Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ഡിജിറ്റൽ മേഖലയിലെ ചൈനീസ് സാന്നിധ്യം അമ്പരപ്പിക്കുന്നത്, കണക്കുകൾ ഇങ്ങനെ

പല ചൈനീസ് ആപ്പുകളും ഒരാവശ്യവുമില്ലാതെയും സ്മാർട്ട് ഫോണുകളുടെ ക്യാമറ, മൈക്രോഫോൺ തുടങ്ങിയവ ഉപയോഗിക്കാനുള്ള അനുമതി ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്നുണ്ട് എന്നും വിശകലനത്തിൽ തെളിഞ്ഞു. 

How deep is the Chinese presence in the Indian soft market
Author
India, First Published Jul 1, 2020, 5:21 PM IST

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ, തിങ്കളാഴ്ച ചൈനയ്‌ക്കെതിരെ ഏറെ അപ്രതീക്ഷിതമായ ഒരു 'ഡിജിറ്റൽ' ആക്ഷൻ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. സുരക്ഷാ കാരണങ്ങളുടെ പേരിൽ, ചൈനീസ് നിയന്ത്രണത്തിലുള്ള 59 ആപ്പുകൾ ഇന്ത്യൻ സ്മാർട്ട് ഫോണുകളിൽ നിരോധിക്കുകയാണ് കേന്ദ്രം കഴിഞ്ഞ ദിവസം ചെയ്തത്. ഈ നടപടി ആഗോള അപ്ലിക്കേഷൻ വിപണിയിൽ തന്നെ വലിയ ചലനങ്ങളുണ്ടാക്കിയ ഒന്നാണ്.

നിരോധനം നടപ്പിലായതോടെ ഇന്ത്യൻ സ്മാർട്ട് ഫോണുകളിൽ  ടിക്‌ടോക്, ഹലോ, എക്സെൻഡർ തുടങ്ങിയ നിരവധി ആപ്പുകൾ പ്രവർത്തന രഹിതമാവുകയും ചെയ്തു. ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ചൈനയ്ക്ക് തിരിച്ചടിയാകുമോ ഇല്ലയോ എന്നൊക്കെയുള്ള നിരവധി സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ നിരോധനത്തിന്റെ ഫലസിദ്ധി ഇനിയും കൃത്യമായി വെളിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന യുവജനങ്ങളുടെ ഉത്സാഹത്തെ ചൂഷണം ചെയ്തുകൊണ്ട് പണമുണ്ടാക്കുന്ന പല ചൈനീസ് കമ്പനികൾക്കും കേന്ദ്രത്തിന്റെ ഈ നിരോധന നീക്കം എന്തായാലും ഒരു ഇരുട്ടടി തന്നെയാണ്.  

ഇന്ത്യയിൽ ചൈനീസ് കമ്പനികൾ നടത്തിയിട്ടുള്ള 'ഡിജിറ്റൽ' നിക്ഷേപങ്ങൾ

ഇന്ത്യയുടെ ഡാറ്റ അധിഷ്ഠിത സർവീസ് മാർക്കറ്റിൽ ചൈനീസ് ഭീമന്മാർക്കുള്ള നിക്ഷേപങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2018 -ൽ മാത്രം ഇന്ത്യയിലേക്ക് വന്നത് 5 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപമാണ്. കൺസ്യൂമർ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഇ കൊമേഴ്‌സ് എന്നിങ്ങനെ വിഭിന്ന സെക്ടറുകളിലായിട്ടാണ് ഈ നിക്ഷേപങ്ങൾ നടത്തപ്പെട്ടിട്ടുള്ളത്. ഏറ്റവും ആശങ്കയുളവാക്കുന്ന നിക്ഷേപങ്ങൾ BAT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മൂന്നു വൻ കമ്പനികളിൽ നിന്നാണ്. ബൈദു, ആലിബാബ, ടെൻസെന്റ് എന്നിവയാണ് ഈ മൂന്നു കമ്പനികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻഷ്യൽ ടെക്‌നോളജി, IoT  എന്നീ മേഖലകളിൽ വളരെ വലിയ നിക്ഷേപങ്ങളാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും ചൈനീസ് സർക്കാരിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങൾ ഇന്ത്യൻ സോഫ്റ്റ് സ്ഥാപനങ്ങളിൽ നടത്തിയിട്ടുള്ളത്. 

2024 ആവുന്നതോടെ ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ എണ്ണം 120 കോടി കടക്കും എന്നാണു കരുതപ്പെടുന്നത്. 2016 -നും, 2018 -നും ഇടയിൽ ഇന്ത്യയിലെ ആപ്പ് ഡൌൺലോഡ് ( iOS , Google Play  എന്നിവ ചേർത്തുള്ള കണക്കുകൾ) 165  ശതമാനം വർധിച്ചു എന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. അതിൽ 50 ശതമാനവും ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്പുകളായിരുന്നു. ഈ ആപ്പുകൾ വലിയ സെക്യൂരിറ്റി ഭീഷണികൾ ഉയർത്തുന്നുണ്ട് എന്നാണ് ഇന്ത്യൻ ഗവണ്മെന്റ് കരുതുന്നത്. 

 

How deep is the Chinese presence in the Indian soft market

 

ഇന്ത്യയിൽ ക്രോം(Google Chrome ) കഴിഞ്ഞാൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ബ്രൗസർ ആയ യൂസി ബ്രൌസർ അലിബാബയുടേതാണ്. അത് കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ മാർക്കറ്റിൽ നടത്തിയിട്ടുള്ളത് കോടികളുടെ നിക്ഷേപങ്ങളാണ്. പേ ടിഎം, സ്നാപ്പ് ഡീൽ, എന്നിവയിലും UC ബ്രൗസറിന് കാര്യമായ നിക്ഷേപങ്ങളുണ്ട്. പേ ടിഎം എന്ന സ്ഥാപനത്തിൽ മാത്രം അലിബാബയുടെ നിക്ഷേപം 575 മില്യൺ ഡോളറാണ്.

2018 -ൽ ടെന്‍സെന്റ് എന്ന ചൈനീസ് കമ്പനി ഇന്ത്യൻ സംഗീത സ്ട്രീമിങ് സ്ഥാപനമായ Gaana യിൽ നടത്തിയത് 115 മില്യൺ ഡോളറിന്റെ നിക്ഷേപമാണ്. മറ്റോട് OTT പ്ലാറ്റ്‌ഫോം മീഡിയ പ്ലെയർ ആയ MX പ്ലെയറിൽ ടെൻസെന്റ് നടത്തിയ നിക്ഷേപം നടത്തിയത് 110 മില്യൺ ഡോളറിന്റെ മറ്റൊരു നിക്ഷേപമായിരുന്നു. നിലവിൽ ടൈംസ് ഇന്റർനെറ്റ് ആണ് ഈ സ്ഥാപനത്തിന്റെ ഉടമ. 2016 -ൽ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാവായ Xiaomi Inc ഇന്ത്യൻ ഡിജിറ്റൽ മീഡിയ സ്ഥാപനമായ ഹംഗാമ ഡിജിറ്റൽ മീഡിയ  എന്റർടൈൻമെന്റിൽ നടത്തിയത് 25 മില്യൺ ഡോളറിന്റെ നിക്ഷേപം. 

അനാവശ്യമായ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നു എന്ന ആക്ഷേപം 

2018 -ൽ 560 മില്യൺ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ചൈനയ്ക്ക് തൊട്ട് പിന്നിലായിരുന്നു ഇന്ത്യയുടെ ഡിജിറ്റൽ മാർക്കറ്റിൽ സ്ഥാനം. ഈ ഉപഭോക്താക്കളിൽ നിന്ന് ചൈനീസ് ആപ്പുകൾ ലോകത്തിലെ മറ്റുള്ള ആപ്പുകളെക്കാൾ കൂടുതൽ വ്യക്തിഗതവിവരങ്ങൾ അനാവശ്യമായി ശേഖരിക്കുന്നു എന്നൊരു ആക്ഷേപം അവർക്കെതിരെ ശക്തമാണ്. ഇന്ത്യയിലുള്ള അർക്ക കൺസൾട്ടിങ് എന്ന സ്ഥാപനം നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ചൈനീസ് ആപ്പ് നിർമാതാക്കൾ, മറ്റു ഗ്ലോബൽ ആപ്പുകളെക്കാൾ 45 ശതമാനം അധികം പേഴ്സണൽ ഡാറ്റ അനാവശ്യമായി ശേഖരിക്കുന്നുണ്ട് എന്നാണ്. ഹലോ, ഷെയറിറ്റ്, യൂസി ബ്രൗസർ തുടങ്ങിയ ആപ്പുകൾ, ഒരാവശ്യവുമില്ലാത്ത സ്മാർട്ട് ഫോണുകളുടെ ക്യാമറ, മൈക്രോഫോൺ തുടങ്ങിയവ ഉപയോഗിക്കാനുള്ള അനുമതി ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്നുണ്ട് എന്നും വിശകലനത്തിൽ തെളിഞ്ഞു. 

'ആക്സസ് അനുമതി'കൾക്കു പുറമെ, വ്യക്തിപരമായ ഒരുപാട് വിവരങ്ങളും ഈ ചൈനീസ് ആപ്പുകൾ അനാവശ്യമായി ആവശ്യപ്പെടുന്നുണ്ട്. ലൊക്കേഷൻ, പ്രൊഫഷൻ, ഫ്രെണ്ട്സ് ലിസ്റ്റ്, സെൽഫോൺ നമ്പർ, താത്പര്യങ്ങൾ തുടങ്ങി പലതും ഈ അപ്പുകൾക്ക് നൽകിയാലേ നേരം വണ്ണം അതിനെ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ. ഒരിക്കൽ ഉണ്ടാക്കിയ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്യപ്പെട്ടാലും, ഈ സോഫ്റ്റ് വെയർ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്‌തിരുനാളും നമ്മുടെ ഡാറ്റ ഈ കമ്പനികളിൽ തന്നെ തുടരും. ചൈനീസ് ആപ്പുകൾ അവയുടെ സൈബർ ചാരപ്രവർത്തനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളവയാണ്. വിവര സാങ്കേതിക വകുപ്പിൽ ടിക്‌ടോക്, ഹലോ, ഷെയറിറ്റ് തുടങ്ങിയ പല അപ്പുകളുടെയും പ്രതിനിധികൾക്ക് ഇൻഫോർമേഷൻ ടെക്‌നോളജി വകുപ്പിൽ നിന്ന് നോട്ടീസ് പോയിക്കഴിഞ്ഞു. 

ഇങ്ങനെ വളരെ ആഴത്തിലുള്ള നിക്ഷേപങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തി ചൈനീസ് കമ്പനികൾ നേരിട്ടും അല്ലാതെയും ഇന്ത്യൻ മണ്ണിൽ പിടിമുറുക്കുന്ന ഈ സാഹചര്യത്തിൽ എത്തുന്ന ചൈനീസ് ആപ്പുകളുടെ നിരോധത്തിന് മാനങ്ങൾ ഏറെയാണ്. ചൈനീസ് അപ്പുകളോട് മത്സരിക്കുമ്പോൾ നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ ആപ്പുകൾ ഏറെ പിന്നിലായിപ്പോവുകയാണ് പതിവായി സംഭവിക്കാറുള്ളത്. ചൈനീസ് കമ്പനികളുടെ നിർബന്ധിത തിരോധനമുണ്ടാക്കിയ പുതുപുത്തൻ അവസരങ്ങളിലേക്ക് കടന്നുകയറാൻ അത് ഇന്ത്യൻ കമ്പനികളെ സഹായിക്കും. ഉപഭോക്താക്കൾക്ക് ചൈനീസ് ആപ്പുകൾ നൽകുന്ന അതേ ചുരുങ്ങിയ വിലക്ക് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ അവക്ക് പകരം വരുന്ന ഇന്ത്യൻ ബദലുകൾക്കും ആകുമെന്ന് പ്രത്യാശിക്കാം. 

30 കോടിയിൽ പരം ഉപഭോക്താക്കൾ ഫേസ്ബുക്കിലും 40 കോടിയിലധികം പേർ വാട്ട്സാപ്പിലും, 12 കോടിയില്പരം അംഗങ്ങൾ ടിക്‌ടോക്കിലും, കോടിക്കണക്കിനു പേർ ഇൻസ്റ്റഗ്രാം, ട്വിറ്റർ, സ്നാപ്പ് ചാറ്റ് എന്നിവിടങ്ങളിൽ ഒക്കെയായി സജീവമായുള്ള ഇന്ത്യൻ മാർക്കറ്റിൽ ഇന്ത്യൻ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിജയം കണ്ടിട്ടുള്ള ഒരു സോഷ്യൽ മീഡിയ ആപ്പ് പോലും ഇല്ലെന്നത് ഏറെ ലജ്ജാകരമായ ഒരു സാഹചര്യമാണ്.  

ഈ ചൈനീസ് ആപ്പ് നിരോധനവും, ഒപ്പം കൊവിഡ് വ്യാപനത്തിന്റെ പേരിൽ അമേരിക്കൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ H1B വിസ നിരോധനവും ചേർന്നുകൊണ്ട് ഇന്ത്യൻ വിപണിയിലിപ്പോൾ ഒരു വലിയ അവസരം നിലവിൽ വന്നിരിക്കുകയാണ്. അമേരിക്കൻ ഗവണ്മെന്റ് കൊടുക്കുന്ന 85,000 H1B വിസകളുടെ 70 ശതമാനവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യൻ ഐടി പ്രൊഫഷണൽസ് ആണ്. ആ പ്രൊഫഷനലുകളിൽ പലരും നാട്ടിലേക്ക് മടങ്ങുന്നതും, നാട്ടിൽ ഇന്ത്യൻ ആപ്പുകൾക്ക് ഡിമാൻഡ് ഏറുന്നതും ഇവിടെ ഒരു 'ആപ്പ് വിപ്ലവ'ത്തിന് തന്നെ നാന്ദികുറിച്ചേക്കാം. ടിക്‌ടോക്കിനുള്ള ഇന്ത്യൻ ബദൽ എന്ന് പറയപ്പെടുന്ന ചിങ്കാരി പോലുള്ള അപ്പുകൾക്ക് വിപണിയിൽ ഇടം പിടിച്ചെടുക്കാൻ ഈ സാഹചര്യം പ്രയോജനപ്പെടും എന്നുവേണം കരുതാൻ. ഇന്ത്യൻ കമ്പനികളും നിക്ഷേപകരും ഈ അനുകൂല സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്. 

Follow Us:
Download App:
  • android
  • ios