പണ്ട് പണ്ട്, സിഡി പ്ലെയറുകൾക്കും MP3 പ്ലെയറുകൾക്കുമൊക്കെ മുമ്പ്, ആപ്പിൾ ഐപോഡിനെകുറിച്ചൊക്കെ ചിന്തിക്കുന്നതിന് ദശാബ്ദങ്ങൾ മുമ്പ്, സഞ്ചാരികളായ സംഗീതപ്രേമികളുടെ കാതുകളിൽ അവരുടെ ഇഷ്ടഗാനങ്ങളുടെ അലകൾ പൊഴിക്കാൻ ഒരു കുഞ്ഞുയന്ത്രം പിറന്നുവീണിരുന്നു. കൃത്യമായിപ്പറഞ്ഞാൽ നാൽപതു വർഷം മുമ്പ് ഒരു ജൂലായ് മാസത്തിലാണ് ജപ്പാനിലെ സോണി എന്ന കമ്പനി ലോകത്തിലെ ആദ്യത്തെ 'വാക്ക്മാൻ' അഥവാ 'പോർട്ടബിൾ ഓഡിയോ കാസറ്റ് പ്ലെയർ' പുറത്തിറക്കുന്നത്. സോണിയുടെ സ്ഥാപകരിൽ ഒരാളായ മസാരു ഇബുക ആയിരുന്നു കാസറ്റ് പ്ലെയറിന് സഞ്ചാരശേഷി നൽകിക്കൊണ്ട് അങ്ങനെ ഒരു പുത്തൻ യന്ത്രം ഡിസൈൻ ചെയ്തതും, വ്യാവസായികമായി അത് ഉത്പാദിപ്പിക്കാൻ തുടങ്ങിയതും. 'സോണി വാക്ക്മാൻ TPS L2' എന്നായിരുന്നു അതിന്റെ സാങ്കേതിക നാമം. 

1963-ൽ ഡച്ച് ഇലക്ട്രോണിക്സ് കമ്പനിയായ 'ഫിലിപ്സ്' ആണ് മാഗ്നറ്റിക് കാസറ്റ് സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നത്. അറുപതുകളുടെ അവസാനത്തോടെ പ്രീ-റെക്കോർഡഡ് കാസറ്റുകൾ വിപണിയിലെത്തുന്നു. അതോടെ വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന സ്റ്റീരിയോകളും രംഗപ്രവേശം ചെയ്യുന്നു. ഈ ഒരു വിപണി സാഹചര്യത്തിലാണ് മസാരു ഇബുക, യാത്രകളിലെ പാട്ടുകേൾക്കൽ കുറേക്കൂടി സൗകര്യപ്രദമാക്കാൻ വേണ്ടിയുള്ള ഗവേഷണങ്ങൾക്കും ഡിസൈനുകൾക്കും തന്റെ സഹപ്രവർത്തകനായ നോറിയോ ഓഗയെ ചുമതലപ്പെടുത്തുന്നത്. അവരിരുവരും ചേർന്ന് വികസിപ്പിച്ചെടുത്ത ആദ്യത്തെ വാക്ക്മാൻ അന്ന് ജപ്പാനിൽ വിൽക്കപ്പെട്ടത് 150  ഡോളറിനാണ്. 

അന്നത്തെ 150  ഡോളർ എന്നുപറഞ്ഞാൽ ചുരുങ്ങിയത് ഇന്നത്തെ 35,000 രൂപയെങ്കിലും വരും.  ആദ്യത്തെ ഒരു മാസത്തിനുള്ളിൽ അയ്യായിരം വാക്ക്മാൻ വിൽക്കാനായിരുന്നു സോണിയുടെ പ്ലാൻ. എന്നാൽ അവരുടെ പ്രതീക്ഷകളെ ഒക്കെ കവച്ചുവെച്ചുകൊണ്ട് ആദ്യരണ്ടുമാസങ്ങൾക്കുള്ളിൽ 50,000 എണ്ണം വിറ്റുപോയി. ഈ ആവേശകരമായ പ്രതികരണം സോണിയെ അവരുടെ ഉത്പന്നം അമേരിക്കയിൽ റിലീസ് ചെയ്യാൻ പ്രേരിപ്പിച്ചു. അതും വൻ വിജയമായിരുന്നു. ഓരോ രാജ്യത്തും അതിന് വെവ്വേറെ പേരായിരുന്നു. അമേരിക്കയിൽ സൗണ്ടബൗട്ട്, ഓസ്‌ട്രേലിയയിൽ ഫ്രീസ്റ്റൈൽ, യുകെയിൽ സ്റ്റോ എവേ എന്നിങ്ങനെ. എൺപതുകളിൽ വാക്ക്മാൻ എന്ന പേര് ക്ലിക്കായതോടെ സോണി പിന്നീട് ആ പേരിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു. ഇന്നും അതേ പേരിൽ തന്നെയാണ് ഇത് വിൽക്കപ്പെടുന്നത്. ലോകത്തെമ്പാടുമായി ഇന്നുവരെ 38 കോടിയിലധികം വാക്ക്മാൻ വിറ്റിട്ടുണ്ട് സോണി.

കൊണ്ടുനടക്കാവുന്ന(portable) ഒരു സ്റ്റീരിയോ പ്ലെയർ എന്നത് യഥാർത്ഥത്തിൽ ഒരു ബ്രസീലിയൻ-ജർമൻ ശാസ്ത്രജ്ഞനായ ആൻഡ്രിയാസ് പാവേലിന്റെ കണ്ടുപിടുത്തമായിരുന്നു. അദ്ദേഹമാണ് സോണിയ്ക്കും മുമ്പ് 1977-ൽ സ്റ്റീരിയോബെൽറ്റ് എന്ന പേരിൽ ഒരു കുഞ്ഞൻ പാട്ടുപെട്ടി കണ്ടുപിടിച്ചത്. സോണി 1979-ൽ വാക്ക്മാൻ എന്ന പേരിൽ അതേ ഉത്പന്നം പുറത്തിറക്കിയപ്പോൾ ഇവർക്കിടയിൽ വിവാദമുണ്ടാവുകയും, സോണി പാവേലിന് റോയൽറ്റി കൊടുക്കാൻ തയ്യാറാവുകയും ചെയ്തു. എന്നാലും അവർ പാവേലിന് ആ കണ്ടുപിടുത്തതിന്റെ ക്രെഡിറ്റ് നൽകാൻ പിന്നെയും കുറേക്കാലത്തേക്ക് തയ്യാറായിരുന്നില്ല. അതിനായി അദ്ദേഹത്തിന് ദീർഘകാലത്തെ നിയമ യുദ്ധം തന്നെ സോണി എന്ന കുത്തകഭീമനുമായി നടത്തേണ്ടി വന്നത് ചരിത്രം. 

എൺപതുകളുടെ ചരിത്രത്തിലും സംസ്കാരത്തിലും തന്നെ കടന്നുകൂടിയ ഒരുത്പന്നമാണ് വാക്ക്മാൻ. 1986-ൽ Walkman എന്ന വാക്കിന്‍റെ വർധിച്ചുവരുന്ന പ്രചാരം അവഗണിക്കാൻ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിക്കു പോലും ആയില്ല. അവർ അക്കൊല്ലം അത് ഒരു പുതിയ വാക്കായി തങ്ങളുടെ നിഘണ്ടുവിൽ ചേർത്തു. അന്നൊക്കെ എയ്‌റോബിക്സ് എന്ന ഒരു വ്യായാമ ശീലവും ജനപ്രിയമാവുന്ന കാലമായിരുന്നു. കാതിൽ സോണിയുടെ വാക്ക്മാനും കുത്തി എയ്‌റോബിക്സ് ചെയ്യുക എന്നത് അക്കാലത്ത് വരേണ്യതയുടെ അടയാളമായിപ്പോലും(Status Symbol) മാറിയിരുന്നു. അക്കാലത്ത് വാക്ക് മാന്റെ സ്വാധീനത്താൽ വ്യായാമത്തിനായി നടക്കുന്നവരുടെ എണ്ണത്തിൽ 30% വർധനവുണ്ടായി എന്നാണ് പഠനങ്ങൾ പറയുന്നത്. 

ചില യൂറോപ്യൻ രാജ്യങ്ങളിൽ 'വാക്ക്മാൻ' എന്ന ഉത്പന്നത്തിന്റെ പ്രചാരം അതിന്റെ സകല  ടാർഗെറ്റുകളും കടന്നുകേറി, ഒടുവിൽ  ആ 'ബ്രാൻഡ്നാമ'ത്തിന്റെ വിനാശത്തിനുതന്നെ കാരണമായി. 2002-ൽ ഓസ്‌ട്രേലിയൻ സുപ്രീം കോടതി ഒരു വിധിയിലൂടെ മറ്റുള്ള കമ്പനികളെ വാക്ക്മാൻ എന്ന പേരിൽ തങ്ങളുടെ സമാന ഉത്പന്നങ്ങളെ വിളിക്കുന്നതിൽ നിന്നും തടയാൻ സോണിക്ക് അവകാശമില്ല എന്നൊരു വിധിപോലും പുറപ്പെടുവിച്ചു എന്നുപറയുമ്പോഴാണ് ആ ബ്രാൻഡ് നാമത്തിന്‍റെ പ്രശസ്തി മനസ്സിലാവുക. ഒരു കമ്പനി തങ്ങളുടെ ഉത്പന്നത്തിനായി വികസിപ്പിച്ചെടുത്ത ബ്രാൻഡ് നാമം ഒടുവിൽ ഭാഷയിലെ ഒരു സാമാന്യനാമം ആയി മാറുകയും ഒടുവിൽ കമ്പനിക്ക് തങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത ആ വിശേഷ നാമത്തിന്മേലുള്ള കോപ്പിറൈറ്റ് നഷ്ടപ്പെടുകയും ചെയുന്ന ഈ പ്രതിഭാസത്തെ അന്ന് ലോകം 'ജെനെറിസൈഡ്' എന്നാണ് വിളിച്ചത്. 

സോണി തന്നെ തങ്ങളുടെ കാസറ്റ് അധിഷ്ഠിത വാക്ക്മാന്‍റെ തുടർച്ചയായി ഡിസ്ക് മാൻ കൊണ്ടുവന്നു. പിന്നീട് ആപ്പിൾ പോലുള്ള കമ്പനികൾ ഐപോഡ് പോലുള്ള ഡിജിറ്റൽ ഓഡിയോ പ്ലെയറുകളുമായി രംഗപ്രവേശം ചെയ്തു. സ്റ്റീരിയോ പ്ലെയറിലൂടെ ശ്രോതാക്കളുടെ കാതുകളിലേക്ക് വന്നുവീഴുന്ന ശബ്ദത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. അങ്ങനെ കാസറ്റ് സാങ്കേതികവിദ്യയും, വാക്ക്മാൻ എന്ന കുഞ്ഞുസംഗീതയന്ത്രവും കാലഹരണപ്പെട്ടു. വിപണിയിൽ ആവശ്യക്കാരുടെ എണ്ണം ചുരുങ്ങിയതോടെ, ഒടുവിൽ 2010-ൽ സോണി തങ്ങളുടെ വാക്ക്മാൻ എന്ന അഭിമാന ഉത്പന്നത്തിന്‍റെ നിർമാണം അവസാനിപ്പിച്ചു. 

 എൺപതുകളിലും തൊണ്ണൂറുകളിലും കൗമാര യൗവ്വനങ്ങൾ പിന്നിട്ട പലരുടെയും സ്വപ്നമായിരുന്നു ഒരു വാക്ക്മാൻ എന്നത്. പല പരീക്ഷകൾക്കും ഉന്നതവിജയം നേടാനുള്ള പ്രചോദനമായി അച്ഛനമ്മമാർ അന്ന് തങ്ങളുടെ മക്കൾക്ക് വാഗ്ദാനം ചെയ്തത് വാക്ക്മാൻ ആയിരുന്നു. വാക്ക്മാൻ വാങ്ങിത്തരാത്തതിന് പല കുട്ടികളും തങ്ങളുടെ രക്ഷിതാക്കളോട് പിണങ്ങി ഉണ്ണാവൃതമിരുന്നിട്ടുണ്ട്.പല അച്ഛനമ്മമാരും മക്കളുടെ സന്തോഷം കാണാൻ വേണ്ടി ഇല്ലാത്ത പണമുണ്ടാക്കി അവർക്ക് വാങ്ങിക്കൊടുത്തിട്ടുമുണ്ട് ഒടുവിൽ. വാക്ക്മാനിലൂടെ കേട്ട പാട്ടുകൾ പലരെയും പിൽക്കാലത്ത് പാട്ടുകാരാക്കി മാറ്റിയിട്ടുണ്ട്. ഒരു തലമുറയുടെ സംഗീതഭ്രമത്തിന് കൂട്ടുനടന്ന 'വാക്ക്മാൻ' എന്ന ഈ കുഞ്ഞുയന്ത്രം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.