നിരപരാധി എന്ന് കണ്ട് മോചിപ്പിക്കപ്പെട്ട് വെറും രണ്ട് വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി നടന്ന കൊലപാതകത്തിൽ വില്ല്യംസിന്റെ വീട്ടുകാരും സുഹൃത്തുക്കളും നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
നിരപരാധികളായ അനേകം പേർ വർഷങ്ങളോളം ജയിലിൽ കഴിയുകയും പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്ന അനേകം സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. അതുപോലെ ഒരാൾ 25 വർഷമാണ് ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്. എന്നാൽ, രണ്ട് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നിരപരാധിയാണ് എന്ന് കണ്ട് മോചിപ്പിക്കപ്പെട്ടു. എന്നാലിപ്പോൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കവേ അയാൾ വെടിയേറ്റ് മരിച്ചു. തലയ്ക്കാണ് വില്ല്യംസിന് വെടിയേറ്റത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.
നോർത്ത് ഫിലാഡൽഫിയയിൽ ടയർ ലിറ്റിലിന്റെ ശവസംസ്കാര ചടങ്ങിനിടെ വാഹനമോടിക്കുന്നതിനിടയിലാണ് ആറ് കുട്ടികളുടെ പിതാവായ ക്രിസ്റ്റഫർ വില്യംസിന് തലയ്ക്ക് വെടിയേറ്റത്. നാല് കൊലപാതക കുറ്റമാണ് വില്യംസിന് മേലുണ്ടായിരുന്നത്. എന്നാൽ, വധശിക്ഷക്ക് വിധിക്കപ്പെട്ട് 25 വർഷം ജയിലിൽ കഴിഞ്ഞ ശേഷം രണ്ട് വർഷം മുമ്പ് 2021 ഫെബ്രുവരിയിൽ മോചിപ്പിക്കപ്പെടുകയായിരുന്നു. ആദ്യം നാല് കൊലപാതകങ്ങളും പിന്നീട് രണ്ട് കൊലപാതകങ്ങളും മൊത്തം ആറ് കൊലപാതകങ്ങൾക്കാണ് വില്ല്യംസ് ശിക്ഷിക്കപ്പെട്ടത്. കള്ളസാക്ഷികളും കെട്ടിച്ചമച്ച തെളിവുകളുമാണ് വില്ല്യംസിനെയും ഒരു കൂട്ടുകാരനേയും ശിക്ഷിക്കാൻ കാരണമായിത്തീർന്നത് എന്നാണ് പറയുന്നത്.
നിരപരാധി എന്ന് കണ്ട് മോചിപ്പിക്കപ്പെട്ട് വെറും രണ്ട് വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി നടന്ന കൊലപാതകത്തിൽ വില്ല്യംസിന്റെ വീട്ടുകാരും സുഹൃത്തുക്കളും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ജയിലിൽ നിന്നിറങ്ങിയ ശേഷവും ജയിലിൽ പോയി തനിക്കൊപ്പം അവിടെയുണ്ടായിരുന്നവരെ കാണാറുണ്ടായിരുന്നു വില്ല്യംസ്. അതുപോലെ നിരപരാധികളാരെങ്കിലും ശിക്ഷിക്കപ്പെട്ടു എന്ന് തോന്നിയാൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യാറുണ്ടായിരുന്നു.
കാർപെന്ററായിരുന്ന അച്ഛൻ തന്നോട് ഒരു ജോലിയിൽ സഹായിക്കാമോ എന്ന് ചോദിച്ചിരുന്നു. അത് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി മാത്രം ചോദിച്ചതാണ്. തന്റെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. സംസാരിക്കുന്ന ആർക്കും അദ്ദേഹത്തെ മറക്കാനാവില്ല എന്നും വില്ല്യംസിന്റെ ആറ് മക്കളിലൊരാൾ പറഞ്ഞു. എന്നാൽ, എന്തിനാണ്, ആരാണ് വില്ല്യംസിനെ കൊലപ്പെടുത്തിയത് എന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
