മുംബൈ: ലോക്ക്ഡൌണ്‍ കാലത്ത് പ്രചാരം ഏറിയ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് രംഗത്തേക്ക് ചുവട് വച്ച് ജിയോയും. ജിയോ മീറ്റ് എന്ന വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിന്‍റെ ബീറ്റ പതിപ്പ് പരീക്ഷണം ആരംഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ജിയോ മീറ്റില്‍ 100 പേര്‍ക്ക് ഒരെ സമയം വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാം. ടൈം ലിമിറ്റില്ലാതെയാണ് ഇത് അനുവദിക്കുന്നത് എന്നത് തീര്‍ത്തും ഇന്ത്യനായ ജിയോ മീറ്റിന് മേല്‍കൈ നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൌണ്‍ കാലത്ത് ഏറെ ജനപ്രിയമാകുകയും പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉപയോഗിക്കുന്ന സൂം വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിന് വെല്ലുവിളിയാണ് ജിയോ മീറ്റ്. സൂമിന്‍റെ ചില ചൈനീസ് ബന്ധങ്ങളും ചര്‍ച്ചയില്‍ നിറയുന്നുണ്ട്.

സൂമിനെതിരെ ഉയരുന്ന സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ കൂടിയാണ് ജിയോ മീറ്റിന്‍റെ വരവ് എന്നാണ് ചില ടെക് സൈറ്റുകള്‍ പറയുന്നത്.

ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് 100 പേരെ ഒരെ സമയം ജോയ്ന്‍ ചെയ്യിക്കാം. എച്ച് ഡി ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു ഇത് എന്നുമാത്രമല്ല ഒരു ദിവസത്തില്‍ എത്ര മീറ്റിംഗുകള്‍ വരെയും സൗജന്യമായി നടത്താം എന്നതുമാണ് ജിയോ മീറ്റ് വലിയ ഗുണമായി മുന്നോട്ട് വയ്ക്കുന്നത്. 
സൂമിലേതുപോലെ വെയ്റ്റിംഗ് റൂം എന്ന സംവിധാനം ഉണ്ടാകുകയും ഓരോ മീറ്റിംഗും പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതവുമായിരിക്കും. ക്രോ, ഫയര്‍ഫോക്‌സ് എന്നീ ബ്രൗസര്‍ വഴിയും ആപ്പ് വഴിയും ലോഗിന്‍ ചെയ്യാം. മാക്, ഐഓഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്.

ഇന്‍റര്‍ഫേസില്‍ സൂമുമായി ഏറെ സാമ്യമുണ്ട് ജിയോ മീറ്റ് പ്ലാറ്റ്‌ഫോമിനും. മള്‍ട്ടി ഡിവൈസ് ലോഗിന്‍ സപ്പോര്‍ട്ട് ഉണ്ട്, ഇത് അഞ്ച് ഡിവൈസില്‍ വരെ നല്‍കിയിരിക്കുന്നു. സ്‌ക്രീന്‍ ഷെയറിംഗ് മാത്രമല്ല സെയ്ഫ് ഡ്രൈവിംഗ് മോഡും സൂമിനേതിനെക്കാള്‍ മികവില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇപ്പോളാണ് പബ്ലിക്കിന് ഈ പ്ലാറ്റ്‌ഫോം ലഭ്യമായതെങ്കിലും നേരത്തെ തന്നെ ടെസ്റ്റിംഗ് നടത്തുന്നുണ്ടായിരുന്നു ജിയോ. 

ഇന്ത്യയില്‍ തന്നെ 38 കോടിയിലേറെ ഉപയോക്താക്കള്‍ നിലവില്‍ ജിയോയ്ക്കുണ്ട്. അതിനാല്‍ തന്നെ
സൂമുമായി പൊരുതാന്‍ റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ സാങ്കേതിക മികവ് കണക്കിലെടുത്ത് വിജയം വരിച്ചേക്കും എന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തല്‍.