എഐ രംഗത്ത് കിടമത്സരം മുറുകുന്നു, Qwen 2.5-Max ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ച് ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ

ഹാങ്ഝൗ: എഐ കിടമത്സരത്തില്‍ ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി. ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ പുതിയ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ്. 'Qwen 2.5-Max' എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ Qwen 2.5-Max, ഡീപ്സീക്കിന്‍റെയും ചാറ്റ്‌ജിപിടിയുടെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ മറികടക്കുമെന്ന് ആലിബാബ അവകാശപ്പെട്ടു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്ക് വലിയ തരംഗമായിരിക്കുന്നതിനിടെയാണ് ചൈനയില്‍ നിന്ന് അടുത്ത എഐ മോഡലിന്‍റെ വരവ്. ആലിബാബ അവതരിപ്പിച്ച Qwen 2.5-Max എന്ന ചാറ്റ്‌ബോട്ടിന് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4oയെയും ഡീപ്‌സീക്ക്-വി3യെയും മറികടക്കാനാവുമെന്ന് ആലിബാബയുടെ ക്ലൗ‍ഡ് ഡിവിഷന്‍ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ അവകാശപ്പെട്ടു. 

ഡീപ്‌സീക്ക് അടുത്തിടെ പുറത്തിറക്കിയ 'ഡീപ്‌സീക്ക് ആ‌ർ1' എന്ന എഐ മോഡല്‍ വലിയ തരംഗമാണ്. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ ജിപിടി ഓ1നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ വികസിപ്പിച്ചതെന്ന് ഡീപ്‌സീക്ക് അവകാശപ്പെടുന്ന ഡീപ്‌സീക്ക് ആ‌ർ1. ഓപ്പണ്‍ എഐ അടക്കമുള്ള യുഎസ് ടെക് ഭീമന്‍മാരെ ഡീപ്‌സീക്ക് ആ‌ർ1ന്‍റെ വരവ് വിറപ്പിച്ചിരുന്നു. ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഡീപ്‌സീക്ക് മറികടന്നിരുന്നു. യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താനും ഡീപ്‌സീക്കിന്‍റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലിനായി. 

എഐ രംഗത്ത് ചൈനീസ് എതിരാളിയായ ഡീപ്‌സീക്കിനെയും ആഗോള കൊലകൊമ്പന്‍മാരായ ഓപ്പണ്‍ എഐയെയും ഗൂഗിളിനെയും മെറ്റയെയും വിറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആലിബാബയുടെ നീക്കം. ആലിബാബയും രംഗത്തിറങ്ങിയതോടെ എഐ രംഗത്തെ മത്സരം മുറുകും. 

Read more: വൈറലായതിന് പിന്നാലെ പുലിവാൽ പിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ്; ഡീപ്സീക്ക് ഡാറ്റകള്‍ ചോർന്നെന്ന് കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം