മുംബൈ: ഗൂഗിള്‍ പേ വീണ്ടും സ്റ്റാമ്പ് ഓഫറുമായി രംഗത്ത് എത്തുന്നു. ദീപാവലി സീസണില്‍ ഗൂഗിള്‍ പേയ്ക്ക് വന്‍ ജനപ്രീതി നല്‍കിയ ഓഫറായിരുന്നു സ്റ്റാമ്പ് കളക്ഷന്‍. ഇത് വരുന്ന ന്യൂ ഇയര്‍ കാലത്തും നടപ്പിലാക്കാനാണ് ഗൂഗിള്‍ നടത്തുന്ന പേമെന്‍റ് ആപ്പ് ആലോചിക്കുന്നത്. ഇതിനുള്ള മാറ്റങ്ങള്‍ ആപ്പില്‍ ഗൂഗിള്‍ വരുത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗൂഗിള്‍ പേയില്‍ പേമെന്‍റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ വച്ച് വലിയ സമ്മാനം നേടുവാനുള്ള അവസരമാണ് ഗൂഗിള്‍ പേ ദീപാവലിക്ക് ഒരുക്കിയത്. ഇത് ഗൂഗിള്‍പേയുടെ ഇന്ത്യയിലെ പ്രചാരം കുത്തനെ വര്‍ദ്ധിപ്പിച്ചു എന്നാണ് ടെക് ലോകത്തെ സംസാരം. ഇത്തരത്തിലുള്ള ഓഫറുകള്‍ ഗൂഗിളിന്‍റെ എതിരാളികളും അവതരിപ്പിച്ചെങ്കിലും ക്ലിക്ക് ആയത് ഗൂഗിള്‍ പേ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ദീപാവലി ഓഫര്‍ കാലത്ത് എത്ര പേർക്ക് സമ്മാനം കിട്ടിയെന്നോ എത്രത്തോളം പേർ പങ്കെടുത്തു എന്നോ എന്നത് സംബന്ധിച്ചുള്ള ഒരു രേഖയും ഗൂഗിൾ പേ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന അനൗദ്യോഗിക വാര്‍ത്തകള്‍ ആയതിനാല്‍ എന്തൊക്കെയാണ് പുതുവത്സര ഓഫറില്‍ ഉള്‍കൊള്ളുന്നത് എന്ന് സംബന്ധിച്ച് ഉണ്ടാകുക എന്നത് ഇപ്പോഴും ഉറപ്പില്ല. സ്റ്റാമ്പുകൾ നേടുന്നതിനുള്ള രണ്ട് മാർഗങ്ങളായി 2020 ക്യംപെയ്‌നിൽ ക്യാമറയും മൈക്രോഫോണും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.