Asianet News MalayalamAsianet News Malayalam

'വ്യാജ പ്രൊഫൈലുകള്‍ കണ്ടുപിടിക്കാം' പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 'എയറിലായി'; ഒടുവില്‍ തിരുത്തി

ആദ്യം പൊലീസ് ഇട്ട പോസ്റ്റിലെ 6,7,8 നിര്‍ദേശങ്ങളാണ് വ്യാപകമായ ട്രോളിന് ഇടയാക്കിയത്. 

kerala police facebook post corrected after get troll in social media
Author
Thiruvananthapuram, First Published Jul 29, 2021, 9:36 AM IST

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഔദ്യോഗിക പേജില്‍ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ് വിവാദമായി. 'വ്യാജന്മാര്‍ പലരൂപത്തിലും വരും, വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഇതാ വഴികള്‍' എന്ന പേരിലായിരുന്ന പോസ്റ്റ്. തുടക്കത്തില്‍ പൊലീസ് ഈ പോസ്റ്റ് ഇട്ടപ്പോള്‍ അതില്‍ വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒമ്പത് നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ പലതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വൈകാതെ ഇവ തിരുത്തി. 

ആദ്യം പൊലീസ് ഇട്ട പോസ്റ്റിലെ 6,7,8 നിര്‍ദേശങ്ങളാണ് വ്യാപകമായ ട്രോളിന് ഇടയാക്കിയത്. നിര്‍ദേശങ്ങള്‍ ഇങ്ങനെയായിരുന്നു. 

ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്

സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, പ്രൊഫൈലിൽ പരസ്യമായി ഇടാറില്ല. പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത.

ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.

വാട്ട്സ്ആപ്പ് മാമന്മാരുടെ നിലവാരത്തിലുള്ള നിര്‍ദേശങ്ങളായി പോയി എന്നത് അടക്കം അനവധി കമന്‍റുകളാണ് ഇതിന് വന്നത്. അതിനെ തുടര്‍ന്നാണ് ബുധനാഴ്ച വൈകീട്ടോടെ ഇട്ട പോസ്റ്റ്, വ്യാഴാഴ്ച രാവിലെ തിരുത്തിയത്. ഇപ്പോള്‍ വ്യാജ പ്രൊഫൈല്‍ കണ്ടുപിടിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ മാത്രമാണ് കേരള പൊലീസിന്‍റെ പോസ്റ്റിലുള്ളത്. പോസ്റ്റിന് അടിയിലെ കമന്‍റുകളില്‍ തന്നെ വ്യാപകമായ ട്രോളുകളാണ് വന്നിരുന്നത്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios