മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി വളര്‍ന്ന ഷവോമി സാമ്പത്തിക രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോം ഷവോമി ചൊവ്വാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. ഇപ്പോള്‍ തന്നെ എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ ഇത് പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കും. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഈ ആപ്പിന്‍റെ സോഫ്റ്റ് ലോഞ്ച് ഷവോമി നടത്തിയിരുന്നു.

18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപവരെ വായിപ്പ നല്‍കുന്ന സംവിധാനമാണ് എംഐ ക്രഡിറ്റ്. ഈ ലോണിന്‍റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസ പലിശ. നിങ്ങളുടെ ലോണ്‍ തുക 20,000 രൂപയാണെന്ന് കരുതുക. നിങ്ങള്‍ക്ക് ആ ലോണ്‍ 16.2 ശതമാനം വാര്‍ഷിക പലിശയോടെ 6 ഇഎംഐ തവണയായി അടയ്ക്കാം. അതായത് നിങ്ങള്‍ അടക്കേണ്ട ഇഎംഐ 3423രൂപയും അതിന്‍റെ കൂടെ പലിശ 937 രൂപയും അടയ്ക്കണം.

എംഐ അക്കൗണ്ട് വഴി നിങ്ങള്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ഒപ്പം കെവൈസിയായി അ‍ഡ്രസ് പ്രൂഫും നല്‍കണം. ഒപ്പം ബാങ്ക് വിവരങ്ങളും. ലോണിന് അപേക്ഷിച്ചാല്‍ നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടില്‍ എത്തും. എംഐ യൂസേര്‍സിനാണ് ഇപ്പോള്‍ എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നത്. നിലവില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ 1500 പിന്‍കോഡുകളില്‍ എംഐ ക്രഡിറ്റ് സേവനം  ലഭ്യമാകും. 2019-20 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം ഇന്ത്യയിലെമ്പാടും ഈ സേവനം ലഭ്യമാക്കും എന്നാണ് ഷവോമി പറയുന്നത്.

എംഐ ക്രഡിറ്റ് സേവനം എംഐ ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇപ്പോള്‍ ഉപയോഗിക്കാം. നേരത്തെ നവംബര്‍ മാസത്തില്‍ നടത്തിയ ട്രയലില്‍ തന്നെ 28 കോടിയോളം രൂപ ഈ സേവനം വഴി വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ലോകത്തിലെ തന്നെ ഒന്നാംനമ്പര്‍ കണ്‍സ്യൂമര്‍ ആന്‍റ് ബിസിനസ് ക്രഡിറ്റ് റിപ്പോര്‍ട്ടര്‍ എക്സ്പീരിയന്‍ ആണ് ഈ സേവനത്തില്‍ ഷവോമിയുടെ ഒരു പങ്കാളി. ഈ ക്രഡിറ്റ് പദ്ധതിയില്‍ ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്, മണി വ്യൂ, ഏര്‍ളി സാലറി, സെസ്റ്റ്മണി, ക്രഡിറ്റ് വിദ്യ എന്നിവരാണ് ഷവോമിയുടെ പങ്കാളികള്‍.

നേരത്തെ തന്നെ എംഐ പേ എന്ന പേയ്മെന്‍റ് ആപ്പ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എംഐ അക്കൗണ്ടുള്ളവര്‍ക്ക് യുപിഐ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ച് വിവിധ പേമെന്‍റുകള്‍, ബില്ലുകള്‍ അടയ്ക്കല്‍ എന്നിവ അടയ്ക്കാന്‍ സഹായിക്കുന്നതാണ് എംഐ പേ.