ഏറ്റവും ഒടുവിലായി ഗുജറാത്തിലെ പനന്ദ്രോ ലിഗ്നൈറ്റ് ഖനിയ്ക്ക് സമീപത്ത് നിന്ന് ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പായ  'വാസുകി ഇൻഡിക്കസ്' -ന്‍റെ ഫോസില്‍ കണ്ടെത്തിയത് അടുത്തിടെയാണ്.


കദേശം 174.1 മുതൽ 163.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമന്‍ പല്ലികളില്‍ (terrestrial lizards) നിന്ന് പരിണാമത്തിന്‍റെ ഏതോ ദിശയില്‍ വഴി പിരിഞ്ഞ് ജീവിച്ച് തുടങ്ങിയവയാണ് പാമ്പുകളും ആമകളുമെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു. 10,000 ബിസിയിലേക്ക് എത്തുമ്പോഴേക്കും ലോകമെങ്ങുമുള്ള മനുഷ്യവംശത്തിന്‍റ പൂര്‍വ്വപിതാക്കന്മാര്‍ തങ്ങളാരാധിച്ചിരുന്ന സര്‍പ്പ ദൈവങ്ങളുടെ ചിഹ്നങ്ങള്‍ അവശേഷിപ്പിച്ച് കടന്ന് പോയി. ആമസോണിലും ഇന്ത്യയിലും ആഫ്രിക്കയിലും തുടങ്ങി മനുഷ്യവംശം ജീവിച്ചിരുന്നതിന്‍റെ തെളിവ് അവശേഷിപ്പിച്ച മിക്ക ഇടങ്ങളിലും സര്‍പ്പ ആരാധനയുടെ സജീവ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

ഏറ്റവും ഒടുവിലായി ഗുജറാത്തിലെ പനന്ദ്രോ ലിഗ്നൈറ്റ് ഖനിയ്ക്ക് സമീപത്ത് നിന്ന് ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പായ 'വാസുകി ഇൻഡിക്കസ്' -ന്‍റെ ഫോസില്‍ കണ്ടെത്തിയത് അടുത്തിടെയാണ്. ഒരു ടണ്‍ ഭാരം. 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളവുമുണ്ടായിരുന്ന ഭീമന്‍ പാമ്പിന്‍റെ ഫോസിൽ. പറഞ്ഞ് വരുന്നത് ഇന്നത്തെ ദിവസത്തെ കുറിച്ചാണ്, ലോക പാമ്പ് ദിനം (World snake day). ഇന്ത്യന്‍ ഉപഭൂഖണ്ഡം പുരാതന കാലം മുതല്‍ തന്നെ കൂറ്റന്‍ പാമ്പുകള്‍ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു. 

50 അടി നീളം, 1000 കിലോ ഭാരം, ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ; 'വാസുകി ഇൻഡിക്കസി'ന്റെ വിശേഷം

മനുഷ്യന് മാത്രമല്ല, ലോകത്തെ എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവയുടെ അവകാശങ്ങളെ കുറിച്ച് മനുഷ്യർക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ഒട്ടുമിക്ക മൃഗങ്ങളുടെയും ദിനങ്ങൾ ഇന്ന് ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു. പാമ്പുകൾക്കുമുണ്ട് ഒരു ദിനം. ലോക പാമ്പ് ദിനം (World snake day), എല്ലാ വർഷവും ജൂലൈ 16 നാണ് ലോക പാമ്പ് ദിനമായി ആഘോഷിക്കുന്നത്. 'സ്‌നാക്ക' എന്ന ഇംഗ്ലീഷ് പദത്തില്‍ നിന്നുമാണ് സ്നേക്ക് എന്ന പദത്തിന്‍റെ ഉത്പത്തി. 

സര്‍പ്പ ആപ്പ്

ലോകത്തില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതിലൊന്ന് പാമ്പു കടി മൂലമാണെന്ന് കണക്കുകള്‍ അവകാശപ്പെടുന്നു. എന്നാല്‍, അടുത്തകാലത്തായി കേരളത്തില്‍ പാമ്പ് കടിയേറ്റുള്ള മരണത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയത്. അതിന് കാരണമായതാകട്ടെ ഒരു ആപ്പ്. വനം വകുപ്പിന്‍റെ 'സര്‍പ്പ ആപ്പ്' (Sarpa App). കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളെ കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഏതാണ്ട് നാല് വര്‍ഷം മുമ്പ് കേരള വനംവകുപ്പ് ആരംഭിച്ച സര്‍പ്പ മൊബൈല്‍ ആപ്പ് ഇന്ന് ഏതാണ്ട് അരലക്ഷത്തിലേറെ പേര്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നു. പദ്ധതിയുടെ സുഗമമമായ നടത്തിപ്പിന് ഏതാണ്ട് 4,300 ഓളം പേര്‍ക്കാണ് ഇതുവരെ വനംവകുപ്പ് ട്രെയിനിംഗ് നടത്തിയിട്ടുള്ളത്. ഇതില്‍ 400 പേര്‍ സ്ത്രീകളാണ്. ആപ്പില്‍ ഇതുവരെയായി 2,400 സര്‍ട്ടിഫൈഡ് ട്രെയിനീ റസ്ക്യൂവേഴ്സാണ് രജിസ്റ്റര്‍ ചെയ്തത്. 

2,000 വർഷം പഴക്കമുള്ള, 43 മീറ്റര്‍ നീളമുള്ള പാമ്പിന്‍റെ ശിലാചിത്രം കണ്ടെത്തി

സർപ്പ ആപ്പ് വഴി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആരതി (തൃശൂർ). വിദ്യ രാജു (എറണാകുളം), എന്നിവരാണ് ഏറ്റവും കൂടുതല്‍ പാമ്പുകളെ റെസ്ക്യു ചെയ്തിട്ടുള്ളത്. 2020 - 24 കാലഘട്ടങ്ങളിലായി, ആപ്പ് വഴിയുള്ള അറിപ്പിനെ തുടര്‍ന്ന് ഇതുവരെയായി 266 രാജവെമ്പാലകളെയും 11,566 എണ്ണം മൂര്‍ഖനെയും 23 അണലികളെയും 7163 മലമ്പാമ്പുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ 35,874 പാമ്പുകളെ കുറിച്ചാണ് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും 34,559 പാമ്പുകളെ പിടികൂടി അവയുടെ ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയക്കാന്‍ കഴിഞ്ഞു. നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പാമ്പുകളെ പിടികൂടിയത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് 8,030 പാമ്പുകള്‍. അതേസമയം ഏറ്റവും കുറവ് പാമ്പുകളെ പിടികൂടിയത് പത്തനംതിട്ടയില്‍ നിന്നും. 336 പാമ്പുകള്‍, 

പാമ്പുകളെ കുറിച്ചുള്ള സമഗ്രവിവങ്ങളോടൊപ്പം സാധാരണയായി കണ്ടുവരുന്ന പാമ്പുകളെയും അപൂര്‍വ്വ ഇനം പാമ്പുകളെ കുറിച്ചും ആപ്പില്‍ വിശദീകരിക്കുന്നു. റാപ്പിഡ് റെസ്ക്യു ടീം അംഗങ്ങളായി ഇന്ന് വീട്ടമ്മമാരും ഓട്ടോതൊഴിലാളികളും അടക്കം സമൂഹത്തിലെ വിവിധ തട്ടുകളില്‍ നിന്നുള്ളവരുണ്ട്. ഇത് പാമ്പുകളോട് സമൂഹത്തിന് ഉണ്ടായിരുന്ന അദിമമായ ഭയം ഇല്ലാതാക്കാന്‍ ഏറെ സഹായിക്കുന്നു. വരും വര്‍ഷങ്ങളില്‍ ആപ്പിലേക്ക് മറ്റ് വന്യമൃഗങ്ങളെ കൂടി ഉള്‍പ്പെടുത്തി അവയെ കൂടി റെസ്ക്യു ചെയ്യാനുള്ള സംവിധാനം ഒരുങ്ങുകയാണ്. നിലവില്‍ പാമ്പുകളെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം റെക്യുവേഴ്സിന്‍റെ പേര് വിവരങ്ങളും പാമ്പു കടിയേറ്റാല്‍ ചികിത്സിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും പ്രഥമശുശ്രൂഷയെ കുറിച്ചും പാമ്പുകളെ തിരിച്ചറിയുന്നതിനെ കുറിച്ചും വിശദമായി തന്നെ ആപ്പില്‍ പ്രതിപാദിക്കുന്നു. ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായ സര്‍പ്പ ആപ്പിനെ പിന്തുടര്‍ന്ന് ഒഡീഷ, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളും സമാനമായ ആപ്പുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അടുത്തകാലത്തായി അതിതീവ്ര മഴയെ തുടര്‍ന്ന് കാടുകളില്‍ നിന്ന് കുത്തിയൊഴുകുന്ന ജലത്തോടൊപ്പം പാമ്പുകളും ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഇത്തരം ആപ്പുകള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറുന്നു.