ടെക്ക് ഭീമന്മാരായ ഓപ്പൺഎഐയും ആന്ത്രോപിക്കും എഐ മോഡൽ വികസനത്തിൽ മാത്രമല്ല, ഓഹരി വിപണിയിലേക്ക് ആദ്യമെത്തുന്നതിലും മത്സരിക്കുന്നു. ചാറ്റ്ജിപിടിയെ ഒരു സൂപ്പർആപ്പായി മാറ്റി വരുമാനം വർദ്ധിപ്പിക്കാൻ ഓപ്പൺഎഐ ശ്രമിക്കുമ്പോൾ, ആന്ത്രോപിക് ഇതിനകം ഐപിഒയ്ക്കുള്ള രേഖകൾ സമർപ്പിച്ചു.  

കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ വർഷങ്ങളായി മത്സരിക്കുന്ന ടെക്ക് ഭീമന്മാരായ ഓപ്പൺഎഐയും ആന്ത്രോപിക്കും ഇപ്പോൾ മറ്റൊരു നിർണായക മത്സരത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിൽ മാത്രമല്ല, ഓഹരി വിപണിയിലേക്ക് എത്തുന്നതിലും ഇരു കമ്പനികളും മുന്നേറ്റം നേടാൻ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാറ്റ്ജിപിടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പദ്ധതിക്കാണ് ഓപ്പൺഎഐ രൂപം നൽകുന്നത് എന്ന് ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകളെ ഉദ്ദരിച്ച് ഇന്ത്യാ ട്യുഡേ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.

ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്‍ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമ്മാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.

ഇതിനിടെ, ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ (SEC) രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചതായി അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്‍തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമ്മിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണ്ണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.