ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് തിരിച്ചെത്തി. വ്യാഴാഴ്ചരാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭിച്ചിരുന്നില്ല. ലോകവ്യാപകമായിട്ടാണ് പ്രശ്നം നേരിട്ടത്.പ്രവര്‍ത്തനം നിലച്ചുവെന്ന കാര്യം യൂട്യൂബ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുന്നു എന്നാണ് യൂട്യൂബ് അറിയിച്ചത്. 

ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. പിന്നീടാണ് പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഇത്തരം ഒരു പ്രശ്നത്തിന് എന്താണ് കാരണം എന്നത് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ് ഫോം ആണ് ഗൂഗിളിന്‍റെ കീഴിലുള്ള യൂട്യൂബ്.

ലോകത്തുള്ള വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്നത് സൂചിപ്പിക്കുന്ന ഡൌണ്‍ ഡിക്ടക്റ്ററിന്‍റെ ഗ്രാഫ് പ്രകാരം വ്യാഴാഴ്ച രാവിലെ 6 മണിയോട് അടുപ്പിച്ചാണ് യൂട്യൂബിന് പ്രശ്നം നേരിട്ടത്. ഇത് പരിഹരിക്കാന്‍ 7.15വരെ ടൈം എടുത്തു. ഇപ്പോഴും യൂട്യൂബ് ഡൌണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നാണ് ഇവരുടെ ഗ്രാഫ് കാണിക്കുന്നത്. അതിനാല്‍ തന്നെ പ്രശ്നം ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു എന്നതാണ് സൂചന. ഒരു ഘട്ടത്തില്‍ യൂട്യൂബ് പ്രശ്നം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 3500 കടന്നിരുന്നു. ഇത് സൂചിപ്പിക്കുന്നത് പ്രശ്നം രൂക്ഷമായിരുന്നു എന്നാണ്.