Asianet News MalayalamAsianet News Malayalam

മനുഷ്യനിൽനിന്നും മൃഗങ്ങളിലേക്കും മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കും പകരുന്ന രോഗങ്ങള്‍; ശ്രദ്ധിക്കേണ്ടതെവിടെ?

ദൈനംദിന ജീവിതത്തിൽ മൃഗങ്ങളുമായി അടുത്തിടപഴകേണ്ട സന്ദർഭങ്ങൾ നിരവധിയാണ്. ഭക്ഷണത്തിനായും ഉപജീവന മാർഗങ്ങൾക്കായും ഉല്ലാസത്തിനായും എല്ലാം നാം മൃഗങ്ങളെ ഉപയോഗിക്കുകയും ഇടപഴകുകയും ചെയ്യുന്നു.

World Veterinary Day article dr, sobha satheesh writes
Author
Thiruvananthapuram, First Published Apr 25, 2020, 1:56 PM IST

ഏപ്രില്‍ 25: വേൾഡ് വെറ്റിനറി ദിനം. മനുഷ്യനിൽനിന്നും മൃഗങ്ങളിലേക്കും മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കും പകരുന്ന രോഗങ്ങള്‍; ശ്രദ്ധിക്കേണ്ടതെവിടെ? ഡോ. ശോഭ സതീഷ് എഴുതുന്നു.

World Veterinary Day article dr, sobha satheesh writes

 

മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തി കൊവിഡ് 19 മഹാമാരി താണ്ഡവമാടുന്ന ഘട്ടത്തിലാണ് ഇത്തവണ വേൾഡ് വെറ്റിനറി ദിനം ഏപ്രിൽ 25  -ന് ആചരിക്കുന്നത്. ‘Environment protection for human and animal health’ -one health' (‘മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് പരിസ്ഥിതി സംരക്ഷണം’ -വൺ ഹെൽത്ത്') എന്ന വിഷയമാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന ആശയം. ആഗോളതലത്തിൽ ഇരുപത്തഞ്ചുലക്ഷം ആളുകൾക്കാണ് കൊവിഡ് രോഗം ഇതുവരെ സ്ഥിതീകരിച്ചത്. അതിൽ ഒരുലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകൾ മരണപ്പെട്ടു. രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും രോഗത്തെ പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ പല പരീക്ഷണ നിരീക്ഷണ നടപടികളുമായി മുന്നോട്ടു പോകുന്നു. കൊറോണ വൈറസ് ഏതു സ്രോതസ്സിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിനു പിന്നിൽ ജന്തു സ്രോതസ്സുകൾ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
 
ആരോഗ്യത്തെ കുറിച്ച് ഏറ്റവും വാചാലരാവുകയും എന്നാൽ ആരോഗ്യത്തിനുവേണ്ടി ഒന്നും ചെയ്യാതെ നെട്ടോട്ടമോടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഏവരും കടന്നുപോയ്കൊണ്ടിരിക്കുന്നത്. ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് മൃഗങ്ങളോട് കൂടുതൽ ഇടപഴകുകയും
എന്നാൽ അശാസ്ത്രീയമായ  മാർഗ്ഗങ്ങളിലൂടെ അവയുമായുള്ള സമ്പർക്കം പല മഹാമാരികൾക്കും വഴിവെക്കുന്നത് നിത്യേന കണ്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യന്‌ പ്രകൃതി വിഭവങ്ങളോടുള്ള അത്യാർത്തി വന്യമൃഗങ്ങളെ പോലും ഭക്ഷണമാക്കി നിത്യദുരിതം ചോദിച്ചുവാങ്ങുന്നു. ഇന്നും കണ്ടുപിടിക്കപ്പെട്ടില്ലാത്തതും അതിനിഗൂഢവുമായ ഒരുപാടു സൂക്ഷ്മാണുക്കൾ നിലനിൽക്കുന്ന സങ്കീർണ്ണമായ ഒരു ലോകത്താണ് മനുഷ്യനും നിലനിന്നു പോകുന്നത്. കാലം കടന്നു പോകും തോറും മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരുന്ന ജന്തുജന്യരോഗങ്ങളുടെ (Zoonotic diseases) എണ്ണവും വർദ്ധിച്ചു വരുന്നു. അതിനാൽ തന്നെ വൺ ഹെൽത്ത് (One health) എന്ന സംവിധാനത്തിലേക്ക് ആരോഗ്യരംഗത്തെ വാർത്തെടുക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. അടുത്തകാലത്തായി നാം നേരിട്ട ജന്തുജന്യ രോഗങ്ങളും ( Nipah, Corona, KFD, Bird flu, Swine flu, etc) അവയുടെ കാര്യകാരണങ്ങളിലൂടെ ഒരെത്തിനോട്ടം നടത്തുമ്പോൾ കാര്യത്തിന്റെ ഗൗരവത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചേക്കാം.
 
എന്താണ് വൺ ഹെൽത്ത് (one health)?
 
പല വിജ്‍ഞാന ശാഖകൾ പ്രാദേശികമായും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും സഹകരിച്ചു പ്രവർത്തിക്കുന്ന സംവിധാനത്തെയാണ് വൺ ഹെൽത്ത് കൊണ്ടുദ്ദേശിക്കുന്നത്. മെച്ചപ്പെട്ട പൊതുജനാരോഗ്യ ഫലങ്ങൾ കൈവരിക്കുന്നതിനായി ഒന്നിലധികം മേഖലകൾ ആശയവിനിമയം നടത്തുകയും ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകൾ, നയങ്ങൾ, നിയമനിർമാണം, ഗവേഷണം എന്നിവ രൂപകൽപന ചെയ്യുകയും നടപ്പിലാക്കുകയും ഇതിനത്യാവിശ്യമാണ്. ഭക്ഷ്യ സുരക്ഷ (food safety) ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (antimicrobial resistance) തുടങ്ങിയ മേഖലകളുടെ പ്രവർത്തനങ്ങളാണ് പ്രധാനമായും ഏകീകരിക്കേണ്ടത്. 

എന്തിനാണ് വൺ ഹെൽത്ത് സമീപനം ?
 
മനുഷ്യനെയും മൃഗങ്ങളെയും ബാധിക്കുന്ന എല്ലാ സൂക്ഷ്മാണുക്കളും ഒരേ പരിസ്ഥിയിലാണ് നിലനിൽക്കുന്നത്. അതിനാൽതന്നെ ഒരു മേഖലയിലെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം അവയെ നിയന്ത്രിച്ചു കൊണ്ടുപോകാനാകില്ല. ഉദാഹരണത്തിന് പേവിഷ ബാധ. മനുഷ്യനെ ബാധിക്കാതിരിക്കാൻ മൃഗങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് അത്യാവശ്യമാണ്. ഏറ്റവും അവസാനമായി ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ, പക്ഷിപ്പനി തുടങ്ങിയവയും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. കോറോണയുടെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്നും അതല്ല പരീക്ഷണ ലബോറട്ടറികളിൽ നിന്നും പുറത്തു ചാടിയെന്നുമുള്ള പലവാദങ്ങൾ നിലനിൽക്കെ തന്നെ മൃഗങ്ങളിലേക്കു പടരുമെന്നും ഹോങ്കോങ്ങിലെ നായയിലും ന്യൂയോർക്കിലെ കടുവയിലും കൊറോണ വൈറസിനെ കണ്ടെത്തിയപ്പോൾ മൃഗങ്ങളോട് അശാസ്ത്രീയമായ സമ്പർക്കം കുറയ്ക്കണമെന്നും, പരിസ്ഥിയും ശുചിത്വവും എത്ര പ്രാധാന്യം അർഹിക്കുന്നുവെന്നും നാം പഠിച്ചു. അതുപോലെ പക്ഷിപ്പനി ഏതു സമയത്തു വേണമോ അനുകൂല സാഹചര്യങ്ങളിൽ ജനിതക മാറ്റം വന്നു മനുഷ്യരെ ബാധിക്കാൻ കെൽപുള്ള വൈറസായതിനാൽ ലോകാരോ​ഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കർശനമായി നടപ്പിലാക്കിയിരിക്കുന്നത്. ഇതിൽ
നിന്നെല്ലാം മനുഷ്യന്റെ ആരോഗ്യം എത്രമാത്രം മൃഗങ്ങളുടെ ആരോഗ്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ബന്ധപ്പെട്ടു കിടക്കുന്നു
എന്നത് വ്യക്തമാവുകയാണ്.
 
വൺ ഹെൽത്ത് സംബന്ധിച്ച് ഏഴു രാജ്യങ്ങളിൽ 2014 മുതൽ 2016 വരെ നടത്തിയ പഠനങ്ങളിൽ നിന്നും ജന്തുജന്യ രോഗങ്ങൾ മനുഷ്യനും മൃഗങ്ങൾക്കും മാത്രമല്ല ആഗോള ആരോഗ്യ സുരക്ഷക്ക് തന്നെ എത്രമാത്രം ഭീഷണി ഉയർത്തുന്നു എന്ന് വ്യക്തമാകുന്നുണ്ട്. പകർച്ചവ്യാധികളിൽ 60 ശതമാനവും പുതുതായി ഉയർന്നുവരുന്ന പകർച്ച വ്യാധികളിൽ (emerging zoonotic diseases) 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണത്രെ. ആഗോള തലത്തിൽ 15 .8 ശതമാനം മരണങ്ങളും ജന്തുജന്യ രോഗങ്ങളാകുമ്പോൾ അവികസിത രാജ്യങ്ങളിൽ അത് 43.7 ശതമാനമാണ്. പുതുതായി ഉയർന്നു വരുന്ന ജന്തുജന്യ രോഗങ്ങളാണ് (emerging zoonotic diseases) അടുത്ത കാലത്തായി വളരെ വിനാശകരമായ പകർച്ച വ്യാധികൾക്കു കാരണമായിക്കൊണ്ടിരിക്കുന്നത്.
 
ജന്തുജന്യ രോഗങ്ങൾ (Zoonotic diseases) എന്നാൽ എന്താണ്?
 
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പകരാവുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങൾ എന്ന് പറയുന്നത്. ദൈനംദിന ജീവിതത്തിൽ മൃഗങ്ങളുമായി അടുത്തിടപഴകേണ്ട സന്ദർഭങ്ങൾ നിരവധിയാണ്. ഭക്ഷണത്തിനായും ഉപജീവന മാർഗങ്ങൾക്കായും ഉല്ലാസത്തിനായും എല്ലാം നാം മൃഗങ്ങളെ ഉപയോഗിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ബാക്ടീരിയ, വൈറസ്, ഫം​ഗസ്, അങ്ങനെ പലതരം സൂക്ഷ്മാണുക്കൾ കാരണം രോഗബാധയുണ്ടാകാം. എന്നാൽ, അതേസമയം മൃഗങ്ങൾ വാഹകരായും (intermediate host) വർത്തിക്കും. പ്രകടമായി രോഗലക്ഷണങ്ങൾ കാണിക്കാതെ മറ്റുള്ളവർക്ക് രോഗം പകർത്താം. ഈ സാഹചര്യമാണ് പലപ്പോഴും ഏറ്റവും അപകടമാകുന്നത്. രോഗിയാണെന്നറിയാതെ അടുത്തിടപഴകുമ്പോൾ രോഗം ബാധിക്കാം. പഠനങ്ങൾ തെളിയിക്കുന്നത് പത്തു പകർച്ച വ്യാധികൾ എടുത്താൽ (infectious diseases) അതിൽ ആറെണ്ണവും ജന്തുജന്യ രോഗങ്ങളായിരിക്കും അതുപോലെ പുതുതായി ഉയർന്നു വരുന്ന (emerging infectious diseases) രോഗങ്ങളിൽ നാലിൽ മൂന്നും ജന്തുജന്യ രോഗങ്ങളാണ്. ഇതുകാരണം CDC (Centre for Disease Control and Prevention) 24*7 ഇതിന്റെ പ്രതിരോധ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. നിപ, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി, ക്ഷയം, എബോള, മസ്തിഷ്ക്കരോഗം, എലിപ്പനി, മലേറിയ, പ്ലേഗ്, പേവിഷബാധ, ഇപ്പോൾ  നാം നേരിട്ടുകൊണ്ടിരിക്കുന്ന സാർസ് കൊറോണ എന്നിവയെല്ലാം എണ്ണിയാൽ തീരാത്ത ജന്തുജന്യ രോഗങ്ങളിൽ ചിലതു മാത്രം.
 
എങ്ങനെയൊക്കെ രോഗങ്ങൾ പകരാം ?

നേരിട്ടുള്ള സമ്പർക്കം വഴി:  രോഗം ബാധിച്ച മൃഗങ്ങളുമായി അടുത്തിടപഴകുന്നത് മൂലം- സ്പർശനങ്ങൾ തലോടൽ, മൃഗങ്ങളുടെ മാന്തലോ
കടിയേറ്റാലോ അല്ലെങ്കിൽ രോഗം ബാധിച്ചവയുടെ സ്രവങ്ങൾ (ഉമിനീർ, രക്തം, കഫം, മലം,മൂത്രം, ശരീര സ്രവങ്ങൾ ) എന്നിവയിലൂടെയും രോഗം പകരാം.
നേരിട്ടല്ലാതെ പരോക്ഷമായുള്ള സമ്പർക്കങ്ങൾ: രോഗം ബാധിച്ച മൃഗങ്ങളെ പാർപ്പിച്ചിരുന്ന കൂടുകൾ, ഫാമുകൾ, തീറ്റക്കും വെള്ളത്തിനുമായി ഉപയോഗിച്ചപാത്രങ്ങൾ, മണ്ണ് തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ ഉണ്ടാകാം.
vector borne: അതായത്‌ ഈച്ച, കൊതുക്, ചെള്ള്, പട്ടുണ്ണികൾ, മുതലായ പ്രാണികൾ രോഗം ബാധിച്ച മൃഗങ്ങളെ കടിച്ചിട്ടു ആരോഗ്യമുള്ളവയെ
കടിക്കുമ്പോൾ രോഗങ്ങൾ പകർത്താം.
ഭക്ഷണത്തിലൂടെ: മലിനമായ ഭക്ഷണം കഴിക്കുന്നത് മൂലം രോഗങ്ങൾ പകരാം. തിളപ്പിക്കാത്ത പാല്, വേവിക്കാത്ത മാംസം, മുട്ട, കഴുകിവൃത്തിയാക്കാത്ത പഴങ്ങളും പച്ചക്കറികളും എല്ലാം മനുഷ്യർക്കും മൃഗങ്ങൾക്കും രോഗകാരണമാകാം.
വെള്ളത്തിലൂടെ: രോഗവാഹകരായ മൃഗങ്ങളുടെ സ്രവങ്ങൾ മൂലം മലിനമായ വെള്ളം രോഗകാരണമാകാം.
 
അപകട സാധ്യത ആർക്കാണ് കൂടുതൽ?

ഏതു പ്രായത്തിലുള്ളവരെയും ജന്തുജന്യ രോഗങ്ങൾ ബാധിക്കാം. എന്നാൽ വളരെ സങ്കീർണ്ണമാകുന്നതും മരണകാരണമായേക്കാവുന്നതും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലും,ഗര്ഭിണികളിലും പ്രായമായവരിലും പ്രതിരോധ  ശേഷി വളരെ കുറഞ്ഞവരിലുമാണ്.

(പാലോട് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലാണ് ലേഖിക പ്രവര്‍ത്തിക്കുന്നത്)

Follow Us:
Download App:
  • android
  • ios