Asianet News MalayalamAsianet News Malayalam

പരസ്യങ്ങള്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്നു; ഒടുവില്‍ നയം മാറ്റി ഫേസ്ബുക്ക്

അതേ സമയം പരസ്യങ്ങള്‍ പിന്‍വലിക്കാനുള്ള യൂണിലിവറിന്‍റെ പ്രഖ്യാപനത്തോടെ ഫേസ്ബുക്കിന്‍റെ ഓഹരികള്‍ക്ക് 7 ശതമാനം ഇടിവ് സംഭവിച്ചു.

Facebook policy changes fail to quell advertiser revolt as Brands pulls ads
Author
Facebook, First Published Jun 27, 2020, 10:44 AM IST

ന്യൂയോര്‍ക്ക്: പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്‍മാറുന്ന പാശ്ചത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും, വിദ്വേഷ പോസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. വെള്ളിയാഴ്ച ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ നയങ്ങള്‍ ഓണ്‍ലൈന്‍ ടൌണ്‍ഹാള്‍ പരിപാടിയിലൂടെ പ്രഖ്യാപിച്ചത്.

പ്രമുഖ അമേരിക്കന്‍ കോര്‍പ്പറേറ്റായ യൂണിലിവര്‍ ഫേസ്ബുക്ക് വഴിയുള്ള അടുത്ത ആറുമാസത്തെ പെയ്ഡ് പരസ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പ്രഖ്യാപനം. 

പുതിയ നയപ്രഖ്യപനത്തിലെ പ്രധാന പൊയന്‍റ് ഫേസ്ബുക്കിന്‍റെ പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റും ലേബല്‍ ചെയ്യും എന്നതാണ്. എന്നാല്‍ അത് പ്രധാന്യമുള്ള പോസ്റ്റാണെങ്കില്‍ അത് നിലനിര്‍ത്തും. ഉദാഹരണത്തിന് കഴിഞ്ഞമാസം ട്വിറ്റര്‍ യുഎസ് പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിനോട് ചെയ്തത് പോലെ.മെയ് മാസത്തില്‍ ട്രംപ് ചെയ്ത ബാലറ്റ് സംബന്ധിച്ച ട്വീറ്റ് ഫാക്ട് ചെക്ക് വേണ്ടതാണെന്ന് ലേബല്‍ ചെയ്തു. ഇത് വലിയ വിവാദമായി. 

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയക്കാരുടെ പോസ്റ്റുകളും ഇത്തരത്തില്‍ ലേബല്‍ ചെയ്യും എന്നതും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബാലറ്റ് സംബന്ധിച്ച ഡൊണാല്‍ഡ് ട്രംപിന്‍റെ ട്വീറ്റ് ട്വിറ്റര്‍ ലേബല്‍ ചെയ്തത് വിവാദമായപ്പോള്‍ ട്രംപിനെ പരോക്ഷമായി അനുകൂലിച്ച വ്യക്തിയാണ് സുക്കര്‍ബര്‍ഗ്. ഇതിനെതിരെ ഫേസ്ബുക്ക് ജീവനക്കാര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഈ വിഷയത്തില്‍ യൂടേണ്‍ എടുക്കുന്നത്. തെരഞ്ഞെടുപ്പ് പരസ്യങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതിപൂര്‍വ്വമായ ചര്‍ച്ചകള്‍ ഇത് ഇല്ലാതാക്കും എന്നാണ് കഴിഞ്ഞവാരം വരെ ഫേസ്ബുക്ക് വ്യക്തമാക്കിയത്. 

അതേ സമയം ഒരാളുടെ വോട്ടവകാശം ഹനിക്കുന്ന പോസ്റ്റുകളും, സംഘര്‍ഷത്തിന് ഇടയാക്കുന്ന പോസ്റ്റുകളും അതിവേഗം ഇപ്പോഴത്തെ ഗൈഡ് ലൈന്‍ അനുസരിച്ച് തന്നെ ഫേസ്ബുക്ക് നീക്കം ചെയ്യും. അതില്‍ പോസ്റ്റ് ചെയ്ത വ്യക്തി എത്ര വാര്‍ത്തപ്രധാന്യമുള്ളയാളാണ് എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

അതേ സമയം പരസ്യങ്ങള്‍ പിന്‍വലിക്കാനുള്ള യൂണിലിവറിന്‍റെ പ്രഖ്യാപനത്തോടെ ഫേസ്ബുക്കിന്‍റെ ഓഹരികള്‍ക്ക് 7 ശതമാനം ഇടിവ് സംഭവിച്ചു. ഫേസ്ബുക്കിന്‍റെ വരുമാനത്തിന്‍റെ 98 ശതമാനം ഏതാണ്ട് 70 ബില്ല്യണ്‍ യുഎസ് ഡോളര്‍ വരുന്നത് പരസ്യ വരുമാനത്തില്‍ നിന്നാണ് ഇതിന് ഭീഷണി നേരിട്ടതാണ് ഫേസ്ബുക്കിനെ മാറ്റി ചിന്തിപ്പിക്കുന്നത്.

അതേ സമയം ഫേസ്ബുക്കിന്‍റെ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോള്‍ പരസ്യം പിന്‍വലിക്കല്‍ ക്യാംപെയിന്‍ മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊക്കകോള, ഹോണ്ട, ഹെര്‍ഷൈ, ലുലുലെമണ്‍, ജാന്‍സ്പോര്‍ട്ട് എന്നിങ്ങനെ നൂറോളം ബ്രാന്‍റുകള്‍ ഫേസ്ബുക്കിലെ പെയ്ഡ് പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios