Asianet News MalayalamAsianet News Malayalam

'യതിയുടെ കാല്‍പ്പാടുകള്‍' എന്തായിരിക്കും വാസ്തവം?

ഹിമാലയത്തിന്റെ മുകളിൽ 12000 അടി ഉയരത്തിൽ ജീവിക്കുന്ന നേപ്പാളി ഷെർപ്പകളുടെ ഐതിഹ്യങ്ങളിലാണ് യതിയുടെ ഉത്ഭവം. ശിവ ഥകൽ എഴുതിയ' ഫോക്ക് ടെയിൽസ് ഓഫ് ഷെർപ്പ ആൻഡ് യതി' എന്ന പുസ്തകത്തിൽ യതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടു കഥകളുണ്ട്.

Yeti foot steps and reality
Author
Thiruvananthapuram, First Published Apr 30, 2019, 4:54 PM IST

പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്നത്. സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്താണീ യതി..? 

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.    ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്ത ഒന്നാണ് യതി. അതുകൊണ്ടുതന്നെ ഇത് വെറുമൊരു നിഗൂഢസങ്കൽപം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്. വടക്കേ അമേരിക്കയിൽ 'ബിഗ് ഫൂട്ട്' എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്തുകൾ നിലവിലുണ്ട്. ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്. ബീഭത്സരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്. ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻ പർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു. ഇതും പൂർണ്ണമായും വിശ്വാസ്യമല്ല.

Yeti foot steps and reality 

ഹിമാലയത്തിന്റെ മുകളിൽ 12000 അടി ഉയരത്തിൽ ജീവിക്കുന്ന നേപ്പാളി ഷെർപ്പകളുടെ ഐതിഹ്യങ്ങളിലാണ് യതിയുടെ ഉത്ഭവം. ശിവ ഥകൽ എഴുതിയ' ഫോക്ക് ടെയിൽസ് ഓഫ് ഷെർപ്പ ആൻഡ് യതി' എന്ന പുസ്തകത്തിൽ യതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടു കഥകളുണ്ട്. അതിലൊക്കെയും ഏറെ അക്രമാസക്തമായ ഒരു സത്വത്തിന്റെ ഇമേജാണ് യതിയ്ക്ക് നൽകിയിട്ടുള്ളത്. മറ്റു നാടോടിക്കഥകളെപ്പോലെ യതിക്കഥകളുടെയും ലക്ഷ്യം ഒന്നു മാത്രം. മഞ്ഞുമലകളിലെ അപകടങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ പേടിപ്പിച്ച് സുരക്ഷിതരാക്കി നിർത്തുക. 'ഷോലെ' എന്ന സിനിമയിൽ ഗ്രാമത്തിലെ അമ്മമാർ ഗബ്ബർ സിങ്ങിനെപ്പറ്റിയുള്ള കഥകൾ പറഞ്ഞ് കുഞ്ഞുങ്ങളെ ഉറക്കുന്നപോലെ നേപ്പാളിലെ ഷെർപ്പ അമ്മമാർ അവരുടെ വാശിക്കാരായ കുഞ്ഞുങ്ങളെയും യതി എന്ന ഭീകരസത്വത്തെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും പിടിപ്പിച്ച കഥകൾ പറഞ്ഞ് ഭയപ്പെടുത്തി ഉറക്കി.

Yeti foot steps and reality 
 
ഹിമാലയത്തിലെ എവറസ്റ്റ്  അടക്കമുള്ള കൊടുമുടികളുടെ സൗന്ദര്യത്തിൽ മനംമയങ്ങിയ പാശ്ചാത്യ പർവ്വതാരോഹകരുടെ വരവോടെ ഈ നാടോടിക്കഥയ്ക്ക് പുത്തൻ മാനങ്ങൾ ചമയ്ക്കപ്പെടുകയായി. യതിയെ കണ്ടു എന്ന മട്ടിലുള്ള നിരവധി കഥകൾ പ്രചരിക്കാൻ തുടങ്ങിയതോടെ അതിന്റെ ദുരൂഹത ഇരട്ടിച്ചു. 1921 -ൽ എവറസ്റ്റ് കീഴടക്കാൻ വന്ന ബിബിസി പർവ്വതാരോഹകനും രാഷ്ട്രീയ പ്രവർത്തകനുമായ ചാൾസ് ഹൊവാഡ് ബെറി, അന്ന് ഭീമാകാരമായ ചില കാലടിപ്പാടുകൾ കണ്ടതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അമ്പതുകളിൽ യതിയെ അന്വേഷിച്ചുകൊണ്ട് പർവ്വതാരോഹക സംഘങ്ങൾ പുറപ്പെട്ടു. ഹോളിവുഡ് സിനിമാതാരം ജെയിംസ് സ്റ്റുവർട്ട് എവറസ്റ്റിൽ നിന്നും മടങ്ങിയത് യതിയുടെ വിരലും കൊണ്ടാണ്. 2011-ൽ സ്റ്റുവർട്ടിന്റെ ഈ കണ്ടെത്തലിന്റെ ഡിഎൻഎ ടെസ്റ്റു നടത്തിയപ്പോൾ അത് ഒരു മനുഷ്യന്റെ വിരലാണ് എന്ന് തെളിഞ്ഞു. അതിനു പിന്നാലെ വീണ്ടും പുതിയ കണ്ടെത്തലുകൾ പലതും വന്നു. യതിയുടെ തലയോട്, യതിയുടെ എല്ലിൻ കഷ്ണങ്ങൾ, തലമുടി നാരുകൾ അങ്ങനെയങ്ങനെ പലതും. വിശദമായ പരിശോധനകളിൽ അവയെല്ലാം മറ്റു ജന്തുക്കളുടേതാണ് എന്നു തെളിഞ്ഞു. 

Yeti foot steps and reality

കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇന്നും യതി ഉണ്ട് എന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട് ഈ ലോകത്ത്. അവരിൽ ചിലർ ഇന്നും യതി എന്ന ഭീകരരൂപിയായ ഹിമക്കരടിമനുഷ്യക്കുരങ്ങിനെ തേടിക്കൊണ്ട് ഹിമാലയത്തിന്റെ കൊടുമുടികൾ കേറിയിറങ്ങുന്നു. നാടോടിക്കഥകളും മിത്തുകളും ഇഷ്ടപ്പെടുന്നേടത്തോളം കാലം യതി എന്ന സങ്കല്പവും ഈ ലോകത്ത് തുടരുക തന്നെ ചെയ്യും. 
 

Follow Us:
Download App:
  • android
  • ios