓസ്ട്രിയക്കാരൻ പതിനാറ് ലക്ഷത്തിന് വാങ്ങി.

“വിപണന വിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്, മാത്രമല്ല ഇത് ഓസ്ട്രിയയിലേക്ക് മടങ്ങുമെന്ന് അറിയുന്നതിൽ പ്രത്യേകിച്ചും സന്തോഷമുണ്ട്" ഈ കസേരയുടെ മൂല്യം തിരിച്ചറിഞ്ഞ സ്വോർഡേഴ്‌സിലെ വിദഗ്ധൻ ജോൺ ബ്ലാക്ക് പറഞ്ഞു. വിറ്റവരും ആവേശഭരിതയായി എന്നദ്ദേഹം പറയുന്നു. "അവർ ഇതിനെ കുറിച്ച് ഗവേഷണം നടത്തിയിരുന്നുവെങ്കിലും, അത് എത്രത്തോളം ശരിയാണെന്ന് അറിയില്ലായിരുന്നു. അതിനാൽ വിയന്ന സെസെഷൻ പ്രസ്ഥാനത്തിന്റെ സ്പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റ്യൻ വിറ്റ്-ഡി റിംഗിനോട് ഞങ്ങൾ സംസാരിക്കാൻ തീരുമാനിച്ചു. അദ്ദേഹം ഇത് കണ്ടപ്പോൾ തന്നെ അതിന്റെ ആധികാരികത ശരിവയ്ക്കുകയും ചെയ്തു. 120 വർഷങ്ങൾക്ക് ശേഷവും ഇത് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടതിനെ അദ്ദേഹം പ്രശംസിച്ചു" ബ്ലാക്ക് കൂട്ടിച്ചേർത്തു.

വിയന്ന വിഘടന പ്രസ്ഥാനത്തിന്റെ കലാപരമായ നേട്ടങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ് ഈ കസേര. 1903 -ൽ 'ദാസ് ഇന്റീരിയർ' എന്ന മാഗസിൻ ഈ കസേര ഉൾപ്പെടെ പുതിയ ഡിസൈനുകളുടെ ഒരു മുഴുവൻ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, 1904 -ൽ യുകെയിലെ പ്രശസ്തമായ പ്രസിദ്ധീകരണമായ ദി സ്റ്റുഡിയോയിൽ ആധുനിക ഓസ്ട്രിയൻ വിക്കർ ഫർണിച്ചറുകളെ കുറിച്ച് പരാമർശിക്കുന്ന ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു.  

Follow Us:
Download App:
  • android
  • ios