ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺഎഐ, തങ്ങളുടെ പുതിയ ജിപിടി 5.6 മോഡലിന്റെ ബയോസേഫ്റ്റി സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ (ഏകദേശം 47 ലക്ഷം രൂപ) വരെ സമ്മാനം പ്രഖ്യാപിച്ചു. സുരക്ഷാ നിയന്ത്രണങ്ങളെ സ്ഥിരമായി മറികടക്കാൻ കഴിയുന്ന 'യൂണിവേഴ്സൽ ജയിൽബ്രേക്ക്' രീതികൾ കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐ, ജിപിടി 5.6 മോഡലിന്റെ ബയോസേഫ്റ്റി സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തുന്ന ഗവേഷകർക്ക് 50,000 ഡോളർ (ഏകദേശം 47 ലക്ഷത്തിലധികം രൂപ) വരെ സമ്മാനം പ്രഖ്യാപിച്ചു. കമ്പനിയുടെ ബയോ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ജിപിടി 5.5 മോഡലിനായി നേരത്തേ സമാന പദ്ധതി നടപ്പാക്കിയിരുന്ന ഓപ്പൺഎഐ, ഇപ്പോൾ അത് ജിപിടി 5.6-ലേക്കും വ്യാപിപ്പിക്കുകയാണ്. അതേസമയം, വിജയകരമായി സുരക്ഷാ സംവിധാനത്തെ മറികടക്കാൻ കഴിയുന്ന ഗവേഷകർക്ക് ലഭിക്കുന്ന പരമാവധി സമ്മാനത്തുക 25,000 ഡോളറിൽ നിന്ന് 50,000 ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.
ജിപിടി 5.6-ന്റെ ബയോസേഫ്റ്റി നിയന്ത്രണങ്ങളെ സ്ഥിരമായി മറികടക്കാൻ കഴിയുന്ന 'യൂണിവേഴ്സൽ ജയിൽബ്രേക്ക്' രീതികളാണ് ഈ പദ്ധതിയിലൂടെ കണ്ടെത്താൻ ഓപ്പൺഎഐ ലക്ഷ്യമിടുന്നത്. ഒരു സംഭാഷണത്തിൽ മാത്രമല്ല, വിവിധ സാഹചര്യങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങളെ മറികടക്കാൻ കഴിയുന്ന പ്രോംപ്റ്റുകളെയോ സാങ്കേതിക വിദ്യകളെയോ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിലെ എഐ സംവിധാനങ്ങളെ കൂടുതൽ സുരക്ഷിതമാക്കാൻ ഇത്തരം പോരായ്മകൾ മുൻകൂട്ടി കണ്ടെത്തുന്നത് നിർണായകമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
പൂർണമായ സുരക്ഷാ വീഴ്ച കണ്ടെത്തുന്നവർക്ക് മാത്രമല്ല, ഭാഗികമായി പ്രയോജനകരമായ കണ്ടെത്തലുകൾ നടത്തുന്ന ഗവേഷകർക്കും സമ്മാനത്തുക ലഭിക്കും. കണ്ടെത്തലിന്റെ ഗുണനിലവാരവും അതുണ്ടാക്കുന്ന സ്വാധീനവും അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക. ജിപിടി 5.5 ബയോ ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ നിലവിലെ സമയക്രമത്തിൽ മാറ്റമില്ലെന്നും 2026 ജൂലൈ 27 വരെ ഗവേഷകർക്ക് ആ മോഡലിൽ പരിശോധന തുടരാമെന്നും ഓപ്പൺഎഐ അറിയിച്ചു. അതിന് ശേഷം ജിപിടി 5.6 മാത്രമായിരിക്കും ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുക.
ബയോ ബഗ് ബൗണ്ടി പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓപ്പൺഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അപേക്ഷാ പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. പേര്, സ്ഥാപനം, അനുബന്ധ പ്രവൃത്തി പരിചയം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ കൈവശം ഒരു ചാറ്റ്ജിപിടി അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും പരിശോധനാ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പ് രഹസ്യ വിവരങ്ങൾ പുറത്തുവിടില്ലെന്ന നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റിലും (NDA) ഒപ്പുവെക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജിപിടി 5.5 ബഗ് ബൗണ്ടി പദ്ധതിക്കായി ഇതിനകം അപേക്ഷിച്ച ഗവേഷകർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും ഓപ്പൺഎഐ അറിയിച്ചു.


