Russia Ukraine War :  റഷ്യന്‍ സാമ്രാജ്യം പുനര്‍നിര്‍‍മ്മിക്കുക എന്നതാണ് പുടിന്‍റെ ലക്ഷ്യം അതിനായി യുക്രൈന്‍ എന്ന രാജ്യം തന്നെ യാഥാര്‍ത്ഥത്തില്‍ ഇല്ലെന്ന നുണയുടെ പുറത്താണ് പുടിന്‍റെ ആക്രമണം. 

ഒരു ആഴ്ച തികയും മുന്‍പേ തന്നെ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ (Russia) പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍ (Vladimir Putin) തോല്‍ക്കുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ യുവാൽ നോവാ ഹരാരി (Yuval Noah Harari). ദ ഗാര്‍ഡിയനിലെ ലേഖനത്തിലാണ് ഹരാരി തന്‍റെ വാദങ്ങള്‍ നിരത്തുന്നത്. ചിലപ്പോള്‍ വലിയ യുദ്ധം പുടിന്‍ ജയിച്ചേക്കാം എന്നാല്‍ ഇവിടെ പരാജയ പക്ഷത്താണ് അദ്ദേഹം ഹരാരി പറയുന്നു. ഹരാരി പുടിന്‍റെ പരാജയമായി വിലയിരുത്തുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്.

റഷ്യന്‍ സാമ്രാജ്യം പുനര്‍നിര്‍‍മ്മിക്കുക എന്നതാണ് പുടിന്‍റെ ലക്ഷ്യം അതിനായി യുക്രൈന്‍ എന്ന രാജ്യം തന്നെ യാഥാര്‍ത്ഥത്തില്‍ ഇല്ലെന്ന നുണയുടെ പുറത്താണ് പുടിന്‍റെ ആക്രമണം. അവിടെ റഷ്യന്‍ ജനതയാണ് യുക്രൈന്‍ ജനതയില്ലെന്ന് കീവും, ഖര്‍കീവും എല്ലാം റഷ്യന്‍ ഭരണത്തിന് കീഴിലാക്കാന്‍ കൊതിച്ച് പുടിന്‍ നുണ പറയുന്നു. എന്നാല്‍ മോസ്കോ ഒരു ഗ്രാമമായിരുന്ന കാലത്ത് കീവ് ഒരു മെട്രോപോളിസ് ആയിരുന്നു എന്നതാണ് ചരിത്രം ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം യുക്രൈന് ഉണ്ട്. എന്നാല്‍ യുക്രൈനെ സംബന്ധിച്ച് റഷ്യ നിരന്തരം നുണ പറയുന്നു, അത് അവരെക്കൂടി വിശ്വസിപ്പിക്കാനാണ്.

തനിക്ക് അറിയുന്ന വസ്തുകള്‍ വച്ചാണ് പുടിന്‍ ഉക്രൈനെ ആക്രമിച്ചത്. ഒന്ന് റഷ്യയുടെ സൈനിക ശേഷിക്ക് മുന്നില്‍ യുക്രൈന്‍ ഒന്നുമല്ല, രണ്ട് നാറ്റോ ഒരിക്കലും അംഗമല്ലാത്ത യുക്രൈനെ സഹായിക്കില്ല, റഷ്യയെ പലകാര്യത്തിലും ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാന്‍ എത്തില്ല. അതിനാല്‍ തന്നെ യുക്രൈനെ അതിവേഗം കീഴടക്കി അവിടെ ഒരു പാവ സര്‍ക്കാര്‍ ഉണ്ടാക്കമെന്നും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങളെ മറികടക്കാമെന്നും റഷ്യ കരുതി.

എന്നാല്‍ റഷ്യയും പുടിനും മനസിലാക്കാത്ത ഒരു വലിയ വസ്തുത ഇതിന് പിന്നില്‍ ഉണ്ട്. അത് അമേരിക്ക ഇറാഖിലും, സൊവിയറ്റ് യൂണിയന്‍ മുന്‍പ് അഫ്ഗാനിസ്ഥാനിലും നേരിട്ടതാണ്. ഒരു രാജ്യം ആക്രമിച്ച് കീഴടക്കുന്നതിലും കഷ്ടമാണ് അവിടെ നിലയുറപ്പിച്ച് അതിനെ നിലനിര്‍ത്തുക എന്നത്. പുടിന് അറിയാം തനിക്ക് യുക്രൈന്‍ കീഴടക്കാന്‍ ശക്തിയുണ്ടെന്ന്. എന്നാല്‍ മോസ്കോയുടെ പാവ ഭരണം യുക്രൈന്‍ ജനത അംഗീകരിക്കുമോ? പുടിന്‍ അത്തരം ഒരു ചൂതാട്ടത്തിന് തയ്യാറാകുമോ.

ഒരോ ദിവസം കഴിയുന്നതിന് അനുസരിച്ച് പുടിന്റെ ചൂതാട്ടം പരാജയത്തിലേക്കാണ് പോകുന്നത്. യുക്രൈന്‍ ജനത അവരുടെ ഹൃദയത്തില്‍ നിന്ന് പോരാടുകയാണ്. ലോകത്തിന്‍റെ മൊത്തം ആദരവ് പിടിച്ചുപറ്റുകയാണ്. അവര്‍ ചിലപ്പോള്‍ യുദ്ധം ജയിക്കും പോലെയാണ് പോരാടുന്നത്. ചിലപ്പോള്‍ കറുത്ത നുണ ദിനങ്ങള്‍ വരാം. റഷ്യക്കാര്‍ മുഴുവന്‍ യുക്രൈനും കീഴടക്കിയേക്കാം. എന്നാല്‍ യുദ്ധം ജയിക്കില്ല, അതിന് റഷ്യക്കാര്‍ യുക്രൈനില്‍ നിലനില്‍ക്കണം. അതിന് കഴിയണമെങ്കില്‍ യുക്രൈന്‍ ജനത റഷ്യക്കാരെ അംഗീകരിക്കണം. ഇന്നത്തെ അവസ്ഥയില്‍ അത്തരം ഒരു വിദൂര സാധ്യത പോലും ഇല്ല.

നശിപ്പിക്കപ്പെടുന്ന ഒരോ റഷ്യന്‍ ടാങ്കും, കൊല്ലപ്പെടുന്ന ഒരോ റഷ്യന്‍ സൈനികനും യുക്രൈന്‍റെ പോരാട്ടത്തെയും ധീരതയെയും വര്‍ദ്ധിപ്പിക്കും. എന്നാല്‍ കൊല്ലപ്പെടുന്ന ഒരോ യുക്രൈനിയുടെ ഓര്‍മ്മയും റഷ്യയ്ക്കെതിരായ വെറുപ്പായി മാറും. ഏറ്റവും മോശം വികാരമാണ് വെറുപ്പ്. എന്നാല്‍ ശത്രുരാജ്യത്തിനെതിരായ യുദ്ധത്തില്‍ വെറുപ്പ് ഒരു നിധിയാണ്. ഈ ശത്രുവിനോടുള്ള വെറുപ്പ് ഹൃദയത്തില്‍ അടിഞ്ഞ് കൂടിയാല്‍ ചിലപ്പോള്‍ പ്രതിരോധവും ചെറുത്ത് നില്‍പ്പും തലമുറകളോളം നീണ്ടേക്കാം. പുടിന്‍റെ റഷ്യന്‍ സാമ്രാജ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അയാള്‍ക്ക് വേണ്ടത് രക്തചൊരിച്ചില്‍ ഇല്ലാത്ത യുദ്ധങ്ങളും, സൌഹൃദപരമായ കടന്നുകയറ്റങ്ങളുമാണ്. അതിനാല്‍ യുക്രൈനില്‍‍ പൊടിയുന്ന ഒരോ തുള്ളി രക്തവും പുടിന്‍റെ സ്വപ്നം ഇല്ലാതാക്കും. റഷ്യന്‍ സാമ്രാജ്യത്തിന്‍റെ മരണസര്‍ട്ടിഫിക്കറ്റില്‍ ഗോര്‍ബച്ചേവിന്‍റെ പേര് മാറി പുടിന്‍റെ പേര് വരും. കാരണം ഗോര്‍ബച്ചേവ് പോകുമ്പോള്‍ റഷ്യയും യുക്രൈനും സഹോദര രാജ്യങ്ങളെപ്പോലെയായിരുന്നു. എന്നാല്‍ പുടിന്റെ കാലത്ത് അത് പരസ്പരം പോരടിക്കുന്ന ശത്രുരാജ്യങ്ങളായി.

ഒരു രാജ്യം ഉടലെടുക്കുന്നത് കഥകളിലാണ്. കഴിയുന്ന ഒരോ ദിവസത്തിലും യുക്രൈന് ഒരോ കഥ ലഭിക്കുകയാണ്. അവരുടെ വരും തലമുറകള്‍ക്ക് അവരുടെ മഹാത്തായ രാജ്യത്തെക്കുറിച്ചും, അതിന്‍റെ പോരാട്ടത്തെക്കുറിച്ചും പറഞ്ഞു കൊടുക്കാന്‍. തലസ്ഥാനം വിട്ട് ഓടിപ്പോകാത്ത പ്രസിഡന്‍റ്, അമേരിക്കയോട് തങ്ങള്‍ക്ക് ആയുധം തരൂ എന്ന് പറയുന്നു, കീഴടങ്ങാന്‍ പറഞ്ഞപ്പോള്‍ റഷ്യക്കാരെ തെറിവിളിച്ച്, ഒടുവില്‍‍ വീരമൃത്യുവരിച്ച സര്‍പ്പ ദ്വീപിലെ 13 സൈനികര്‍, റഷ്യന്‍ ടാങ്ക് പെട്രോള്‍ ബോംബ് വച്ച് തകര്‍ത്ത സിവിലിയന്മാര്‍‍ ഇങ്ങനെ പല കഥകള്‍. ഇവയെല്ലാം ഒരു രാജ്യം ഉടലെടുക്കുന്ന വീരഗാഥകളാണ്. ചിലപ്പോള്‍ ആയിരം ടാങ്കുകളെക്കാള്‍ ഈ കഥകള്‍ ഗുണം ചെയ്യും.

പുടിന് ഇത് ആരെക്കാളും നന്നായി അറിയാം. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസികളുടെ മുന്നേറ്റത്തെ ലെനിന്‍ഗ്രാഡില്‍ പിടിച്ചുകെട്ടിയ സോവിയറ്റ് വീരഗാഥയാണ് അവരുടെ രാഷ്ട്ര നിര്‍മ്മിതിയിലെ വീരഗാഥകളില്‍ ഒന്ന്. പക്ഷെ ഇപ്പോള്‍ ആ റോള്‍ നേര തിരിച്ച് ഹിറ്റ്ലര്‍‍ വേഷം എടുത്തണിയുകയാണ് പുടിന്‍.

ലോകത്തിന് തന്നെ ഒരു വഴികാട്ടിയാകും യുക്രൈന്‍ ധീരതയുടെ കഥകള്‍. തങ്ങളുടെ സിവിലിയന്‍ കൈകളാല്‍ റഷ്യന്‍ ടാങ്കുകളെ വെല്ലുവിളിക്കുന്ന യുക്രൈന്‍റെ ധീരത റഷ്യയെ എതിര്‍ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്, അമേരിക്കന്‍ ഭരണകൂടത്തിന്, റഷ്യയിലെ തന്നെ എതിര്‍ശബ്ദങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ഊര്‍ജ്ജമാകും. അതിനാല്‍ തന്നെയാണ് ജര്‍മ്മനി യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത്. റഷ്യയെ സ്വിഫ്റ്റില്‍ നിന്നും നീക്കം ചെയ്തത്. റഷ്യക്കാര്‍ തെരുവില്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നത്.

ലോകത്തിനെ തന്നെ ചിലപ്പോള്‍ മാറ്റി മറിക്കുന്നതാകാം യുക്രൈയിന്‍ റഷ്യ യുദ്ധം. ചിലപ്പോള്‍ അതിക്രമം വിജയിച്ചേക്കാം. ചിലപ്പോള്‍ അതിന്‍റെ തിരിച്ചടികള്‍ നാം നേരിട്ടേക്കാം. അപ്പോള്‍ നമ്മുക്ക് നിരീക്ഷകരായി നില്‍ക്കാന്‍ സാധിക്കില്ല. എഴുന്നേറ്റ് നിന്ന് ഒരു നിലപാട് പറഞ്ഞേ പറ്റൂ. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ യുദ്ധം ഏറെക്കാലം നീണ്ടുനിന്നേക്കാം. അത് പലരൂപത്തിലായിരിക്കാം. എന്നാല്‍ ഇതിലെ പ്രധാന പ്രശ്നം ഇപ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന് മനസിലായി യുക്രൈന്‍ ഒരു ശരിയായ രാജ്യമാണ്, അവിടുത്തെ ജനത യഥാര്‍ത്ഥ യുക്രൈനികളാണ്. എന്നാല്‍, അവരുടെ അസ്ഥിതിത്വം ചോദ്യം ചെയ്ത റഷ്യയുടെ കാതുകളില്‍ ഈ ഉത്തരം എപ്പോ എത്തും എന്നതാണ് ചോദ്യം.

( Sapiens: A Brief History of Humankind പോലുള്ള ലോക പ്രശസ്ത പുസ്തകങ്ങളുടെ രചിതാവാണ് യുവാൽ നോവാ ഹരാരി)