ഫോക്സ്കോണും എഐ കിടമത്സരത്തിന്, എന്‍വിഡിയയുടെ സഹായത്തോടെ കമ്പനിയുടെ ആദ്യ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ചു 

തായ്പെയ്: ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്‌ട്രോണിക്സ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ കമ്പനി അവരുടെ ആദ്യ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) അവതരിപ്പിച്ചു. 'ഫോക്‌സ്‌ബ്രെയിന്‍' എന്നാണ് ഈ ലാര്‍ജ് ലാംഗ്വേജ് മോഡലിന്‍റെ പേര്. ചൈനീസ്, തായ്‌വാനീസ് ഭാഷകള്‍ക്കായി ഒപ്റ്റ്‌മൈസ് ചെയ്ത ആദ്യ എഐ മോഡലാണ് ഫോക്‌സ്‌ബ്രെയിന്‍.

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണവും വിതരണവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ 'ഫോക്‌സ്‌ബ്രെയിന്‍' എന്ന എഐ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 120 എന്‍വിഡിയ എച്ച്100 ജിപിയുകള്‍ ഉപയോഗിച്ചാണ് ഫോക്‌സ്‌ബ്രെയിനിനെ പരിശീലിപ്പിച്ചിരിക്കുന്നത്. നാല് ആഴ്ചകള്‍ കൊണ്ട് ഈ എഐ മോഡലിന്‍റെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതായി കമ്പനി അവകാശപ്പെടുന്നു. മെറ്റയുടെ ലാമ 3.1 ആര്‍ക്കിടെക്‌ച്വറിന്‍റെ അടിസ്ഥാനത്തിലാണ് ഫോക്‌സ്‌ബ്രെയിന്‍റെ രൂപകല്‍പ്പന. പരമ്പരാഗത ചൈനീസ്, തായ്‌വാനീസ് ഭാഷാ ശൈലികൾക്ക് അനുയോജ്യമായ രീതിയിൽ റീസണിംഗ് കഴിവുകളുള്ള തായ്‌വാനിലെ ആദ്യത്തെ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ കൂടിയാണ് ഫോക്‌സ്‌ബ്രെയിന്‍. ചാറ്റ്‌ജിപിടി അടക്കമുള്ള എഐ ഭീമന്‍മാരെ പിടിച്ചുലച്ച ചൈനയുടെ ഡീപ്‌സീക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പെര്‍ഫോമന്‍സ് അല്‍പം പിന്നിലാണെങ്കിലും, ലോകോത്തര നിലവാരമുണ്ട് ഫോക്‌സ്‌ബ്രെയിനിന് എന്ന് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ അവകാശപ്പെട്ടു. 

ഫോക്സ്‌കോണ്‍ കമ്പനിയുടെ ആഭ്യന്തരമായ ആവശ്യങ്ങള്‍ക്കായാണ് ഫോക്‌സ്‌ബ്രെയിന്‍ ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെങ്കിലും മോഡലിന്‍റെ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, ഓപ്പൺ സോഴ്‌സ് വിവരങ്ങൾ പങ്കിടുന്നതിനും, എഐ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക പങ്കാളികളുമായി സഹകരിക്കാൻ പദ്ധതിയിടുന്നതായി ഫോക്‌സ്‌കോൺ പ്രസ്താവനയില്‍ പറഞ്ഞു. ഫോക്‌സ്‌ബ്രെയിന്‍റെ ട്രെയിനിംഗിന് തായ്‌വാനിലെ ഏറ്റവും വലിയ സൂപ്പര്‍ കമ്പ്യൂട്ടറായ തായ്‌പെയ്-1 സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പിന്തുണ എന്‍വിഡിയ നല്‍കിയതായി ഫോക്സ്കോണ്‍ അറിയിച്ചു. എന്‍വിഡിയയുടെ ഉടമസ്ഥതയിലും മേല്‍നോട്ടത്തിലുമുള്ള സൂപ്പര്‍ കമ്പ്യൂട്ടറാണ് തായ്‌പെയ്-1. 

ഫോക്‌സ്‌കോണ്‍ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലിനെ കുറിച്ച് എന്‍വിഡ‍ിയയുടെ ജിടിസി ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. മാര്‍ച്ച് മാസം മധ്യത്തിലാണ് ഈ കോണ്‍ഫറന്‍സ് നടക്കുക. ഐഫോണുകള്‍ ഉള്‍പ്പടെ അസ്സെംബിള്‍ ചെയ്യുന്ന കമ്പനിയായ ഫോക്സ്കോണ്‍, എന്‍വിഡ‍ിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സെല്‍വറുകളുടെ നിര്‍മാതാക്കള്‍ കൂടിയാണ്. 

Read more: വൈറലായതിന് പിന്നാലെ പുലിവാൽ പിടിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ്; ഡീപ്സീക്ക് ഡാറ്റകള്‍ ചോർന്നെന്ന് കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം