Asianet News MalayalamAsianet News Malayalam

ബലാത്സം​ഗം ആരോപിച്ച് നാല് കറുത്തവർ​ഗക്കാരെ ശിക്ഷിച്ചു, 70 വർഷത്തിനുശേഷം ഇവര്‍ കുറ്റക്കാരല്ലെന്ന് കോടതി

അവരുടെ കുടുംബങ്ങൾ വാർത്ത അറിഞ്ഞപ്പോൾ വികാരഭരിതരായി, ഇത് സമാനമായ മറ്റ് ശിക്ഷകളുടെ പുനഃപരിശോധനയ്ക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. 

wrongfully accused of rape and cleared of the charge after 70 years
Author
USA, First Published Nov 23, 2021, 12:56 PM IST

യുഎസ്സിൽ വെളുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ(white teenager) ബലാത്സംഗം(rape) ചെയ്തതിന് നാല് കറുത്തവർ​ഗക്കാർ അറസ്റ്റിലായത് 70 വർഷങ്ങൾക്ക് മുമ്പാണ്. എന്നാല്‍, ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം അവര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിരിക്കയാണ്. 

1949 -ൽ സെൻട്രൽ ഫ്ലോറിഡ പട്ടണമായ ഗ്രോവ്‌ലാൻഡിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ചാൾസ് ഗ്രീൻലീ, വാൾട്ടർ ഇർവിൻ, സാമുവൽ ഷെപ്പേർഡ്, ഏണസ്റ്റ് തോമസ് എന്നീ നാലുപേർ 'ഗ്രോവ്‌ലാൻഡ് ഫോർ'(Groveland Four) എന്നാണ് അറിയപ്പെടുന്നത്. 2019 ജനുവരിയിൽ ഫ്ലോറിഡ സംസ്ഥാനം ഇവര്‍ക്ക് മാപ്പ് നൽകി. 

എന്നാല്‍, കുറ്റാരോപിതരായ ആരും തന്നെ തങ്ങൾ കുറ്റവിമുക്തരാക്കപ്പെടുന്നത് കാണാൻ ജീവിച്ചിരുന്നില്ല. ശിക്ഷിക്കപ്പെടുന്ന സമയത്ത് 16 -നും 26 -നും ഇടയിലായിരുന്നു ഇവരുടെ പ്രായം. സംഭവത്തിന് തൊട്ടുപിന്നാലെ ആയിരത്തിലധികം പേർ ചേർന്ന് തോമസിനെ വേട്ടയാടുകയും നൂറുകണക്കിന് തവണ വെടിവയ്ക്കുകയും ചെയ്തിരുന്നു. 

വെള്ളക്കാരായ ജൂറികൾ ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്നെ മറ്റ് മൂന്ന് പേരും കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കപ്പെട്ടിരുന്നു. സാമുവൽ ഷെപ്പേർഡ് പിന്നീട് വീണ്ടും വിചാരണയ്‌ക്ക് പോകുന്നതിനിടെ ഒരു ഷെരീഫിന്‍റെ വെടിയേറ്റ് മരിച്ചു. ഇർവിൻ 1954 -ൽ വധശിക്ഷയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ശിക്ഷ പരോളോടെ ജീവപര്യന്തമാക്കി മാറ്റി. പരോൾ ലഭിച്ച് ഒരു വർഷത്തിനുശേഷം, 1969 -ൽ ഇദ്ദേഹം മരിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗ്രീൻലീ 1962 -ൽ പരോൾ ചെയ്യപ്പെടുകയും 2012 -ൽ മരിക്കുകയും ചെയ്തു. 

ഫ്ലോറിഡയിലെ ഒരു ജഡ്ജി ഏണസ്റ്റ് തോമസിന്റെയും സാമുവൽ ഷെപ്പേർഡിന്റെയും കുറ്റാരോപണങ്ങൾ നിരസിക്കുകയും ചാൾസ് ഗ്രീൻലീയുടെയും വാൾട്ടർ ഇർവിന്റെയും ശിക്ഷകള്‍ ഒഴിവാക്കുകയും ചെയ്തു. അവരുടെ കുടുംബങ്ങൾ വാർത്ത അറിഞ്ഞപ്പോൾ വികാരഭരിതരായി, ഇത് സമാനമായ മറ്റ് ശിക്ഷകളുടെ പുനഃപരിശോധനയ്ക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു. 

"ഞങ്ങൾ അനുഗ്രഹീതരാണ്. ഇത് ഒരു തുടക്കമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ധാരാളം ആളുകൾക്ക് ഈ അവസരം ലഭിച്ചില്ല. ധാരാളം കുടുംബങ്ങൾക്ക് ഈ അവസരം ലഭിച്ചില്ല. ഒരുപക്ഷേ അവർക്കും ലഭിക്കും" തോമസിന്റെ അനന്തരവൻ ആരോൺ ന്യൂസൺ പറഞ്ഞു. ചാൾസ് ഗ്രീൻലീയുടെ മകൾ കരോൾ ഗ്രീൻലീ പുതിയ തീരുമാനം കേട്ടപ്പോൾ കരഞ്ഞുകൊണ്ട് അടുത്തിരുന്നവരുടെ കൈകളിലേക്ക് വീഴുകയായിരുന്നു. 'നിങ്ങൾ ശരിയാണ് എന്ന് തോന്നുന്നുവെങ്കില്‍ അതിനുവേണ്ടി എക്കാലവും പോരാടണം' എന്നാണ് അവർ പറഞ്ഞത്.  

പ്രാദേശിക സ്റ്റേറ്റ് അറ്റോർണി റിപ്പബ്ലിക്കൻ ബിൽ ഗ്ലാഡ്‌സണാണ് കഴിഞ്ഞ മാസം നാലുപേരെയും ഔദ്യോഗികമായി കുറ്റവിമുക്തരാക്കാനുള്ള നീക്കം ആരംഭിച്ചത്. "ഞങ്ങൾ തെളിവുകൾ പിന്തുടർന്നു, അത് ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ചു" അന്ന് വിചാരണ നടന്ന അതേ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. 

2017 -ൽ, ഫ്ലോറിഡയിലെ സംസ്ഥാന ഗവൺമെന്റ് നാല് പേരുടെയും കുടുംബങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. 
2013 -ൽ പുലിറ്റ്‌സർ സമ്മാനം നേടിയ 'ഡെവിൾ ഇൻ ദ ഗ്രോവ്' എന്ന പുസ്തകത്തിന്റെ വിഷയം ഈ നാലുപേരുടെയും കഥയായിരുന്നു.


 

Follow Us:
Download App:
  • android
  • ios