Asianet News MalayalamAsianet News Malayalam

'ഒരു രാജ്യം മൊത്തം ഹാക്കര്‍മാര്‍ കൊണ്ടുപോയി'; ബള്‍ഗേറിയയില്‍ സംഭവിച്ചത്

ശരിക്കും ഒരു രാജ്യം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിലാണ് ഈ യൂറോപ്യന്‍ രാജ്യം. അഞ്ച് ദിവസം മുന്‍പ് രാജ്യത്തെ നികുതി വരുമാന വകുപ്പിന്‍റെ കയ്യിലുള്ള വിവരങ്ങളാണ് പരസ്യമായത്. 
 

5 million Bulgarians got stolen by hackers from the country's tax revenue office
Author
Bulgaria, First Published Jul 22, 2019, 10:28 AM IST

സോഫിയ: ഏഴു ദശലക്ഷം ജനസംഖ്യയുള്ള ബള്‍ഗേറിയയിലെ 5 ദശലക്ഷം ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. ശരിക്കും ഒരു രാജ്യം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിലാണ് ഈ യൂറോപ്യന്‍ രാജ്യം. അഞ്ച് ദിവസം മുന്‍പ് രാജ്യത്തെ നികുതി വരുമാന വകുപ്പിന്‍റെ കയ്യിലുള്ള വിവരങ്ങളാണ് പരസ്യമായത്. 

ഞങ്ങള്‍ തീര്‍ത്തും അസ്വസ്ഥരാണ്, ഞങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍ക്കും സൗജന്യമായി ലഭിക്കുന്ന അവസ്ഥയാണ്. ബള്‍ഗേറിയയിലെ ജനങ്ങള്‍ പ്രതികരിക്കുന്നു. തങ്ങളുടെ വിവരങ്ങള്‍ ബള്‍ഗേറിയയില്‍ മാത്രമല്ല ചോര്‍ന്നത് എന്നാണ് അസന്‍ ജെനോവ് എന്നയാള്‍ സിഎന്‍എന്‍ ടിവിയോട് പറഞ്ഞത്. ഒരു ബ്ലോഗറായ ഇദ്ദേഹത്തിന് ഇദ്ദേഹത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും കണ്ടെടുക്കാന്‍ പറ്റി. അതും വലിയ ഐടി സാങ്കേതികതയൊന്നും അറിയാതെ തന്നെ.

5 million Bulgarians got stolen by hackers from the country's tax revenue office

വലിയൊരു ആസൂത്രിത ആക്രമണമാണ് ബള്‍ഗേറിയയില്‍ നടന്നതെങ്കില്‍ ഇത് ഒറ്റപ്പെട്ട സംഭവം ആയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഹാക്കര്‍മാരെ സംബന്ധിച്ച് ഒരു വ്യക്തിയെ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതിനെക്കാള്‍ എളുപ്പം സര്‍ക്കാര്‍ സെര്‍വറുകള്‍ ആക്രമിക്കുന്നതാണ്. വര്‍ഷങ്ങളോളം ഉപകാരപ്പെടുന്ന വിവരങ്ങളുടെ സ്വര്‍ണ്ണഖനിയാണ് ഹാക്കര്‍മാരെ സംബന്ധിച്ച് സര്‍ക്കാര്‍ വിവരശേഖരങ്ങള്‍. നിങ്ങളുടെ പേഴ്സണല്‍ കമ്പ്യൂട്ടറിലോ, ഓണ്‍ലൈന്‍ അക്കൗണ്ടുകളിലോ വലിയ പാസ്വേര്‍ഡുകള്‍ അടിച്ച് നിങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാം. എന്നാല്‍ സര്‍ക്കാര്‍ കൈയ്യാളുന്ന നിങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് ഈ ഉറപ്പ് കിട്ടില്ല, ക്ലിയര്‍ സ്വിഫ്റ്റ് എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ ചീഫ് ഓഫ് ടെക്നോളജിയും, സൈബര്‍ വിദഗ്ധനുമായ ഗെയ് ബന്‍കര്‍ പറയുന്നു.

നിങ്ങളുടെ ജനന തീയതി ഒരിക്കലും മാറില്ല, നിങ്ങളുടെ താമസസ്ഥലം പെട്ടെന്ന് മാറില്ല, അതിനാല്‍ തന്നെ സര്‍ക്കാറിന്‍റെ കയ്യിലുള്ള നിങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്നും, നാളെയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഒരു സാധാരണ പൗരനെ സംബന്ധിച്ച് ഇത് അടുത്ത പത്തോ പതിനഞ്ചോ കൊല്ലം മാറ്റം സംഭവിക്കാത്തതാണ്. ഗെയ് ബന്‍കര്‍ പറയുന്നു.

അതേ സമയം അമേരിക്കയില്‍ 2006 ല്‍ യുഎസിലെ വാര്‍ദ്ധക്യ ക്ഷേമ വിഭാഗത്തില്‍ നിന്നും 2.6 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നതിന് ശേഷം ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ വരുന്ന ഏറ്റവും വലിയ ഹാക്കിംഗ് ആണ് ബള്‍ഗേറിയയില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ 13 കൊല്ലം മുന്‍പ് ഹാക്കിംഗ് നടക്കുമ്പോള്‍ സൈബര്‍ സുരക്ഷ ഇത്ര വലിയ മേല്‍ക്കൈ നേടിയിരുന്നില്ലെന്നും. ഇപ്പോള്‍ സൈബര്‍ സുരക്ഷ സംവിധാനങ്ങള്‍ ജാഗ്രത കാണിക്കുന്ന സമയത്ത് ഇത്തരം വീഴ്ച സര്‍ക്കാര്‍ സംവിധാനത്തിന്‍റെ തന്നെയാണ് എന്നുമാണ് സൈബര്‍ ലോകത്തെ വിമര്‍ശനം. 

5 million Bulgarians got stolen by hackers from the country's tax revenue office

ബള്‍ഗേറിയയിലെ ഹാക്കിംഗ് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വളരെ കര്‍ശനമായ സൈബര്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം യൂറോപ്പില്‍ നടപ്പിലാക്കിയിരുന്നു. ഇത് എന്തെങ്കിലും വിവരം ശേഖരിക്കുന്ന ഏത് ഏജന്‍സിക്കും പുതിയ ഉത്തരവാദിത്വം നല്‍കുന്നതായിരുന്നു. ഇത് പ്രകാരം ശേഖരിക്കുന്ന ഡാറ്റ കൈമോശം വന്നാലോ, ചോര്‍ന്നാലോ ശേഖരിച്ച ഏജന്‍സി വന്‍തുക പിഴ നല്‍കണം. ഇത്തരത്തില്‍ നോക്കിയാല്‍ ബള്‍ഗേറിയന്‍ സര്‍ക്കാര്‍ വലിയ പിഴ തന്നെ അടയ്ക്കേണ്ടി വന്നേക്കും. അതേ സമയം ബള്‍ഗേറിയന്‍ കമ്മീഷന്‍ ഓഫ് പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡാറ്റ കൃത്യമായി സര്‍ക്കാര്‍ സംവിധാനത്തില്‍ സംരക്ഷിക്കപ്പെട്ടില്ലെ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ബള്‍ഗേറിയന്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. അന്വേഷണം നടക്കുകയാണ്, ഇപ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. ഒപ്പം ഈ ഹാക്കിംഗിന്‍റെ ലക്ഷ്യവും വ്യക്തമാക്കുവാന്‍ സാധിക്കില്ല എന്നാണ് ബള്‍ഗേറിയന്‍ കമ്മീഷന്‍ ഓഫ് പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ റോസ്സന്‍ ബെച്ചറോവ് പറയുന്നത്.

അതേ സമയം ഈ വലിയ ഹാക്കിംഗുമായി ബന്ധപ്പെട്ട് 20 വയസുള്ള സൈബര്‍ സുരക്ഷ വിദ്യാര്‍ത്ഥിയെ ബള്‍ഗേറിയന്‍ പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ കമ്പ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടാല്‍ 8 കൊല്ലം ജയില്‍വാസം ലഭിക്കും എന്നാണ് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. 

5 million Bulgarians got stolen by hackers from the country's tax revenue office

ബള്‍ഗേറിയന്‍ പ്രൈവസി ആന്‍റ് ഡാറ്റ പ്രൊട്ടക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഡെസിസില്‍വ ക്രുസ്വേവയുടെ വാക്കുകള്‍ പ്രകാരം, എന്താണ് സംഭവിച്ചത് എന്ന് നോക്കി ഒരാളെ കുറ്റപ്പെടുത്തുന്നത് വളരെ നേരത്തെയായിരിക്കും, എങ്കിലും ബള്‍ഗേറിയന്‍ സര്‍ക്കാറിനെ സംബന്ധിച്ച് ഇത് നാണക്കേടാണ്. കഴിഞ്ഞവര്‍ഷം ബള്‍ഗേറിയന്‍ കൊമേഷ്യല്‍ റജിസ്ട്രിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അതിനാല്‍ തന്നെ സൈബര്‍ ആക്രമണം ഒരു അപ്രതീക്ഷിത കാര്യമല്ല. അതിനാല്‍ തന്നെ ഒരു കൊല്ലമായി എങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ വലിയ സുരക്ഷ പിഴവുകള്‍ ഉണ്ടെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. എന്നിട്ടും അതിന് വേണ്ടി ഒന്നും അവര്‍ ചെയ്തില്ല.

Follow Us:
Download App:
  • android
  • ios