ആറര മണിക്കൂർ കൊണ്ട് 19 ഓർഡറുകളാണ് കവൽ വിജയകരമായി ഡെലിവറി ചെയ്തത്. ഓർഡറുകൾക്കായി മാത്രം (തിരിച്ചുപോയ ദൂരം കണക്കാക്കാതെ) ഏകദേശം 51 കിലോമീറ്ററാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്.

പഠനത്തോടൊപ്പം സ്വന്തം ചെലവുകൾ കണ്ടെത്താൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിൽ പാർട്ട് ടൈം ജോലിക്കിറങ്ങിയ നിയമവിദ്യാർത്ഥിയുടെ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എൽ.എൽ.ബി വിദ്യാർത്ഥിയായ കവൽ ദേശായിയാണ് തൻ്റെ ആദ്യ ദിവസത്തെ ഡെലിവറി അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചൊവ്വാഴ്ചയാണ് കവൽ ഡെലിവറി ജോലി ആരംഭിച്ചത്. സ്വന്തം സ്കൂട്ടറിൽ ആറര മണിക്കൂറോളം ജോലി ചെയ്ത കവൽ ഇൻസെന്റീവുകളും ബോണസും ഉൾപ്പടെ 508 രൂപയാണ് നേടിയത്. യാത്ര ചെയ്യാൻ താൽപ്പര്യമുള്ളതിനാൽ ബ്ലിങ്കിറ്റിലെ ഈ ജോലി ഏറെ ആസ്വദിച്ചതായി യുവാവ് പറഞ്ഞു.

ആറര മണിക്കൂർ കൊണ്ട് 19 ഓർഡറുകളാണ് കവൽ വിജയകരമായി ഡെലിവറി ചെയ്തത്. ഓർഡറുകൾക്കായി മാത്രം (തിരിച്ചുപോയ ദൂരം കണക്കാക്കാതെ) ഏകദേശം 51 കിലോമീറ്ററാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്. 75 രൂപയുടെ ഇൻസെന്റീവും ടാർഗെറ്റ് തികച്ചതിനുള്ള 100 രൂപ ബോണസും ഉൾപ്പടെ ആകെ 508 രൂപയാണ് വരുമാനമായി ലഭിച്ചത്.

ഇലക്ട്രിക് സ്കൂട്ടർ വീട്ടിൽ വെച്ച് ചാർജ് ചെയ്തതിനാൽ ഇന്ധനച്ചെലവുകൾ ഒന്നും തന്നെ വന്നില്ലെന്നും, അതിനാൽ ലഭിച്ച തുക മുഴുവൻ ലാഭമാണെന്നും കവൽ വ്യക്തമാക്കി. പഠിക്കാനുള്ള സമയം കണ്ടെത്താനും സ്കൂട്ടറിന്റെ ബാറ്ററി തീരാറായതും കാരണമാണ് ആദ്യദിവസം ജോലി നേരത്തെ അവസാനിപ്പിച്ചത് എന്നും യുവാവ് പറയുന്നു. ഇതുപോലുള്ള ​ഗിഗ് ജോലികൾ തങ്ങളെപ്പോലുള്ള വിദ്യാർത്ഥികൾക്ക് വലിയൊരു അനുഗ്രഹമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.

Scroll to load tweet…

കവലിന്റെ കുറിപ്പ് വൈറലായതോടെ നിരവധിപ്പേരാണ് അനുകൂലമായ കമന്റുകളുമായി രംഗത്തെത്തിയത്. ഗിഗ് ഇക്കോണമി ജോലികളെ മുഴുവൻ സമയ ജോലിയായി ആശ്രയിക്കുന്നതിന് പകരം, വിദ്യാർത്ഥികൾ പാർട്ട് ടൈം ആയി ഉപയോഗപ്പെടുത്തേണ്ടത് ഇങ്ങനെയെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള അനുഭവപരിചയവും ഒപ്പം ചെറിയൊരു വരുമാനവും നേടാൻ ഇത്തരം ജോലികൾ സഹായിക്കുമെന്നാണ് നെറ്റിസൺസിന്റെ വിലയിരുത്തൽ.