ദില്ലി: വന്‍ സുരക്ഷവീഴ്ച സംഭവിച്ചതായി തുറന്ന് സമ്മതിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍. ഒരു മലിഷ്യസ് കോഡ് ഉപയോഗിച്ച് ട്വിറ്റര്‍ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ കടന്നുകയറി അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ട്വിറ്റര്‍ ശനിയാഴ്ച സമ്മതിച്ചത്. അതിനാല്‍ ആന്‍ഡ്രോയ്ഡ് ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യണം എന്നും ട്വിറ്റര്‍ ആവശ്യപ്പെടുന്നു. ഇ-മെയില്‍ വഴി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് എല്ലാം ട്വിറ്റര്‍ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ അയച്ചിട്ടുണ്ട്.

എന്നാല്‍ ഈ പ്രശ്നത്താല്‍ എന്തെങ്കിലും തരത്തിലുള്ള ഡാറ്റ നഷ്ടമോ, പ്രത്യക്ഷതങ്ങളോ ഉണ്ടായതായി ഇതുവരെ തെളിവില്ലെന്നും ട്വിറ്റര്‍ പറയുന്നു. ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞ ട്വിറ്റര്‍ ഭാവിയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തല്‍പ്പരാണെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. പുതിയ പ്രശ്നം കാണപ്പെടുന്നത് ആന്‍ഡ്രോയ്ഡില്‍ മാത്രമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ബാധിക്കില്ലെന്നാണ് ട്വിറ്റര്‍ പറയുന്നത്.

26.7 കോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്കിന്‍റെ കൈയ്യില്‍ നിന്നും ചോര്‍ന്നതായി ആരോപണം ഉയരുന്നതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.  ഇത്രയും പേരുടെ ഫേസ്ബുക്കില്‍ നല്‍കിയ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റബേസ് കണ്ടെത്തിയെന്നാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കംപെയര്‍ടെക്കും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ബോബ് ഡിന്‍ചെന്‍കോയും പറയുന്നത്. ഫേസ്ബുക്ക് യുസര്‍ ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഡാറ്റബേസില്‍ ഉള്ളതെന്നും. വിയറ്റ്നാം സൈബര്‍ ക്രിമിനലുകള്‍ നടത്തിയ സ്ക്രാപിംഗ് വഴിയാണ് ഇത് ചോരാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.