കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹികമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കൊലപാതക വീഡിയോ ഉണ്ട്. ഹെൽമെറ്റ് കയ്യിൽ പിടിച്ചുകൊണ്ട് ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുന്ന ഒരു യുവാവ്. അയാൾക്ക്‌ പിന്നാലെ കയ്യിൽ തോക്കും ചൂണ്ടിപ്പിടിച്ച് ചെല്ലുന്ന മറ്റൊരു യുവാവ്. പെട്ടെന്ന് വെടിപൊട്ടുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട ആദ്യത്തെ വെടിയുണ്ട തന്നെ മുന്നിൽ ഓടിപ്പോയ യുവാവിന്റെ നെറ്റി തുളച്ചുകൊണ്ട് കടന്നു പോകുന്നു. ആ യുവാവ് നിന്ന് നിൽപ്പിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു വീണ്ടുപോകുന്നു. അയാളുടെ തലയിൽ നിന്ന് രക്തം ടാപ്പുതുറക്കുമ്പോൾ എന്ന പോലെ കുതിച്ചു ചാടുന്നു. പിന്നാലെ പാഞ്ഞു വന്ന യുവാവ് അപ്പോഴേക്കും വീണയാളുടെ തൊട്ടടുത്തെത്തുന്നു. നിലത്ത് വീണുകിടക്കുന്ന യുവാവിന്റെ തലയിൽ പിന്നാലെ വന്നയാൾ മൂന്നു വെടിയുണ്ടകൾ നിക്ഷേപിക്കുന്നു. മരിച്ചു എന്നുറപ്പിച്ച ശേഷം അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ തിരികെ ആ മൃതദേഹത്തിന്റെ അടുത്തേക്ക് നടന്നു ചെല്ലുന്നു. പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ചോരവാർന്ന് മരിച്ചുകിടക്കുന്ന ആ യുവാവിന്റെ ഒരു ഫോട്ടോ എടുക്കുന്നു. എന്നിട്ട്, എങ്ങോട്ടോ അപ്രത്യക്ഷനാകുന്നു. 

 

 

ഒക്ടോബർ 22 -ണ് പട്ടാപ്പകൽ ഈ വെടിവെപ്പ് നടത്തിയ യുവാവിനെ കഴിഞ്ഞ ദിവസം ദില്ലി പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. അറസ്റ്റു ചെയ്ത യുവാവിനോട് പൊലീസ് ആദ്യം ചോദിച്ച സംശയം മറ്റുപലർക്കും തോന്നിയിരുന്നു. കൊന്ന ശേഷം എന്തിനാണ് ഫോട്ടോ എടുത്തത്?

ദില്ലിയിലെ മോഹൻ ഗാർഡൻ എന്ന ഏരിയയിൽ ആയിരുന്നു സംഭവം. അവിടെ 55 ഫീറ്റ് റോഡ് എന്നൊരു സ്ഥലമുണ്ട്. ആ റോഡിൽ നാലഞ്ച് വെടിയുണ്ടകൾ പായുന്ന ശബ്ദം കേട്ടു എന്നൊരു റിപ്പോർട്ടാണ് ആദ്യം പൊലീസിന് കിട്ടിയത്. അന്വേഷിച്ചു ചെന്നപ്പോൾ റോഡിനു നടുവിൽ ചത്തുമലച്ചു കിടക്കുന്ന വികാസ് യാദവ് എന്ന യുവാവിനെ പൊലീസ് കണ്ടെത്തി. കൂടുതൽ വിവരം തപ്പിയെടുത്തപ്പോഴാണ് പൊലീസിന് മരിച്ചയാളെപ്പറ്റി വിശദാംശങ്ങൾ കിട്ടുന്നത്. പുനീത് യാദവ് എന്ന ദൃക്‌സാക്ഷിയുടെ മൊഴിയിൽ നിന്ന് വെടിവെച്ച ആളെപ്പറ്റിയും പൊലീസിന് വിവരം കിട്ടി. അക്രമിയുടെ പേര് കോമൾ ഗെഹ്ലോത്ത് എന്നായിരുന്നു. കോമാളിന്റെ അച്ഛൻ പവൻ ഗെലോത്ത് ആണ്  വധിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെ വികാസ് യാദവിനെ ചായകുടിക്കാൻ തന്റെ ഓഫീസിലേക്ക് ക്ഷണിച്ചത്. ആദ്യം പവൻ ഗെഹ്ലോതിനെ പൊലീസ് അറസ്റ്റു ചെയ്യുന്നു. പിന്നാലെ കോമൾ ഗെഹ്ലോത്തിനെയും പൊലീസ് പിടികൂടുന്നു.

കൊലപാതകത്തിന്  പിന്നിലെ മാസങ്ങൾ മുമ്പുള്ള ഒരു പകയായിരുന്നു എന്ന് പൊലീസിന് ബോധ്യപ്പെട്ടു. കഴിഞ്ഞ വർഷം, പവൻ ഗെഹ്ലോത്തിന്റെ സഹോദരൻ ഗോലു എന്നുവിളിക്കുന്ന പ്രവീൺ വെടിയേറ്റ് മരിച്ചിരുന്നു. അതിനു പിന്നിൽ പ്രദീപ് സോളങ്കി ഗാങ്ങിൽ പ്രവർത്തിക്കുന്ന ഗുണ്ടയായ വികാസ് യാദവ് ആണെന്ന് പവന് മനസ്സിലായി. കാരണം, മരിക്കും മുമ്പുതന്നെ ഗോലു തനിക്ക് വികാസിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ഇടയ്ക്കിടെ വീട്ടിൽ പറയുമായിരുന്നു. ഒടുവിൽ ഒരു ദിവസം പ്രവീൺ കൊല്ലപ്പെട്ടപ്പോൾ, അതിനു പിന്നിൽ വികാസ് യാദവ് തന്നെ എന്നുറപ്പിച്ചാണ് പവൻ ഗെഹ്ലോതും മകൻ കോമളും ചേർന്ന് വികാസിനെ കൊലപ്പെടുത്താൻ പ്ലാനിടുന്നത്. 

ഒക്ടോബർ 22 -ന് പവൻ ഗെഹ്ലോത്ത്, ചായ കുടിക്കാനും അതുവരെയുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനും എന്ന ഭാവേന വികാസ് യാദവിനെ തന്റെ ഓഫീസിൽ വിളിച്ചു വരുത്തുകയായിരുന്നു. വികാസ് വരുന്നതും കാത്ത് ഓഫീസിനു പുറത്ത് കാത്തുനിന്ന മകൻ കോമൾ വികാസിനെ തന്റെ അമ്മാവനെ കൊന്നതിനു പ്രതികാരമായി, അവിടെ വെച്ച് പട്ടാപ്പകൽ വെടിവെച്ചു കൊന്നതും, അതിനു ശേഷം മൊബൈലിൽ ഫോട്ടോ പിടിച്ചതും. ഈ സംഭവത്തിന്റെ ആരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായത്.