മദ്യപിച്ചെത്തിയ മകനും പിതാവും തമ്മില്‍ പണത്തെ ചൊല്ലി വഴക്കിട്ടു.  വഴക്കിനിടെ പ്രകോപിതനായ മകന്‍ മനോഹറിനെ കത്തികൊണ്ട് തുരുതുരാ കുത്തുകയായിരുന്നു.

ദില്ലി: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന മകന്‍ അച്ഛനെ കുത്തിക്കൊന്നു. ദില്ലിയിലെ ഫത്തേപൂർ ബെറി പ്രദേശത്താണ് സംഭവം. അറുപത്തൊന്നുകാരനായ മനോഹർ ലാലാണ് മരിച്ചത്. സംഭവത്തില്‍ മനോഹര്‍ ലാലിന്‍റെ മകന്‍ ബല്‍വാനെ(29) പൊലീസ് അറസ്റ്റ് ചെയ്തു.

ഫത്തേപൂർ പ്രദേശത്തെ ഭീം ബസ്തിക്ക് സമീപം ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തിയ മകനും പിതാവും തമ്മില്‍ പണത്തെ ചൊല്ലി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ മകന്‍ മനോഹറിനെ കത്തികൊണ്ട് തുരുതുരാ കുത്തുകയായിരുന്നു. വയറില്‍ നിരവധി കുത്തേറ്റ മനോഹര്‍ ലാലിനെ അതീവഗുരതരാവസ്തയിലാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇദ്ദേഹത്തെ എയിംസ് ട്രോമ സെന്‍ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ ബല്‍വാനെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മനോഹർ ലാലിന്‍റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. നിര്‍മ്മാണ തൊഴിലാളിയായിരുന്ന മനോഹര്‍ ഏറെ നാളായി മകനോടൊപ്പമാണ് താമസിച്ച് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.