ആദ്യമായി ഒരു ആപ്പില്‍ വോയിസ് കോള്‍ സംവിധാനം അവതരിപ്പിച്ചത് നിംബസ് ആയിരുന്നു. അതിന് പുറമേ വിവിധ പ്ലാറ്റ്ഫോമുകളിലെ ചാറ്റിംഗ് സംവിധാനങ്ങളെ സംയോജിപ്പിക്കാനും നിംബസിന് സാധിച്ചിരുന്നു. 

ദില്ലി: നിരവിധി ചാറ്റിംഗ് ആപ്പുകള്‍ ഉള്ള ഈക്കാലത്ത് ഒരു കാലത്ത് ഈ രംഗത്തെ ട്രെന്‍റ് സെറ്ററായിരുന്ന നിംബസിനെ ഓര്‍ക്കുന്നവര്‍ ഏറെയായിരിക്കും. ലോകത്ത് ആന്‍ഡ്രോയ്ഡ് വിപ്ലവം തുടങ്ങുന്ന കാലത്ത് സ്മാര്‍ട്ട്ഫോണ്‍ ചാറ്റിംഗ് സംസ്കാരം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സജീവമാക്കിയ ആപ്പായിരുന്ന നിംബസ്. എന്നാല്‍ പിന്നീട് മറ്റു ആപ്പുകളുടെ കുതിച്ചുകയറ്റത്തില്‍ വിസ്മൃതിയിലായിപ്പോയി ഈ ആപ്പ്. 

ആദ്യമായി ഒരു ആപ്പില്‍ വോയിസ് കോള്‍ സംവിധാനം അവതരിപ്പിച്ചത് നിംബസ് ആയിരുന്നു. അതിന് പുറമേ വിവിധ പ്ലാറ്റ്ഫോമുകളിലെ ചാറ്റിംഗ് സംവിധാനങ്ങളെ സംയോജിപ്പിക്കാനും നിംബസിന് സാധിച്ചിരുന്നു. എന്നാല്‍ വീണ്ടും നിംബസ് വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ചെറിയ പ്രോഫൈല്‍ പിക് മാറ്റിയതാണ് എല്ലാവരും മറന്ന പഴയകാല 'ലെജന്‍റ്'ആപ്പിന്‍റെ ഓര്‍മ്മകള്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ കാരണമായത്.

ഇപ്പോൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്ത നിംബസ് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതോടെ പഴയ നിംബസ് പ്രേമികള്‍ കുതിച്ചെത്തി. 'ചത്തില്ലെ', 'ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ' തുടങ്ങിയ ചോദ്യങ്ങളാണ് പലരും ഉയര്‍ത്തിയത്. ഒപ്പം പണ്ട് നിംബസ് ഉപയോഗിച്ചിരുന്ന കാലത്തെ ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ട് കമന്‍റ് ബോക്സില്‍. എന്തായാലും പഴയ ടെക് കാലത്തേക്ക് ഒരു ടൈം ട്രാവലറാണ് നിംബസിന്‍റെ പേജില്‍ ഇപ്പോള്‍ നടക്കുന്നത്.

2008 ലാണ് നിംബസ് അവതരിപ്പിക്കപ്പെട്ടത്. അക്കാലത്തെ സ്മാര്‍ട്ട് ഫോണ്‍ ഒഎസുകളായ സിംബിയൻ, ജാവ ഫോണുകളിലൂടെയാണ് നിംബസ് വിപണി പിടിച്ചത്. പക്ഷെ ഈ ആധിപത്യം താല്‍ക്കാലകമായിരുന്നു, 2012-13 കാലഘട്ടത്തോടെ ആൻഡ്രോയ്ഡിന്‍റെ ജൈത്രയാത്ര തുടങ്ങിയതോടെ നിംബസിന്‍റെ അടിത്തറ ഇളകി. ആന്‍ഡ്രോയ്ഡ് പതിപ്പ് ഉണ്ടായിരുന്നെങ്കിലും പഴയ പോലെ ക്ലിക്ക് ആയില്ല. ഏറ്റവും അവസാനം 20 മാസം മുൻപാണ് നിംബസ് ആൻഡ്രോയ്ഡ് വേർഷന്‍റെ അവസാന അപ്ഡേറ്റ് വന്നത്. ഐഒഎസിലെ അവസാന അപ്ഡേറ്റ് രണ്ട് വർഷം മുൻപായിരുന്നു. ഇപ്പോഴും നിംബസിന്‍റെ 25 ശതമാനം ഉപഭോക്താക്കളും ഇന്ത്യയിലാണ് എന്നാണ് കണക്ക്.