രാജ്യം മുഴുവൻ 'ഹിന്ദി' വേണോ വേണ്ടയോ എന്ന തർക്കത്തിൽ മുഴുകിയിരിക്കുമ്പോൾ, മൈസൂരുവിൽ നിന്നും പുറത്തിറങ്ങുന്ന ഒരു 'സംസ്കൃതം' പത്രം. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും, ഒരു പക്ഷേ, ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെടുന്നതുമായ ഒരേയൊരു സംസ്കൃതം പത്രം, 'സുധർമ' അതിജീവനത്തിനായുള്ള പോരാട്ടത്തിനിടെയും അതിന്റെ സുവർണ ജൂബിലി വർഷത്തിലേക്കു കടക്കുകയാണ്. 

3500 വർഷത്തെ  ചരിത്ര രേഖകളാൽ സമ്പന്നമായ ഒരു ക്‌ളാസിക് ഭാഷയാണ് സംസ്കൃതം. ഹിന്ദു, ജൈന, ബുദ്ധ മതങ്ങളുടെ പരിണാമദശകളുമായി ഗാഢമായ ബന്ധമുള്ള ഒരു ഭാഷ. ഋഗ്വേദമാണ് ഏറ്റവും പഴക്കമുള്ള സംസ്കൃത ഗ്രന്ഥം. സംഗീതം, കവിത, നാടകം, ശാസ്ത്രം, സാങ്കേതിക വിദ്യ,ഗണിതം എന്നീ മേഖലകളിലെ പല ആധികാരിക   ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിരിക്കുന്നതും സംസ്‌കൃതത്തിലാണ്. ഇത്രയൊക്കെ വലിയ പൈതൃകം അവകാശപ്പെടാനുണ്ടായിരുന്നിട്ടും പത്രപ്രവർത്തന രംഗത്ത് സംസ്കൃതത്തിന്റെ സാന്നിധ്യം ഏറെക്കുറെ ശൂന്യമാണ്. 

സ്‌കൂളുകളിൽ പോലും ഈ ഭാഷ തിരഞ്ഞെടുക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യമേ കാണൂ. പരീക്ഷകളിൽ പരമാവധി മാർക്ക് നേടുക. അതിനപ്പുറം, ഈ ഭാഷയ്ക്ക്   പ്രായോഗികമായ ഒരു പ്രസക്തിയും ഈ ഭാഷ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ പോലും കാണുന്നില്ല എന്നതാണ് സത്യം. 

പല ഭാഷകളുടെയും ഉദയം തന്നെ ഈ ഭാഷയിൽ നിന്നാണെന്നു പറയാറുണ്ട്. എന്നിട്ടും, ഇന്ന് ഈ ഭാഷ തന്നെ വംശനാശത്തിന്റെ വക്കിലാണ്. 130  കോടി ജനസംഖ്യയുള്ള ഈ ഉപഭൂഖണ്ഡത്തിൽ  ഇന്ന് കഷ്ടിച്ച് 14000  പേര് മാത്രമേ ഈ ഭാഷ സംസാരിക്കുന്നവരായി അവശേഷിക്കുന്നുള്ളു. 

ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ട മെക്കാളെ പ്രഭു തന്നെയാണ് രാജ്യത്ത് സംസ്കൃതത്തിന്റെ അടിവേരിളക്കിയതും.തന്റെ കുപ്രസിദ്ധമായ 'മെക്കാളെ മിനുറ്റ്സി'ൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്, " ഇന്ത്യയിൽ എനിക്ക് കാണാൻ സാധിച്ച എല്ലാ സംസ്കൃത വേദ, ചരിത്ര, ശാസ്ത്ര പുസ്തകങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഒന്നിച്ച് പരിഗണിച്ചാലും, അതിൽ ഇംഗ്ലണ്ടിലെ ഒരു പ്രൈമറി സ്‌കൂൾ ടെക്സ്റ്റിലുള്ളതിന്റെ പത്തിലൊന്നു പോലും അറിവ് കാണാൻ സാധിക്കില്ല" എന്നാണ്. രാജ്യത്തെ പ്രജകൾക്ക് സംസ്കൃതമല്ല, ഇംഗ്ലീഷ് പഠിക്കാനാണ് താത്പര്യമെന്നും, ആ താത്പര്യത്തെ മുതലെടുക്കാനാവണം കമ്പനിയുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

സംസ്കൃതത്തിന്റെ പതനവും ഏതാണ്ട് ആ കാലത്തുതന്നെ തുടങ്ങുന്നു. ഏകദേശം ഒരു നൂറ്റാണ്ടു കൂടി കിട്ടി ബ്രിട്ടീഷുകാർക്ക് സംസ്കൃതത്തിന്റ അസ്തിവാരം തോണ്ടാനായി. അവർ ഈ മണ്ണുവിട്ടുപോവാറായപ്പോഴേക്കും സംസ്കൃതം എന്ന ക്‌ളാസ്സിക് ഭാഷ ഒരു മൃത ഭാഷയായി മാറിക്കഴിഞ്ഞിരുന്നു. ചുരുക്കം ചില വരേണ്യരുടെ മാത്രം മനോവ്യാപാരങ്ങളിൽ ഒതുങ്ങിനിന്ന ഒരു ഭാഷ. 

" ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്താണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അത് സംസ്കൃത ഭാഷയും സാഹിത്യവുമാണ് എന്ന് ഞാൻ സംശയലേശമെന്യേ പറയും.." എന്ന് കാല്പനികത പറഞ്ഞ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, അദ്ദേഹത്തിന് അധികാരം കിട്ടിയ ദശാബ്ദങ്ങളിൽ പോലും ഈ ഭാഷയ്ക്ക് പുതുജീവനേകാൻ വേണ്ടി ഒരു ചെറുവിരൽ പോലും അനക്കുകയുണ്ടായില്ല. 

അങ്ങനെയുള്ള ഒരു അവസ്ഥയിലാണ്, 1945 -ൽ  പണ്ഡിറ്റ് വരദരാജ അയ്യങ്കാർ എന്ന സംസ്കൃത പണ്ഡിതൻ  മൈസൂരുവിൽ സംസ്കൃതത്തിലും കന്നടത്തിലുമുള്ള പുസ്തകങ്ങൾ, ഗവണ്മെന്റ് ഗസറ്റുകൾ, സ്‌കൂൾ ചോദ്യപ്പേപ്പറുകൾ തുടങ്ങിയവ അച്ചടിക്കാനായി തന്റെ പ്രിന്റിങ് ബിസിനസ് തുടങ്ങുന്നത്. 1963-ൽ അദ്ദേഹം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ വേണ്ടി ഒരു ഗേൾസ് സ്‌കൂളും തുടങ്ങുകയുണ്ടായി. സംസ്കൃത ഭാഷാ സ്നേഹിയായ അദ്ദേഹം സംസ്കൃതപ്രചാരണ ശിബിരങ്ങളും മുടങ്ങാതെ നടത്തിപ്പോന്നിരുന്നു.നടത്തിപ്പോന്നിരുന്നു. 

1970-ൽ സംസ്കൃതത്തെ ഉദ്ധരിക്കാനായി അദ്ദേഹം 'സുധർമ' എന്ന  പേരിൽ ഒരു പത്രം തുടങ്ങുന്നത്. തുടങ്ങിയപ്പോൾ നിത്യം 1000  കോപ്പി ചെലവായിരുന്ന പത്രത്തിന് ഇന്ന് 3500  വരിക്കാരുണ്ട്. A3  വലിപ്പത്തിൽ അഞ്ചു കോളത്തിൽ രണ്ടു പേജുള്ള ഒരു പത്രമാണിത്. 2009-ൽ ഇ പേപ്പർ കൂടി തുടങ്ങിയതോടെ ഈ പത്രത്തിന് ഇന്ന് ലോകമെമ്പാടും വരിക്കാരുണ്ട്. സ്ഥാപക പത്രാധിപരുടെ മകനായ കെവി സമ്പത്ത് കുമാറാണ് ഇന്നും സംസ്കൃത ഭാഷയോടുള്ള സ്നേഹം മാത്രം മൂലധനമാക്കി ഈ സ്ഥാപനം കൊണ്ടുനടക്കുന്നത്. 

ഇങ്ങനെ ഇത് അധികനാൾ പോവില്ലെന്നും, സർക്കാരിന്റെ ഭാഗത്തു നിന്നും ഭാഷയെ പുനരുദ്ധരിക്കാനുള്ള പദ്ധതികളുടെ ഭാഗമായിക്കൊണ്ട്, ഏതാണ്ട് അമ്പതു വർഷത്തെ പഴക്കമുള്ള ലോകത്തെ ഏക സംസ്കൃത പത്രമായ 'സുധർമ'യെ നിന്നുപോവാതെ രക്ഷിച്ചെടുക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. സഹായിക്കാനുള്ള താത്പര്യം തന്നെയാണ് ഇൻഫോർമേഷൻ വകുപ്പും പ്രകടിപ്പിച്ചിരിക്കുന്നത്. 

മുമ്പ് സംസ്കൃതം ഒരു ജാതിയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന, അവർക്കു മാത്രം പഠിക്കാൻ അവകാശമുണ്ടായിരുന്ന ഒരു ഭാഷയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ സംസ്കൃതം എന്ന മനോഹരമായ ഭാഷയെ നാമാവശേഷമാവാതെ കാത്തുസൂക്ഷിക്കാൻ ഇത്തരത്തിലുള്ള പത്രങ്ങൾ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 500  രൂപ എന്ന തുച്ഛമായ വാർഷിക വരിസംഖ്യക്ക് നൽകുന്ന ഈ  ഈ പത്രത്തിന് കശ്മീർ മുതൽ കന്യാകുമാരി വരേയ്ക്കും വരിക്കാരുണ്ട്. ഇതിലേക്ക് വാർത്തയും മറ്റു ലേഖനങ്ങളും എഴുതുന്ന ഭാഷാ വിദഗ്ധർ അത് ഒരു സേവനമായിക്കണ്ട്  സൗജന്യമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്ര കുറഞ്ഞ നിരക്കിൽ നൽകാൻ ഇവർക്ക് സാധിക്കുന്നത്. 

പല സർക്കാർ ന്യൂസ് ഏജൻസികളിലും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ഇവർക്ക് ഇംഗ്ലീഷിൽ വരുന്ന വാർത്തകളെ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് പത്രമിറക്കുന്നത്. ധനകാര്യം പരുങ്ങലിലാണെങ്കിലും, സുവർണ ജൂബിലിയോടനുബന്ധിച്ച് ഇരുനൂറു പേജുള്ള ഒരു സുവനീറും വിശദമായ ആഘോഷപരിപാടികളും സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് 'സുധർമ' യുടെ പത്രമാപ്പീസ് എന്തായാലും.