ദില്ലി: പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്‍റെ പേമെന്‍റ് ആപ്പ് ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ചാണ് പുതിയ ഓഫറുമായി രംഗത്ത് എത്തുന്നത്. 'ഇന്ത്യക്കാരെ യാചകരാക്കുന്ന പരിപാടി'യെന്ന് ട്വിറ്ററിലും മറ്റും ട്രോളുകള്‍ നിറഞ്ഞ സമ്മാനപദ്ധതികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പേ നടത്തിയത്. അതിന് സമാനമാണ് പുതിയ പദ്ധതി.

2020 ഗെയിം എന്നാണ് പുതിയ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുകയോ പേയ്‌മെന്റുകൾ നടത്തുന്നതിലൂടെ 7 സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക. 7 സ്റ്റാമ്പുകൾ കിട്ടികഴിഞ്ഞാൽ 202 മുതൽ 2020 രൂപ വരെ മൂല്യമുള്ള വൗച്ചറുകൾ, സ്ക്രാച്ച് കാർഡുകൾ എന്നിവ ലഭിക്കും. ഈ പദ്ധതി ഇപ്പോൾ ഗൂഗിൾ പേ ആപ്ലിക്കേഷനിൽ ഇപ്പോൾ തന്നെ ലഭ്യമാണ്.

സ്റ്റാമ്പുകൾ ശേഖരിക്കാൻ ഈ ഉപായങ്ങളാണ് ഉള്ളത്, ഒന്നാമത്തേത്, നിങ്ങൾ ഒരു ഇടപാടിൽ അല്ലെങ്കിൽ സുഹൃത്തിന് 98 രൂപയോ അതിൽ കൂടുതലോ പണമടയ്ക്കുക എന്നതാണ്. രണ്ടാമതായി, നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാം അല്ലെങ്കിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് ചെയ്യാം. മൂന്നാമതായി, ഗൂഗിൾ പേയ്‌ക്കായി സൈൻ അപ്പ് ചെയ്യാൻ നിങ്ങൾക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാം. 

ഈ പുതിയ ഉപയോക്താക്കൾ ആപ്ലിക്കേഷൻ വഴി ആദ്യത്തെ പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങൾ ഒരു സ്റ്റിക്കർ ലഭിക്കും. അവസാനമായി, നിങ്ങൾക്ക് സ്റ്റാമ്പുകൾ സമ്മാനമായി നൽകാനോ അഭ്യർഥിക്കാനോ കഴിയും. ഒരു സുഹൃത്ത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഗിഫ്റ്റ് ബോർഡിൽ ഒരു സ്റ്റാമ്പ് ലഭിക്കുമെന്നാണ് ഗൂഗിൾ പേ പറയുന്നത്.

ഗൂഗിള്‍ പേയില്‍ പേമെന്‍റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ വച്ച് വലിയ സമ്മാനം നേടുവാനുള്ള അവസരമാണ് ഗൂഗിള്‍ പേ ദീപാവലിക്ക് ഒരുക്കിയത്. ഇത് ഗൂഗിള്‍പേയുടെ ഇന്ത്യയിലെ പ്രചാരം കുത്തനെ വര്‍ദ്ധിപ്പിച്ചു എന്നാണ് ടെക് ലോകത്തെ സംസാരം. ഇത്തരത്തിലുള്ള ഓഫറുകള്‍ ഗൂഗിളിന്‍റെ എതിരാളികളും അവതരിപ്പിച്ചെങ്കിലും ക്ലിക്ക് ആയത് ഗൂഗിള്‍ പേ തന്നെയാണ്.