അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ആയാലും ബൈഡനായാലും യുട്യൂബിന് പ്രശ്‌നമില്ല. തങ്ങളുടെ വീഡിയോകള്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാവരുത്. ആ നിലയ്ക്ക് അമേരിക്കന്‍ പ്രസിഡന്റായി ആരെയാണ് തെരഞ്ഞെടുത്തതെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം നീക്കം ചെയ്യും. അങ്ങനെയെങ്കില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനാണ് നഷ്ടം. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോകള്‍ തുടരുകയും ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ടും കാര്യമായ തട്ടിപ്പും നടന്നുവെന്നു ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ തട്ടിപ്പുകള്‍ തെളിയിക്കാന്‍ ട്രംപിന് കഴിഞ്ഞില്ല, തന്നെയുമല്ല കോടതി ഈ വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ എടുത്തു 'കിണറ്റി'ലിടാന്‍ യുട്യൂബ് തീരുമാനിച്ചത്.

യുട്യൂബിലെ വ്യാജ വാര്‍ത്തകളും റിപ്പബ്ലിക്കന്മാരുടെ ഗൂഢാലോചന സിദ്ധാന്തങ്ങളും നീക്കംചെയ്യാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യാത്തതിന് ഡെമോക്രാറ്റുകള്‍ യുട്യൂബിനെ വിമര്‍ശിച്ചിരുന്നു. 'യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സമയപരിധി ഇന്നലെയായിരുന്നു, പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുത്തവരെ നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ ഫലപ്രഖ്യാപനം നടത്തി കഴിഞ്ഞു,' യൂട്യൂബ് പറഞ്ഞു. 'സ്പാം, അഴിമതികള്‍, അല്ലെങ്കില്‍ മറ്റ് കൃത്രിമ മാധ്യമങ്ങള്‍, സ്വാധീന പ്രവര്‍ത്തനങ്ങള്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന ഏതെങ്കിലും ഉള്ളടക്കം എന്നിവ നിരോധിക്കുന്ന നിലവിലുള്ള നയങ്ങള്‍ക്കെതിരേയുള്ള ആയിരക്കണക്കിന് വീഡിയോകളും 8,000 ല്‍ അധികം ചാനലുകളും ഇതിനകം നീക്കംചെയ്തു, 'കമ്പനി പറഞ്ഞു.

'തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്യുന്ന യുട്യൂബ് വീഡിയോകള്‍ നവംബര്‍ 16 ന് മാത്രം 680 ദശലക്ഷത്തിലധികം തവണ കണ്ടതായി ട്രാന്‍സ്പരന്‍സി ട്യൂബിന്റെ സ്വതന്ത്ര വിശകലനം പറയുന്നു. നവംബര്‍ 3 നും നവംബര്‍ 7 നും ഇടയില്‍ മാത്രം വോട്ടര്‍ തട്ടിപ്പ് ക്ലെയിമുകളെ പിന്തുണയ്ക്കുന്ന വീഡിയോകള്‍ക്ക് 137 ദശലക്ഷം വ്യൂകള്‍ ലഭിച്ചു. ഇതില്‍ തന്നെ വോട്ടര്‍ തട്ടിപ്പിനെ പിന്തുണയ്ക്കുന്നതും തര്‍ക്കിക്കുന്നതുമായ വീഡിയോകള്‍ ഉള്‍പ്പെടുന്നു. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം തീരുമാനിച്ചതിനാല്‍ വ്യാഴാഴ്ച മുതല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യത്തിന് മൊറട്ടോറിയം നീക്കുമെന്ന് യൂട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിള്‍ അറിയിച്ചു. 

അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ വിവരങ്ങളോ വ്യാജവാര്‍ത്തകളോ പ്രചരിപ്പിക്കുന്നതിന് അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായി ഗൂഗിളും ഫേസ്ബുക്കിനൊപ്പം തിരഞ്ഞെടുപ്പ് അനുബന്ധ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്.