Asianet News MalayalamAsianet News Malayalam

ഓർഡർ ചെയ്തത് ഒരുലക്ഷത്തിന്റെ ടിവി, കിട്ടിയത് വില കുറഞ്ഞത്; പരാതി വൈറൽ, ഒടുവിൽ പ്രതികരിച്ച് ഫ്ളിപ്പ്കാർട്ട്

ആര്യന്‍ എന്ന യുവാവാണ് തെറ്റായ ടിവി തനിക്ക് ലഭിച്ചെന്ന് ആരോപിച്ച് എക്‌സിലൂടെ രംഗത്തെത്തിയത്. 

flipkart reaction on youth receives thomson tv Instead of sony joy
Author
First Published Oct 26, 2023, 6:17 PM IST

ദില്ലി: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ ഒരുലക്ഷത്തിന്റെ സോണി ടിവി ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വില കുറഞ്ഞ തോംസണ്‍ കമ്പനിയുടെ ടിവിയെന്ന് ആരോപണം. ആര്യന്‍ എന്ന യുവാവാണ് തെറ്റായ ടിവി തനിക്ക് ലഭിച്ചെന്ന് ആരോപിച്ച് എക്‌സിലൂടെ രംഗത്തെത്തിയത്. 

ലോകകപ്പ് ക്രിക്കറ്റ് മികച്ച കാഴ്ചാനുഭവത്തോടെ ആസ്വദിക്കാനായാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ സോണിയുടെ ടിവി ഓര്‍ഡര്‍ ചെയ്തതെന്ന് ആര്യന്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഒരു ലക്ഷത്തിന്റെ സോണിക്ക് പകരം തനിക്ക് ലഭിച്ചത് തോംസണിന്റെ വില കുറഞ്ഞ ടിവിയാണെന്ന് ചിത്രങ്ങള്‍ സഹിതം ആര്യന്‍ ആരോപിച്ചു. ഒക്ടോബര്‍ ഏഴാം തീയതിയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് സോണി ടിവി ഓര്‍ഡര്‍ ചെയ്തത്. 10-ാം തീയതി ടിവി എത്തി. 11-ാം തീയതി  ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആളും വന്നു. അദ്ദേഹം തന്നെയാണ് ടിവി അടങ്ങിയ പെട്ടി അണ്‍ബോക്‌സ് ചെയ്തത്. എന്നാല്‍ ബോക്‌സിനുള്ളില്‍ സോണിക്ക് പകരം തോംസണിന്റെ ടിവിയാണ് ഉണ്ടായിരുന്നത്. അതിനൊപ്പം സ്റ്റാന്‍ഡും റിമോട്ടുമുണ്ടായിരുന്നെന്ന് ആര്യന്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 

ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് അറിയിച്ചു. എന്നാല്‍ പരിഹരിക്കാമെന്ന ഉറപ്പ് അവര്‍ നല്‍കിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി ആയില്ല. വീണ്ടും അവരെ ബന്ധപ്പെട്ട് പ്രശ്‌നം ഉന്നയിച്ചു. തുടര്‍ന്ന് അവര്‍ നിര്‍ദേശിച്ചപ്രകാരം ടിവിയുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തു. എന്നാല്‍ വീണ്ടും പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്ന് ആര്യന്‍ പറഞ്ഞു. ഇതോടെയാണ് സംഭവം വിവരിച്ച് എക്‌സില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സിലൂടെ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ടിവി റിട്ടേണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സമീപനത്തില്‍ ക്ഷമ ചോദിക്കുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കാം. ഓര്‍ഡര്‍ വിശദാംശങ്ങള്‍ രഹസ്യമായി മെസേജ് ചെയ്യുകയെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പോസ്റ്റിലൂടെ അറിയിച്ചത്. ആര്യന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയത്.

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 3 ലക്ഷം കോടി 
 

Follow Us:
Download App:
  • android
  • ios