രണ്ടാം ലോക മഹായുദ്ധ കാലത്ത് എവ്ജീനിയ റുഡ്നേവയ്ക്ക് 20 വയസായിരുന്നു പ്രായം. മോസ്കോയില്‍ അസ്ട്രോണമി വിദ്യാര്‍ത്ഥിയായിരുന്നു അന്നവള്‍. റുഡ്നേവയെ വ്യത്യസ്‍തയാക്കുന്നത് നാസികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത് മരണം വരിച്ച ധീരയാണവര്‍ എന്നതാണ്. സ്ത്രീകള്‍ മാത്രമുള്ള സോവിയറ്റ് എയര്‍ഫോഴ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളായിരുന്നു റുഡ്നേവ. നാസികള്‍ക്കെതിരെ പോരാടുകയും രാത്രികാലങ്ങളില്‍ നാസികള്‍ക്ക് മേലെ ബോംബ് വര്‍ഷിക്കുന്നതിനെ കുറിച്ചുമെല്ലാം അവള്‍ തന്‍റെ ഡയറിയില്‍ കുറിച്ചിരുന്നു. ആ ഡയറിക്കുറിപ്പുകളിലൂടെയും അവളെഴുതിയ കത്തുകളിലൂടെയുമാണ് ഒരു മുന്നണിപ്പോരാളിയെന്ന നിലയിലുള്ള അവളുടെ ജീവിതം ആളുകളറിഞ്ഞത്. അന്ന് ജര്‍മ്മന്‍കാര്‍ അവരെ വിശേഷിപ്പിച്ചിരുന്നത് തന്നെ 'രാത്രികാലങ്ങളിലെ ദുര്‍മന്ത്രവാദിനികള്‍' എന്നാണ്. 

റുഡ്നേവയുടെ ഡയറി വളരെ വിശദമായിരുന്നു. യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന ദിവസത്തെ കുറിച്ചുപോലും വളരെ വ്യക്തമായി അതില്‍ കുറിച്ചിട്ടുണ്ടായിരുന്നു. പ്രവേശനത്തിന് അര്‍ഹമായവരുടെ കൂട്ടത്തില്‍ തന്‍റെ പേര് കണ്ടത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവള്‍ അതിലെഴുതിയിരുന്നു. അവിടെവച്ചാണ് komsomol എന്നറിയപ്പെടുന്ന 'ഓള്‍ യൂണിയന്‍ ലെനിനിസ്റ്റ് യങ് കമ്മ്യൂണിസ്റ്റ് ലീഗി'ലേക്ക് റുഡ്നേവയെത്തുന്നത്. അവിടെ ചെറുപ്പക്കാരികളായ സ്ത്രീകള്‍ സൈന്യത്തില്‍ സേവനത്തിനായി ചേരുന്നുണ്ടായിരുന്നു. 

1941 വരെ സ്ത്രീകള്‍ക്ക് യുഎസ്എസ്ആറില്‍ യുദ്ധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. ആ വര്‍ഷമാണ് പ്രശസ്‍തയായ പൈലറ്റ് മറൈന റസ്കോവ സ്റ്റാലിനെ ഒരു കാര്യം ബോധ്യപ്പെടുത്തുന്നത്. മൂന്ന് റെജിമെന്‍റുകള്‍ തുടങ്ങാനും അതില്‍ രണ്ടെണ്ണം സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നതും ഒന്ന് സ്ത്രീകള്‍ക്ക് മാത്രമുള്ളതുമായിരിക്കണം എന്നതിനെ കുറിച്ച് റസ്കോവ സ്റ്റാലിനോട് സംസാരിക്കുകയും അങ്ങനെ സ്ത്രീകള്‍ക്ക് കൂടി യുദ്ധത്തില്‍ പോരാടാന്‍ അവസരം ലഭിക്കുകയുമുണ്ടായി. 

പരിശീലന ക്യാമ്പിലേക്കുള്ള യാത്രയെ കുറിച്ച് റുഡ്നേവ എഴുതുന്നു: ക്യാമ്പ് മോസ്‍കോയില്‍ നിന്നും അകലെയായിരുന്നു. 600 കിലോമീറ്റര്‍ കിഴക്കു ഭാഗത്തായിട്ടായി. ഞങ്ങള്‍ ചേര്‍ന്നുചേര്‍ന്നായിരുന്നു നടന്നിരുന്നത്. എല്ലാവരും പുതപ്പുകള്‍ പുതച്ചിരുന്നു. അതിനാല്‍ വളരെ ഊഷ്‍മളമായിരുന്നു അത്. ട്രെയിന്‍ യാത്ര വളരെ രസകരമായിരുന്നു. അതുപോലെ തന്നെ നല്ല ഭക്ഷണവും ഞങ്ങള്‍ക്ക് കിട്ടി. ഞങ്ങള്‍ക്കൊപ്പം ഒരു മിലിറ്ററി ഡോക്ടറും ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ കുട്ടികളെപ്പോലെയാണ് പരിഗണിച്ചിരുന്നത്. 

റുഡ്നേവയും സംഘവും പരിശീലനത്തിനുശേഷം നാസികള്‍ക്കെതിരെ പോരാടിത്തുടങ്ങി. അവര്‍ നാസികള്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചു. രാത്രികാലങ്ങളിലെത്തി നാസികളെ ഉന്മൂലനം ചെയ്യുന്ന അവരെ അങ്ങനെയാണ് ജര്‍മ്മന്‍ 'രാത്രികാല ദുര്‍മന്ത്രവാദിനികള്‍' എന്ന് വിശേഷിപ്പിച്ചത്. 

ആ അനുഭവത്തെ കുറിച്ച് റുഡ്നേവ എഴുതുന്നതിങ്ങനെ: ജീവിതത്തിലാദ്യമായി പത്ത് മിനിറ്റോളം തുടര്‍ച്ചയായി ഞാന്‍ ആകാശത്ത് നിന്നു. അതെനിക്കെന്‍റെ രണ്ടാം ജന്മം പോലെയാണ് അനുഭവപ്പെട്ടത്. അതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്‍തമായി ലോകത്തെ കാണുകയായിരുന്നു അപ്പോള്‍ മുതല്‍ ഞാന്‍. ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എന്‍റെ ജീവിതം എന്തായിരിക്കുമായിരുന്നുവെന്ന് ഞാന്‍ ഭയന്നുപോയി. എങ്ങനെയായിരിക്കും എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ എന്നെ കുറിച്ച് ചിന്തിക്കുക. അവളുടെ എല്ലാ സുഹൃത്തുക്കളും യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി. എന്‍റെ മകള്‍ മാത്രം ഒരു വിഡ്ഢിയായിരുന്നുവെന്ന്. ഞാനൊരു കുഞ്ഞുപദ്യം ഇവിടെ ക്വോട്ട് ചെയ്യുകയാണ്, 'അച്ഛന് ആണ്‍മക്കളെ കുറിച്ച് മാത്രമല്ല അവരുടെ പെണ്‍മക്കളെ കുറിച്ചോര്‍ത്തും അഭിമാനം കൊള്ളാന്‍ അവസരം നല്‍കൂ.' 

1942 -ലാണ് റുഡ്നേവയുടെ സംഘം യുദ്ധത്തിലെ മുന്‍നിര പോരാളികളാവുന്നത്. പുരുഷപൈലറ്റുമാരില്‍ നിന്നും പലവിധ സമ്മര്‍ദ്ദങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. അതുപോലെ തന്നെ സ്ത്രീകള്‍ നാസികള്‍ക്കെതിരെ മുന്‍നിരയില്‍ നിന്നും പോരാടുന്നുവെന്നത് മാധ്യമശ്രദ്ധയുമാകര്‍ഷിച്ചു. 'വാര്‍ത്തകള്‍ വായിക്കുന്നവര്‍ എന്നെ കാണുന്നത് ഹീറോയിനെ പോലെയാണ്. പക്ഷേ, ഞാനും എല്ലാവരെയും പോലെ തന്നെയാണ്. എനിക്കും പ്രായമാകുന്നു. ഇപ്പോള്‍ തന്നെ എനിക്ക് 22 വയസ് കഴിഞ്ഞു'വെന്ന് റുഡ്നേവ ഡയറിയിലെഴുതിയിരിക്കുന്നു. 

അവര്‍ക്ക് ലഭിച്ചിരുന്നത് po-2 എയര്‍ക്രാഫ്റ്റുകളായിരുന്നു. സത്യത്തില്‍ അത് യുദ്ധത്തിന് വേണ്ടി രൂപകല്‍പന ചെയ്ത ഒന്നായിരുന്നില്ല. അവരത് രാത്രികാലങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിനുള്ള വിമാനങ്ങളാക്കി. ഓരോ മിഷനും ഒരു മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്നതായിരുന്നു. ഇന്ധനം നിറയ്ക്കാനായി അവര്‍ ബേസിലെത്തുകയും പിന്നീട് വീണ്ടും തിരികെ പോവുകയും ചെയ്യും. ശൈത്യകാലത്തെ നീണ്ട രാത്രികളില്‍ ഒരുദിവസം 15 മിഷനെങ്കിലും പൂര്‍ത്തിയാക്കാനുണ്ടാവും. 

യുദ്ധത്തിനുശേഷം സ്റ്റോക്കിംഗുകള്‍ മാത്രം ധരിക്കുക എന്നത് വിചിത്രമായിത്തോന്നാം. ഞ‌ാനിപ്പോള്‍ അണ്ടര്‍പാന്‍റ്, പാന്‍റ്, വൂള്‍ സോക്സ് എന്നിവയാണ് ധരിച്ചിരിക്കുന്നത്. ഒരു ആണ്‍കുട്ടിയെ പോലെയാണ് ഞാന്‍ വേഷം ധരിച്ചിരിക്കുന്നത്. നിങ്ങളില്‍ നിന്നും അകലെയായിരിക്കുക എന്നത് എനിക്ക് എളുപ്പമായ കാര്യമാണ് എന്ന് കരുതരുത്. ഹൃദയം കൊണ്ട് ഞാന്‍ നിങ്ങളെ അങ്ങേയറ്റം മിസ് ചെയ്യുന്നു. യുദ്ധത്തിനുശേഷവും ഞാന്‍ ജീവിച്ചിരിക്കുന്നത് കാണാനാഗ്രഹിക്കുന്ന മനുഷ്യരുണ്ട് എന്നത് എനിക്ക് സമാധാനം തരുന്നു. ഇടയ്ക്ക് എനിക്ക് കുറച്ച് സമയം കിട്ടും. അത് മിക്കപ്പോഴും മിഷന്‍ കഴിഞ്ഞുവരുന്ന തെളിഞ്ഞൊരു രാത്രിയായിരിക്കും. ആ സമയത്ത് ഞാന്‍ പൈലറ്റായ ബെറ്റല്‍ഗസിനെയോ സൈറിയസിനെയോ കാണും. അപ്പോള്‍ ഞങ്ങള്‍ ഒരുകാലത്ത് എനിക്ക് പ്രിയപ്പെട്ടവയായിരുന്നതും ഇപ്പോളെന്നില്‍ നിന്നും ഒരുപാട് അകലെയായിരിക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കും. 

മറ്റൊരു ദിവസം ഡയറിയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. പക്ഷേ, ഇപ്പോഴും ഞാന്‍ എഴുതാനാവുന്ന അവസ്ഥയില്‍ തന്നെയാണ്. എന്‍റെ കൈകളും കാലുകളും ഇപ്പോഴും വിറക്കുന്നുണ്ട്. വിമാനങ്ങള്‍ കത്തിവീഴുന്നത് ഞാന്‍ കാണുന്നു. എന്‍റെ വിമാനം ഒരു മദ്യാസക്തനെപ്പോലെ പറക്കുകയാണ്. പക്ഷേ, ഞാനത് കാര്യമാക്കുന്നില്ല. രാത്രി 11 മണിക്ക് മറ്റൊരു വിമാനം വെടിവെച്ചിട്ടിരുന്നു. ഒരുനിമിഷം എന്‍റെ ഹൃദയം നിലച്ചുപോയി. ആരാണ് തിരികെയെത്തുന്നതെന്നറിയാന്‍ ഓരോ വിമാനം വരുമ്പോഴും ഞാന്‍ അതിനടുത്തേക്ക് ഓടി. പക്ഷേ, എന്‍റെ സുഹൃത്ത് ഗാല്യ തിരികെ വന്നില്ല. 

റെജിമെന്‍റിന് 32 അംഗങ്ങളെയാണ് ആ കാലത്ത് നഷ്‍ടപ്പെട്ടത്. 1944 ഏപ്രിലില്‍ റുഡ്നേവയുടെ വിമാനവും വെടിവെച്ചിടപ്പെട്ടു. 'ഭാവിയെന്നെ സംബന്ധിച്ച് അനിശ്ചിതമാണ്. പക്ഷേ, ഞാന്‍ വളരെയധികം സന്തുഷ്‍ടയാണ്' എന്ന് അതിനുമുമ്പ് അവള്‍ ഡയറിയില്‍ കുറിച്ചിരുന്നു. യുദ്ധത്തിനുശേഷം അവളുടെ റെജിമെന്‍റിലെ ശേഷിച്ച പോരാളികളെല്ലാം എല്ലാ മേയ് മാസവും രണ്ടാം തീയതി മോസ്കോയിലൊത്തുകൂടും. 1950 -ലാണ് റുഡ്നേവയുടെ കത്തുകളും ഡയറിക്കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നത്. 1972 ൽ സൗരയൂഥത്തിന്റെ ഒരു ഛിന്നഗ്രഹത്തിന് അവളുടെ പേര് നല്‍കി. റുഡ്നേവ എന്നാണ് അത് അറിയപ്പെടുന്നത്. 

(കടപ്പാട്: ബിബിസി)