ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചില്ലെങ്കിൽ കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനാകില്ലെന്ന് യുഎൻ ഹരിത വാതകങ്ങളെക്കുറിച്ചുള്ള വാർഷിക വിലയിരുത്തലിൽ പറഞ്ഞു. ഇങ്ങനെപോയാല്‍ കാട്ടുതീയും ചുഴലിക്കാറ്റുമടക്കം കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ലോകരാജ്യങ്ങൾ  പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. അതിൽ പങ്കെടുത്ത 195 രാജ്യങ്ങൾ പ്രതിവർഷം ഉയരുന്ന താപനില 2 സെലഷ്യസിൽ താഴെയാക്കാനും സാധ്യമെങ്കിൽ 1.5 സെലഷ്യസില്‍ പരിമിതപ്പെടുത്താനും പ്രതിജ്ഞയെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കുള്ളിൽ മലിനീകരണം കുറയ്ക്കുമെന്നും ലോകത്തിൽ കാര്‍ബണ്‍ഡയോക്സൈഡ് അളവ് കുറക്കാനുള്ള പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമ്മതിച്ചിരുന്നു. എന്നാൽ, അതിനു വിപരീതമായി പ്രതിവർഷം 3.2 സെലഷ്യസോളം താപനില ഉയരുകയാണ് എന്ന് യു എൻ കണ്ടെത്തി.

ഇപ്പോഴും ഹരിത വാതകങ്ങളുടെ പുറന്തള്ളൽ വർധിച്ചു വരികയാണ്. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ശരാശരി 1.5 ശതമാനത്തോളം  ഉയർന്ന ഇത് 2018 ആയപ്പോഴേക്കും 5.3 ബില്യൺ ടൺ കാര്‍ബണ്‍ഡയോക്സൈഡിന്‌ തുല്യമായ മലിനീകരണം സൃഷ്ഠിച്ചു. 2018 -ൽ അന്തരീക്ഷത്തിലെ ഹരിത വാതകത്തിന്‍റെ അളവ് എക്കാലത്തെയും റെക്കോർഡ് ഭേദിച്ചു എന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചു.

ഓരോ രാജ്യവും അതിന്‍റെ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 1.5 സെലഷ്യസ് എന്ന താപനില പരിധിയിലെക്കെത്താനായി ഇനിയും ഹരിത വാതകങ്ങളുടെ ഉപയോഗം കുറച്ചേ മതിയാകൂ. 1.5 സെലഷ്യസ് എന്ന ലക്ഷ്യം ഇപ്പോഴും കൈവരിക്കാനാകുമെന്ന് അവർ പറയുന്നു. പക്ഷേ, അതിന് ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്.

“ഹരിതവാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കാൻ ഞങ്ങൾ പരാജയപ്പെടുന്നു” ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്‍സൺ പറഞ്ഞു. "ഞങ്ങൾ ഇപ്പോൾ അടിയന്തര നടപടിയെടുക്കുകയും ആഗോള ഹരിത വാതകങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്‍തില്ലെങ്കിൽ 1.5 സെലഷ്യസ് എന്ന ലക്ഷ്യത്തിലേക്കെത്തില്ല."

2010 -ൽ കോപ്പൻഹേഗൻ ഉച്ചകോടി നടന്നപ്പോഴും ഇതുപോലെ ഒരുപാടു ചർച്ചകൾ നടന്നിരുന്നു. പക്ഷേ, ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ല. ഒരുപക്ഷേ, അങ്ങനെ ചെയ്തിരുന്നുവെങ്കിൽ  2 സെലഷ്യസ് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഹരിത വാതകങ്ങളുടെ പുറന്തള്ളൽ 0.7 ശതമാനവും 1.5 സെലഷ്യസ് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ 3.3 ശതമാനവും നിയന്ത്രിച്ചാൽ മതിയാകുമായിരുന്നു.  

“പത്തുവർഷത്തെ നിഷ്‌ക്രിയത്വം ഇന്നത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചു” എന്നും ആൻഡേഴ്‍സൺ പറഞ്ഞു. കൽക്കരി പൂർണ്ണമായും ഒഴിവാക്കുക, എണ്ണയും വാതകവും പിൻവലിക്കുക, പുനരുപയോഗ ഉർജ്ജം  ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളായി നിർദ്ദേശിക്കപ്പെട്ടത്.  

ജി 20 രാജ്യങ്ങളാണ് ഹരിതവാതകൾ നിയന്ത്രിക്കുന്നതിൽ ഏറ്റവും പിൻനിരയിൽ നില്‍ക്കുന്നത്. ഈ രാജ്യങ്ങളിൽ പുറന്തള്ളുന്ന ഹരിത വാതകങ്ങളുടെ അളവ് 78 ശതമാനമാണ്‌.  അതിൽ ആകെ 15 സമ്പന്ന രാജ്യങ്ങൾ മാത്രമാണ് ഇവയെ പൂർണ്ണമായും ഒഴിവാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.

കാലാവസ്ഥാ പോരാട്ടത്തിൽ 2020 ഒരു പ്രധാന ചരിത്ര വഴിത്തിരിവായിരിക്കണമെന്ന് ക്ലൈമറ്റ് ആക്ഷൻ നെറ്റ്‌വർക്ക് (CAN) യൂറോപ്പ് ഡയറക്ടർ വെൻഡൽ ട്രിയോ പറഞ്ഞു. "ദശലക്ഷക്കണക്കിന് ആളുകൾ ഇതിനായി തെരുവിലിറങ്ങിയിരിക്കുന്നു, ഇത് ശാസ്ത്രജ്ഞരുടെ ശുപാർശകൾ അനുസരിച്ച് പ്രവർത്തിക്കാൻ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കും." അദ്ദേഹം പറഞ്ഞു.

ഇതുവരെ വെറും 1 സെലഷ്യസ് താപവർദ്ധനവെ ഉണ്ടായിട്ടുള്ളൂ എങ്കിലും, 2019 മനുഷ്യചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷമായി കണക്കാക്കപ്പെടുന്നു. താപനില ഉയരുമ്പോൾ മാരകമായ കാട്ടുതീയും ചുഴലിക്കാറ്റുകളും ഒരു നിത്യസംഭവമാകും. ഇങ്ങനെ തുടർന്നാൽ ചൂട്, കൊടുങ്കാറ്റ്, വൻതോതിലുള്ള വെള്ളപ്പൊക്കം ഇവ നിരന്തരം ഉണ്ടാകും എന്ന് ലോകത്തിലെ പ്രമുഖ ശാസ്ത്രസംഘം വ്യക്തമായ മുന്നറിയിപ്പ് നൽകി.

എല്ലാ  രാജ്യങ്ങളും ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടണം എന്നും ഹരിതവാതക ബഹിർഗമനം കുറക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരണമെന്നും യു എൻ ആവശ്യപ്പെട്ടു.