ഇപ്പോൾ ലോകത്തിൽ ജനസംഖ്യാവർദ്ധനവ് ഉണ്ടെങ്കിലും നമ്മുടെ ഭക്ഷ്യലഭ്യതയെ ബാധിക്കുന്ന തരത്തിൽ അത് വളർന്നിട്ടില്ല. എന്നിരുന്നാലും 2016 -ലെ യുഎൻ റിപ്പോർട്ട് അനുസരിച്ച് 815 ദശലക്ഷം ആളുകളാണ് ലോകത്ത് പട്ടിണികിടക്കുന്നതായി കണ്ടെത്തിയത്. അതായത് ആഗോള ജനസംഖ്യയുടെ ഏകദേശം 11 ശതമാനത്തോളം. ജനസംഖ്യാപ്പെരുപ്പം ഇങ്ങനെ തുടർന്നാൽ, ലോകത്തിൽ ഭക്ഷ്യക്ഷാമം ഇരട്ടിയാകും എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ്  നൽകുന്നത്.

2010 -നും 2100 -നും ഇടയിൽ കലോറി ഉപഭോഗം എങ്ങനെ മാറുമെന്ന് അറിയാനായി ഗോട്ടിംഗെൻ സർവകലാശാല നടത്തിയ പഠത്തിലാണ് ഇത് കണ്ടെത്തിയത്. പഠനത്തിൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോള ഭക്ഷ്യ ഉപഭോഗം 80 ശതമാനം ഉയരുമെന്ന് തെളിഞ്ഞു.

ഇതിൽ കൗതുകകരമായ വസ്‍തുത ജനസഖ്യാപ്പെരുപ്പം മാത്രമല്ല ഭക്ഷ്യ ഉപഭോഗ വർദ്ധനവിന് വഴിയൊരുക്കുക എന്നതാണ്. ആളുകളുടെ ഭാരവും വണ്ണവും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇത് ആഗോള കലോറി ആവശ്യകതയിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. പ്രൊഫസർ സ്റ്റീഫൻ ക്ലാസനും ഡോക്ടറൽ വിദ്യാർത്ഥി ലൂത്സ് ഡെപെൻബുഷും നെതർലാൻഡിലും മെക്സിക്കോയിലും നടത്തിയ പഠനത്തിൽ ആളുകളുടെ ഉയരവും വണ്ണവും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്താനായി. ഇത് വരുംവർഷങ്ങളിൽ പിന്നെയും കൂടുമെന്ന് ഇവർ പറയുന്നു.  

മെക്സിക്കോയിലും, നെതർലാൻഡിലും ആളുകളുടെ ശരാശരി ഉയരത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡച്ച് പുരുഷന്മാർക്ക് ഇപ്പോൾ ശരാശരി 183 സെൻറ്റിമീറ്ററോളം ഉയരമുണ്ട്. 1914 -നും 2014 -നും ഇടയിൽ 13.1 സെൻറ്റിമിറ്ററിന്‍റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഗോള ഭക്ഷ്യോത്പാദനം ഈ വർദ്ധിച്ചവരുന്ന ആവശ്യങ്ങളെ നിറവേറ്റുന്നില്ലെങ്കിൽ, ഈ പ്രശ്നം നിയന്ത്രണാതീതമാകും എന്ന് ഗവേഷകർ ഭയപ്പെടുന്നു. സമ്പന്നർക്ക് ഭക്ഷണശീലം നിലനിർത്താൻ കഴിയുമെങ്കിലും, ദരിദ്രർ പട്ടിണിയിലാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

“ഇത് ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന്‍റെ ഉപഭോഗം വർദ്ധിപ്പിക്കും. കലോറി സമ്പുഷ്ടമായ പക്ഷേ പോഷകങ്ങൾ കുറവായ ഭക്ഷണം ആളുകൾ കഴിക്കാൻ ഇത് വഴിയൊരുക്കും” ഡോ. ഡെപെൻബുഷ് പറഞ്ഞു. തൽഫലമായി, പോഷകാഹാരക്കുറവിനും ദരിദ്രരുടെ ശരീരഭാരം വർദ്ധിക്കുവാനും ആരോഗ്യപരമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.