കാട്ടിലൂടെ നടക്കാനിറങ്ങിയ ആരോ ആണ് അസ്ഥികൂടം ആദ്യമായി കാണുന്നത്. ഒരു കയ്യിൽ കൈവിലങ്ങുണ്ടായിരുന്നു. അതിന്റെ മറ്റേയറ്റം തൊട്ടടുത്തുള്ള ഒരു മരത്തിൽ ബന്ധിച്ച ചങ്ങലയിൽ പൂട്ടിയിരുന്നു. . ദേഹത്ത് അടിഞ്ഞുകൂടിയിരുന്ന കരിയിലകൾക്കിടയിലൂടെ തലയോട്ടി മാത്രം പുറത്തേക്ക് കാണാവുന്ന നിലയിലായിരുന്നു കിടപ്പ്. തലയിൽ അപ്പോഴും അയാളുടെ ഓവർകോട്ടിന്റെ തുണിത്തൊപ്പി(hood) മൂടിയിരുന്നു.  

 റഷ്യയിലെ മോസ്‌കോ നഗരത്തിനടുത്തുളള ഷാൻടുരാ പ്രവിശ്യയിലാണ് സംഭവം. ഉടനടി പോലീസിനെ വിളിച്ചു വരുത്തി അയാൾ. പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ അത് രണ്ടു വർഷം മുമ്പ് കാണാതായ ഇവാൻ ക്ലൂച്ചറേവ് എന്നയാളുടെ അസ്ഥികൂടമാണെന്ന് തെളിഞ്ഞു.  മൃതദേഹത്തിനരികിൽ നിന്നും  അഞ്ചു സെറ്റ് കൈവിലങ്ങുകൾ, ആറു പാഡ് ലോക്കുകൾ, മൂന്ന് മെറ്റൽ ചെയിനുകൾ, പലവിധം കെട്ടുകളെപ്പറ്റിയുള്ള ഒരു പുസ്തകം എന്നിവയും കണ്ടെടുത്തു. അധികം ദൂരെയല്ലാതെ ഒരാൾക്ക് കിടക്കാൻ പാകത്തിനുള്ള ഒരു ടെന്റും പോലീസ് കണ്ടെത്തി. മൃതദേഹത്തിന് നേരെ ഫോക്കസ് ചെയ്തു വെച്ചിരുന്ന ഒരു കാമറയും സ്ഥലത്തുനിന്നും  കിട്ടി. കാമറയുടെ മെമ്മറി കാർഡുകൾ പോലീസ് പരിശോധിച്ച് വരികയാണ്. 

ഈ മരണത്തെപ്പറ്റി മൂന്ന് തിയറികൾ പ്രാഥമികമായും പോലീസിനുണ്ട്. 

തിയറി 1 :

ഒരു സാഹസികനായിരുന്നു മരിച്ച ഇവാൻ. കാടുകൾക്കുള്ളിൽ ചെന്ന് താമസിച്ച് അതിജീവനം നടത്തുന്നതിലും. അതീവ ദുഷ്കരമായ ഹൈക്കിങ്ങുകൾ നടത്തുന്നതിലും, അതിശയകരമായ മാജിക് ട്രിക്കുകൾ രംഗത്തെത്തിക്കുന്നതിലും ഒക്കെ അയാൾക്ക് കമ്പമുണ്ടായിരുന്നത്രെ. കാട്ടിനുള്ളിൽ ഒരു ഹുഡിനി എസ്‌കേപ്പ് ട്രിക്ക് പരീക്ഷിക്കുന്നതിനിടെ ഇവാൻ തന്നെത്തന്നെ കൈവിലങ്ങണിയിച്ച്, മറ്റേയറ്റം മരത്തെച്ചുറ്റിയ ചങ്ങലയിലിട്ട് പൂട്ടി താക്കോൽ വലിച്ചെറിഞ്ഞതാവാം. അതിനു ശേഷം രക്ഷപ്പെടാനുള്ള അയാളുടെ ഏകാന്ത പരിശ്രമങ്ങൾ പരാജയപ്പെട്ടുപോയിക്കാണും. ഒടുവിൽ അയാൾ ആ കാട്ടിൽ ഒറ്റയ്ക്ക് ബന്ധിതനായിക്കിടന്ന് ഒടുവിൽ മരണത്തിനു കീഴടങ്ങിക്കാണും.

ദേഹമാസകലം ചങ്ങലകളും പാഡ് ലോക്കുകളും കൊണ്ട് ബന്ധിച്ച ശേഷം പരസഹായം കൂടാതെ ആ ബന്ധനങ്ങളിൽ നിന്നെല്ലാം നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്ന മാജിക് ട്രിക്കാണ് ഹുഡിനി എസ്‌കേപ്പ് ട്രിക്. 

'ഹാരി ഹുഡിനി ഇന്ദ്രജാല പ്രകടന വേളയിൽ '

തിയറി 2 : 

ഇവാനെക്കുറിച്ചുള്ള പോലീസിന്റെ പ്രാഥമികാന്വേഷണങ്ങളിൽ തെളിയുന്നത്, അയാൾ ഒരു BDSM കമ്പക്കാരനാണ് എന്നാണ്. പങ്കാളികൾ പരസ്പരം ബന്ധിതരാക്കിക്കൊണ്ട്, ഒരു പരിധി വരെ പരസ്പര പീഡയിലൂടെ മുന്നേറുന്ന തരം തീവ്രബന്ധമാണ് BDSM തത്പരർ തമ്മിലുണ്ടാവുക. ഇവാന്റെ  കൂടെ ഒരു ലൈംഗിക പങ്കാളി കൂടി ഉണ്ടായിരുന്നു എന്നും കൈവിട്ട ഏതോ സെക്സ് ഗെയിമിനിടെ അയാൾ എങ്ങനെയോ മരിച്ചുകാണും എന്നും പേടിച്ച പങ്കാളി അയാളെ അങ്ങനെ തന്നെ വിട്ട് ഓടിപ്പോയ്ക്കാണും എന്നും പോലീസ് പറയുന്നു. ഇക്കാര്യം, ആ കാമറയിൽ പതിഞ്ഞ രംഗങ്ങൾ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ വ്യക്തമാവും. ആ വഴിക്കുള്ള ശ്രമങ്ങൾ ഫോറൻസിക് വിദഗ്ധർ നടത്തുന്നുണ്ട്

 

 

'സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കൈവിലങ്ങുകളും പാഡ് ലോക്കുകളും '

തിയറി 3 : 

ഇവാനുമായി വ്യക്തിവൈരാഗ്യമുള്ള ആരെങ്കിലും ഒരാൾ ഏതെങ്കിലും വിധേന അയാളെ വധിച്ച ശേഷം, മേൽപ്പറഞ്ഞ രണ്ടു സാധ്യതകളിൽ ഒന്നെന്നു തോന്നിക്കും വിധം മൃതദേഹത്തെ ഉപേക്ഷിച്ചു കടന്നതാവാം.  എന്നിട്ട് കുറ്റകൃത്യം നടന്നിടത്ത് വളരെ വിദഗ്ധമായ രീതിയിൽ തെളിവുകൾ സ്ഥാപിച്ച് കടന്നുകളഞ്ഞതാവും പ്രതി. എന്തായാലും ഈ മൂന്നു സാധ്യതകളും പരിഗണിച്ചു കൊണ്ടുള്ള ഒരു അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട്. 

സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് 

ഇടത്തെകയ്യിലായിരുന്നു കൈവിലങ്ങെന്നതാണ് ഇത് അയാൾ സ്വയം ഒരു ഹുഡിനി എസ്‌കേപ്പ് ട്രിക്ക് പരീക്ഷിക്കാൻ ചെയ്തു പരാജയപ്പെട്ടതാവും എന്ന സംശയം പോലീസിന് തോന്നിപ്പിക്കാൻ കാരണം. എന്തായാലും ഇതൊരു കൊലപാതകമോ, അല്ലെങ്കിൽ ഒരു പങ്കാളിയുമായി കാടിനുനടുവിൽ നടത്തിയ ലൈംഗികകേളിക്കിടയിലെ ഏതെങ്കിലും സാഹസകൃത്യം പാളിയുണ്ടായ അപകടമരണമോ ഒക്കെയും ആവാം എന്നും അവർ പറയുന്നു. ഏതിനും കൃത്യമായ ഫോറൻസിക് അന്വേഷണം അധികം താമസിയാതെ ഒരു തീരുമാനത്തിൽ എത്തിക്കും എന്നവർ ഉറപ്പു പറയുന്നുണ്ട്.