ഇപ്പോള്‍ ഇറങ്ങുന്ന മുന്‍നിര ബ്രാന്‍റുകള്‍ എല്ലാം തന്നെ 5ജി ഫോണുകളാണ് ഇറക്കുന്നത്. വിപണിയില്‍ ഉപയോക്താവും ഇത്തരം ഫോണുകള്‍ ചോദിച്ചു വാങ്ങുന്ന അവസ്ഥയുണ്ട്.

ദില്ലി: ഇന്ത്യയില്‍ ഇതുവരെ 5ജി സേവനം ലഭ്യമാകുവാന്‍ തുടങ്ങിയിട്ടില്ല. അതേ സമയം വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്‍റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ടെലികോം സേവനദാതാവ് ഇപ്പോള്‍ റിലയന്‍സ് ജിയോ ആണ്. ജിയോ ഇപ്പോള്‍ പുറത്തുവിട്ട കണക്കാണ് ടെലികോം രംഗത്തെ ചര്‍ച്ചയാകുന്നത്.

ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്‍റ് സുനില്‍ ദത്തിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ഇത് വളരെ ശുഭകരമായ സൂചനയാണെന്നും. ഇന്ത്യയില്‍ 5ജി എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും ജിയോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഇപ്പോള്‍ ഇറങ്ങുന്ന മുന്‍നിര ബ്രാന്‍റുകള്‍ എല്ലാം തന്നെ 5ജി ഫോണുകളാണ് ഇറക്കുന്നത്. വിപണിയില്‍ ഉപയോക്താവും ഇത്തരം ഫോണുകള്‍ ചോദിച്ചു വാങ്ങുന്ന അവസ്ഥയുണ്ട്. അതേ സമയം തന്നെ ഇത്തരത്തില്‍ ഒരു വിപണി 5ജി ഫോണ്‍ വില്‍പ്പനയില്‍ ഉണ്ടായാല്‍ 5ജി എത്തുന്നതിന് പിന്നാലെ വലിയൊരു യൂസര്‍ ബേസ് തന്നെ ടെലികോം മേഖലയ്ക്ക് ലഭിക്കും. ജൂണ്‍ 2020 ഓടെ ഇന്ത്യയില്‍ 5ജി സേവനം എത്തുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍.

അതേ സമയം 5ജി സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.

അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രിൽ - മെയ് മാസത്തിനിടയിൽ 5ജി സ്പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ വില വലിയൊരു വെല്ലുവിളിയായി നിൽക്കുന്നത് കമ്പനികൾ ഉന്നയിക്കുന്നു. വില കുറച്ചാൽ മാത്രമേ കൂടുതൽ ശക്തമായി ലേലത്തിൽ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.

അടിസ്ഥാന വില കുറച്ചില്ലെങ്കിൽ ഇനിയുമൊരിക്കൽ കൂടി സ്പെക്ട്രം വാങ്ങാൻ ആളുണ്ടാവില്ലെന്ന് വൊഡഫോൺ ഐഡിയ മാനേജിങ് ഡയറക്ടർ രവീന്ദർ തക്കാർ പറയുന്നു. ഇപ്പോൾ 5ജി സ്പെക്ട്രം 3.3 - 3.6 ഗിഗാ ഹെർട്സ് ബാന്റിന്റെ അടിസ്ഥാന വില യൂണിറ്റിന് 492 കോടി രൂപയാണ്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന വിലയാണിതെന്നാണ് കമ്പനികളുടെ വിമർശനം. അതേസമയം നിലവിൽ ലഭിച്ചിരിക്കുന്ന 5 ജി സ്പെക്ട്രം വഴി വിവിധ ബാന്റുകളിൽ ഇന്റർനെറ്റ് ലഭ്യതയുടെ പരീക്ഷണം ടെലികോം കമ്പനികൾ തുടങ്ങിക്കഴിഞ്ഞു.