30 വർഷമായി മുടങ്ങാതെ ലോട്ടറി എടുത്ത ടെക്സാസിലെ ദമ്പതികൾക്ക് ഒടുവിൽ 390 കോടി രൂപയുടെ ഭാഗ്യം. ലഭിച്ച തുക കുടുംബത്തെ സഹായിക്കാനും ലോകം ചുറ്റിക്കാണാനും ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
30 വർഷമായി ഒരിക്കൽ പോലും തെറ്റിക്കാതെ ലോട്ടറി എടുക്കുന്ന ടെക്സാസിലെ റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികളെ തേടി ഒടുവിൽ ഭാഗ്യം. 41 മില്ല്യൺ ഡോളർ (ഏകദേശം 390 കോടി രൂപ) ആണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. 'പീപ്പിൾ' മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മെസ്ക്വിറ്റിലെ ഒരു സെവൻ ഇലവൻ സ്റ്റോറിൽ നിന്നാണ് ഇവർ 'ക്വിക്ക് പിക്ക്' ടിക്കറ്റ് എടുത്തത്. ഏപ്രിൽ 20 തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിൽ 21, 28, 33, 34, 43, 44 എന്നീ ആറ് നമ്പറുകളും ഇവരുടെ ടിക്കറ്റുമായി ഒത്തുപോവുകയായിരുന്നു. വിവരം അറിഞ്ഞതിന് ശേഷം സന്തോഷം കൊണ്ട് തനിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ് വിജയി പറയുന്നത്. 'ഞാൻ രാത്രി മുഴുവൻ ഇതിനെക്കുറിച്ച് ആലോചിച്ച് ഉണർന്നിരിക്കുകയായിരുന്നു' എന്നും അദ്ദേഹം പറയുന്നു.
ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പരസ്യമാക്കിയിട്ടില്ല. കഴിഞ്ഞ 30 വർഷമായി തങ്ങൾ ഒരു 'ലോട്ടോ ടെക്സസ്' നറുക്കെടുപ്പ് പോലും മുടക്കിയിട്ടില്ലെന്ന് ഇവർ ലോട്ടറി ഉദ്യോഗസ്ഥരോട് പറഞ്ഞു. ലഭിച്ച തുക ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. കൂടാതെ ലോകം ചുറ്റിക്കാണണമെന്ന ആഗ്രഹവും ഇവർക്കുണ്ട്. കണ്ടുതീർക്കാൻ ഈ ലോകത്ത് ഇനിയുമേറെയുണ്ട് എന്നും ഇവർ പറയുന്നു.
അതേസമയം, ടെക്സാസിൽ തന്നെ 2025 -ൽ അടിച്ച 78 മില്ല്യണ്‍ ഡോളറിന്റെ മറ്റൊരു ജാക്പോട്ട് വിജയിയെ കണ്ടെത്താൻ അധികൃതർ ശ്രമം തുടരുകയാണ്. മെയ് 14 -ന് വൈകുന്നേരം 5 മണിക്ക് മുമ്പ് വിജയി എത്തിയില്ലെങ്കിൽ ഈ തുക മുഴുവൻ സർക്കാരിന് തന്നെ തിരികെ എടുക്കാം.
