ദില്ലി: ഇന്ത്യയില്‍ പബ്ജി മൊബൈലിന്റെ തിരിച്ചുവരവിനായി തീവ്രമായി ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നു. രാജ്യത്ത് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പബ്ജി കോര്‍പ്പറേഷന് അനുമതി നല്‍കിയിട്ടില്ലെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഏതെങ്കിലും കമ്പനിക്ക് ഒരു പുതിയ കമ്പനി ആരംഭിച്ചു കൊണ്ട് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പബ്ജിക്ക് ഇത് അനുവദിക്കുകയാണെങ്കില്‍, മറ്റേതെങ്കിലും നിരോധിത കമ്പനികള്‍ക്കും ഇത് ഇന്ത്യയില്‍ വീണ്ടും ആരംഭിക്കാനുള്ള അവസരമായി കാണാനാകുമെന്നു മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ പുതിയ പബ്ജി മൊബൈല്‍ ഗെയിം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ നവംബര്‍ 21 ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ പബ്ജി മൊബൈല്‍ എന്ന പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനി ഇന്ത്യയില്‍ മാത്രമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മാത്രം വികസപ്പിച്ചെടുത്ത മൊബൈല്‍ ഗെയ്മുകളാണ് ഇതിലുള്ളതെന്നും സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്നും പബ്ജി വ്യക്തമാക്കിയിരുന്നു. 

ചൈനയുമായുള്ള ബന്ധത്തിന് വിള്ളലേറ്റതോടെ സുരക്ഷാ കാരണങ്ങളാല്‍ പബ്ജിയക്കമുള്ള ആപ്ലിക്കേഷനുകള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നതാണ്. നിരോധന സമയത്ത് ഈ ഓണ്‍ലൈന്‍ ഗെയിമിന് ഇന്ത്യയില്‍ ഏകദേശം 50 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ ഒന്നായിരുന്നു ഇത്. ഈ ഗെയിമിന് രാജ്യത്ത് വലിയ ആരാധകരുണ്ട്, അന്നുമുതല്‍ അവരതിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

നവംബര്‍ ആദ്യം കമ്പനി പബ്ജി മൊബൈല്‍ എന്ന പുതിയ സ്ഥാപനത്തിലൂടെ രാജ്യത്ത് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പുതിയ എന്റിറ്റി 'ഡാറ്റാ സുരക്ഷ പരമാവധി വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക മുന്‍ഗണനകള്‍ നിറവേറ്റുകയും ചെയ്യും' എന്ന് അത് പറഞ്ഞിരുന്നതാണ്. കമ്പനിക്ക് എംഇഐറ്റിവൈ-യില്‍ നിന്ന് അംഗീകാരം ലഭിക്കുകയാണെങ്കില്‍, തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം ഇതു ലഭ്യമാക്കാനായിരുന്നു പദ്ധതി. എന്നാല്‍ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്ന് ഇപ്പോള്‍ വ്യക്തമാണ്. ഇതേ മന്ത്രാലയമാണ് കമ്പനിയെ ആദ്യം നിരോധിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്, പബ്ജിക്ക് ജിഎസ്ടി, പാന്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാം ആവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉപയോക്തൃ ഡാറ്റയൊന്നും ദുരുപയോഗം ചെയ്യുന്നില്ലെന്ന കാര്യത്തില്‍ ശ്രദ്ധാലു ആയിരിക്കണം എന്നതാണ്.