Asianet News MalayalamAsianet News Malayalam

ചൈനയുടെ കൂട്ടുപിടിച്ച് സ്വന്തം രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ സിംബാബ്‍വെ, ആശങ്കയില്‍ ജനങ്ങള്‍

എംനന്‍ഗാവ അധികാരത്തിൽ വന്നതിനുശേഷം ഫേസ്ബുക്കിലും ട്വിറ്ററിലും തൊഴിലാളി പ്രതിഷേധത്തെ പിന്തുണച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് നിരവധി വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Zimbabwe trying to build a surveillance state
Author
Zimbabwe, First Published Dec 9, 2019, 10:14 AM IST

സിംബാബ്‌വെ എന്ന രാജ്യം ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ച വർഷമാണ് 2017. റോബർട്ട് മുഗാബെ എന്ന സ്വേച്ഛാധിപതിയുടെ 37 വർഷത്തെ ഭരണമവസാനിച്ച വര്‍ഷം...  ജനങ്ങൾ അന്ന് ഹരാരെയിലെ തെരുവുകളിൽ സന്തോഷം കൊണ്ട് നൃത്തംവച്ചു.  

1980 ൽ ബ്രിട്ടന്‍റെ ഭരണത്തിൽനിന്ന് മോചനം നേടിയ രാജ്യം, അതിനുശേഷമുള്ള നീണ്ട 37 വർഷങ്ങളും  മുഗാബെയുടെ ഭരണത്തിൻ കീഴിലായിരുന്നു. സിംബാബ്‌വെയെ നശിപ്പിച്ച സാമ്പത്തിക നയങ്ങളുടെ രചയിതാവായിട്ടാണ് മുഗാബെയെ അവിടെ ജനങ്ങള്‍ കണക്കാക്കിയിരുന്നത്. 93 -കാരനായ നേതാവിന്‍റെ ഭരണത്തിൽ അസംതൃപ്‍തരായ സിംബാബ്‌വെക്കാർ ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ തുടങ്ങി. പതുക്കെ അവരുടെ പ്രതിഷേധം വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യമൊട്ടാകെ വ്യാപിച്ചു. അക്കാലത്ത്, സിംബാബ്‌വെയിൽ ഉപയോഗിച്ച മൊബൈൽ ഡാറ്റയുടെ മൂന്നിലൊന്ന് ഭാഗവും വാട്‌സാപ്പിനുവേണ്ടിയുള്ളതായിരുന്നു. പൗരന്മാർ സർക്കാർ വിരുദ്ധ വാർത്തകളും പ്രകടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാട്‌സാപ്പിലൂടെ പരസ്പരം പങ്കിട്ടിരുന്നതായിരുന്നു കാരണം.

പ്രതിഷേധങ്ങൾക്കൊടുവിൽ 2017 -ൽ മുഗാബെയുടെ ഭരണം അവസാനിക്കുന്നു. തുടർന്നുണ്ടായ രണ്ട് വർഷത്തെ പട്ടാള ഭരണത്തിനൊടുവിൽ 2019 -ൽ എമ്മേഴ്സൺ എംനന്‍ഗാവ സിംബാബ്‌വെയുടെ പ്രസിഡൻറ്റായി അധികാരമേറ്റു. അധികം താമസിയാതെ പുതിയ സർക്കാരും ശബ്‌ദമുയർത്തുന്നവർക്കെതിരെ അടിച്ചർത്തൽ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. വെറും നടപടികളല്ല, രാജ്യത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വരെ നിരീക്ഷണ സാങ്കേതികവിദ്യകളും നിയമവും ഉപയോഗിച്ച് സർക്കാർ  നിശബ്ദമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ.  

സിംബാബ്‌വെ പാർലമെന്‍റ്  ഇതിനായി നിയമനിർമ്മാണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്. 2019 -ലെ സൈബർ ക്രൈം, സൈബർ സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ എന്നറിയപ്പെടുന്ന ബില്ലിന്‍റെ ഏറ്റവും പുതിയ പതിപ്പ് കഴിഞ്ഞ മാസം പ്രസിഡന്റ് എമ്മേഴ്സൺ എംനന്‍ഗാവയുടെ മന്ത്രിസഭ പാസാക്കിയിരുന്നു. ഇപ്പോൾ അത് പാർലമെന്‍റിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

നിയമനിർമ്മാണത്തിനുശേഷം കാര്യങ്ങൾ കൈവിട്ട് പോകുമെന്ന്‌ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. “ഇത് വളരെ ഗുരുതരമായ ഒരു നിയമനിർമ്മാണമായിരിക്കും” സിംബാബ്‌വെ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ബെക്കെസെല ഗംബോ പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിച്ച് എതിരാളികളെ തടവിലാക്കാൻ സർക്കാരിന് നിയമപരമായ അധികാരം നൽകുന്ന ഒന്നാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ലിന്‍റെ അന്തിമ പതിപ്പിൽ എന്താണുള്ളതെന്ന് പൊതുജനങ്ങൾക്ക് ഇപ്പോഴും കൃത്യമായി അറിയില്ലെങ്കിലും, ഇത് പക്ഷെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ജനങ്ങൾ പറയുന്നു. “കുറ്റകൃത്യങ്ങളുടെ നിർവചനങ്ങൾ വളരെ വിശാലമായ രീതിയിൽ വിവരിച്ചിരിക്കുന്നു. ആളുകൾ സർക്കാരിനെ വിമർശിക്കാനോ സർക്കാരിനെതിരായി എന്തെങ്കിലും പറയാനോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നപക്ഷം അവരെ അറസ്റ്റ് ചെയ്യാൻ ഈ നിയമം വഴി സാധിക്കും” മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമ വിദഗ്ധനായ കുഡ ഹോവ് പറഞ്ഞു.

മുഗാബെയുടെ അധികാരം നഷ്ടപ്പെടുന്നതിനിടയിലാണ് കമ്പ്യൂട്ടർ ക്രൈം, സൈബർ ക്രൈം ബില്ലിന്‍റെ ആദ്യ പതിപ്പ് തയ്യാറാക്കിയത്. മന്ത്രിസഭ അംഗീകരിച്ച ഏറ്റവും പുതിയ ബില്ലിനെക്കുറിച്ച് വിവരങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിച്ചിരികയാണ്. ജനുവരിയിൽ, സർക്കാർ ഇന്റർനെറ്റ് ആക്സസ് ഭാഗികമായി നിർത്തുകയും ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, ടിൻഡർ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഇന്ധനവില കുത്തനെ ഉയർത്തിയതിനെക്കുറിച്ചും സാമ്പത്തികസ്ഥിതി മോശമാകുന്നതിനെതിരെയും പ്രതിഷേധം തടയാൻ വേണ്ടിയുള്ളതായിരുന്നു സർക്കാരിന്‍റെ ഈ നീക്കം. ഇന്‍റർനെറ്റ് പ്രവർത്തനം നിരോധിച്ചതിന്‍റെ പിന്നാലെയുണ്ടായ ക്രൂരമായ സൈനിക ആക്രമണത്തെത്തുടർന്ന് ഒരു ഡസൻ ആളുകൾ മരിക്കുകയും 170 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. പിന്നീട് ഒരാഴ്‍ചയ്ക്ക് ശേഷം ഹൈക്കോടതി ഉത്തരവോടെ ഇന്‍റർനെറ്റിലേക്കുള്ള പ്രവേശനം പുനർസ്ഥാപികുകയാണുണ്ടായത്.

എംനന്‍ഗാവ അധികാരത്തിൽ വന്നതിനുശേഷം ഫേസ്ബുക്കിലും ട്വിറ്ററിലും തൊഴിലാളി പ്രതിഷേധത്തെ പിന്തുണച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് നിരവധി വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. "ഭരണഘടനയിൽ പൗരന്മാർക്ക് നൽകിയിട്ടുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്ന ഒരു രാജ്യത്താണ് ഞങ്ങൾ. ആളുകൾക്ക് സ്വതന്ത്രമായി സംസാരിക്കാൻ അനുവാദമില്ല. സംസാരിച്ച അല്ലെങ്കിൽ എതിർത്ത ആളുകളുടെ അറസ്റ്റുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്" ഒരു പ്രവർത്തകൻ പറഞ്ഞു.

ഇപ്പോൾ, എംനന്‍ഗാവയുടെ ഭരണത്തിൻ കീഴിൽ, ഓൺ‌ലൈനിൽ സ്വതന്ത്രമായ സംസാരിക്കുന്നതിനെതിരെയും സിംബാബ്‍വെ നിയന്ത്രണം കൊണ്ടുവരികയാണ്. അതും ലോകത്ത് ഏറ്റവും മോശമായി ഇൻറർനെറ്റിനെ ദുരുപയോഗം ചെയ്യുന്ന ചൈനയുടെ കൂട്ടുപിടിച്ച്. ചൈന ഇതിനകം തന്നെ സിംബാബ്‌വെ സർക്കാരിന് തങ്ങളുടെ പൗരന്മാരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു തുടങ്ങി. പുതിയ സൈബർ സുരക്ഷാ നിയമം പൗരന്മാരുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവരുടെ ഓഫ്‌ലൈൻ നീക്കങ്ങളും നിരീക്ഷിക്കുന്നതിലൂടെ ജനങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാകുമെന്ന് വിമർശകർ ആശങ്കപ്പെടുന്നു.

Follow Us:
Download App:
  • android
  • ios