ന്യൂയോര്‍ക്ക്: ലോകത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. ഒരു വെറും കോളര്‍ ഐഡി ആപ്പ് എന്നതിനപ്പുറം ഇപ്പോള്‍ പേമെന്‍റ്, വീഡിയോ കോളിംഗ് സംവിധാനം വരെ ട്രൂകോളറില്‍ നിന്നും ലഭിക്കും. തങ്ങളുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019ലെ ലോകത്തിന്‍റെ ഫോണ്‍വിളി സംബന്ധിച്ച കൗതുകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ട്രൂകോളര്‍.

2019 ല്‍ ട്രൂകോളര്‍ വഴി 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നും കോളുകള്‍ ബ്ലോക്ക് ചെയ്യുന്ന വഴി ഉപയോക്താക്കളെ സ്പാം കോളുകളില്‍ നിന്നും വലിയ രീതിയില്‍ സുരക്ഷിതരാക്കുവാന്‍ ട്രൂകോളറിന് സാധിച്ചുവെന്നാണ് ഇവരുടെ ഒരു അവകാശവാദം. ഒപ്പം ഈ നമ്പറുകളില്‍ നിന്നുള്ള 260 കോടി കോളുകള്‍ ട്രൂകോളര്‍ 2019 ല്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒപ്പം ട്രൂകോളര്‍ 86 കോടി സ്പാം എസ്എംഎസുകളില്‍ നിന്നും തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവെന്നും അവകാശപ്പെടുന്നു.

സ്പാം കോളുകള്‍ ഏത് രാജ്യങ്ങളിലാണ് കൂടുതല്‍ എന്ന കാര്യവും ട്രൂകോളര്‍ പുറത്തുവിടുന്നു. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ സ്പാം കോള്‍ വരുന്നത്. ഇവിടെ ഒരു ഫോണ്‍ ഉപയോക്താവിന് മാസം ശരാശരി 45 സ്പാം കോളുകള്‍ ലഭിക്കുന്നു. ഇത് 2018ല്‍ 37 കോള്‍ ആയിരുന്നു. പെറുവാണ് സ്പാംകോളുകളുടെ കാര്യത്തില്‍ രണ്ടാമത്. മൂന്നാമത് ഇന്തോനേഷ്യയാണ്. നാലാമത് മെക്സിക്കോയാണ്. അഞ്ചാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിലെ ഒരു ഫോണ്‍ ഉപയോക്താവിന് മാസം 25 സ്പാംകോളുകള്‍ ലഭിക്കുന്നു. 2018ല്‍ ഇത് 22 കോള്‍ ആയിരുന്നു. അതായത് വര്‍ഷം കൂടുന്നതിന് അനുസരിച്ച് സ്പാം കോളുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ ലിസ്റ്റ് പ്രകാരം തന്നെ സ്പാം കോളുകള്‍ കൂടുതല്‍ വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത് എന്നും വ്യക്തമാണ്.

ഒരു ദിവസം 15 കോടി പേര്‍ ട്രൂകോളര്‍ ഉപയോഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്രൂകോളര്‍ വഴി ഇരുപത്തിയൊന്നായിരം കോടി കോളുകളാണ് ഈ വര്‍ഷം ചെയ്തത് എന്നാണ് കണക്ക്. 340 കോടി എസ്എംഎസുകള്‍ അയച്ചിട്ടുണ്ട്. 74,000,000,000 കോളുകള്‍ ട്രൂകോളര്‍ വച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 1, 2019 മുതല്‍ ഒക്ടോബര്‍ 31 2019 വരെയുള്ള കണക്ക് വച്ചാണ് ട്രൂകോളര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.