ചൈനയോ, പാകിസ്ഥാനോ നടത്തിയ സൈബര്‍ ആക്രമണം മൂലയാണ് ഇത് ഉണ്ടായത് എന്നതിന് തെളിവൊന്നും ഇല്ല. ചിലര്‍ ചൈനക്കാരാണ് ഇതിന് പിന്നില്‍ എന്ന് പറയുന്നു, എന്നാല്‍ തെളിവുകള്‍ ഇല്ല.

ദില്ലി: മുംബൈ നഗരത്തെ ഇരുട്ടിലാക്കിയ 2020 ഒക്ടോബറിലെ പവര്‍‍ക്കട്ടിന് കാരണം വിദേശ സൈബര്‍ ആക്രമണമാണെന്ന വാദം തള്ളി കേന്ദ്ര ഊര്‍ജ്ജ മന്ത്രി രംഗത്ത്. മുംബൈ ബ്ലാക്ക് ഔട്ടിന് കാരണം സൈബര്‍ ആക്രമണമാണ് എന്ന് തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. എന്നാല്‍ ഈ തകരാര്‍ ഉണ്ടായത് മാനുഷ്യ പിഴവ് കൊണ്ടാണെന്നും മന്ത്രി പറയുന്നു. 

ചൈനയോ, പാകിസ്ഥാനോ നടത്തിയ സൈബര്‍ ആക്രമണം മൂലയാണ് ഇത് ഉണ്ടായത് എന്നതിന് തെളിവൊന്നും ഇല്ല. ചിലര്‍ ചൈനക്കാരാണ് ഇതിന് പിന്നില്‍ എന്ന് പറയുന്നു, എന്നാല്‍ തെളിവുകള്‍ ഇല്ല. മാത്രവുമല്ല ഇത് ചൈന നിഷേധിക്കുകയും ചെയ്യും മന്ത്രി പറയുന്നു. ഇന്ത്യയുടെ നോര്‍ത്തേണ്‍, സൌത്തേണ്‍ മേഖല ലോഡ് ഡിസ്പാച്ച് സെന്‍ററില്‍ ചില സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി മന്ത്രി സമ്മതിക്കുന്നു. എന്നാല്‍ ഈ മാല്‍വെയറുകള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കയറാന്‍ സാധിച്ചില്ല. മന്ത്രി പറയുന്നു. 

രണ്ട് സമിതികളാണ് മുംബൈ ബ്ലാക്ക് ഔട്ട് സംബന്ധിച്ച് പരിശോധിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് മനുഷ്യ പിഴവ് മൂലമാണ് മുംബൈ ബ്ലാക്ക് ഔട്ട് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ സൈബര്‍ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടെങ്കിലും അത് മുംബൈ ഗ്രിഡിനെ ബാധിക്കുന്നതല്ല, മന്ത്രി പറയുന്നു.

ചൈനീസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിൽ വൈദ്യുതി മുടങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കഴിഞ്ഞ വർഷം ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിൽ മുംബൈയിൽ വൈദ്യുതി മുടങ്ങിയിരിക്കാമെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് നിഷേധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെയും വിശദീകരണം