നിക്കോസിയ: ഇസ്രയേല്‍ മുന്‍ രഹസ്യന്വേഷകന്‍ മേധാവിയായ കമ്പനിയുടെ 'ചാര വാഹനത്തിനെതിരെ' അന്വേഷണം ആരംഭിച്ചു. സൈപ്രസ് സര്‍ക്കാര്‍ ആണ് ഈ വാനിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര്യ അന്വേഷകനെ നിയമിച്ചത്. ടാല്‍ ഡിലിന്‍ എന്ന ഇസ്രയേലുകാരന്‍റെ കമ്പനിയാണ് 'സ്പൈ വാന്‍' നിര്‍മ്മിച്ചത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമം ഫോര്‍ബ്സ് വാര്‍ത്ത നല്‍കിയിരുന്നു. ദശലക്ഷക്കണക്കിന് ഡോളറിന്‍റെ സുരക്ഷ നിരീക്ഷണ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന വ്യക്തിയാണ് ടാല്‍ ഡിലിന്‍ ഇപ്പോള്‍. 24 കൊല്ലം ഇസ്രയേല്‍ സുരക്ഷ സേനയുടെ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പരിചയം ഇയാള്‍ക്കുണ്ട്. 

മുന്‍പ് സര്‍ക്കിള്‍സ് എന്ന മൊബൈല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ഇദ്ദേഹം സഹസ്ഥാപകനായിരുന്നു. പിന്നീട് 2010 ല്‍ ഇത് ദശലക്ഷകണക്കിന് ഡോളറിന് വിറ്റു. അതിന് ശേഷം വലിയ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചാരവാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

'നല്ല വ്യക്തികള്‍ക്ക്' തങ്ങളുടെ ചാരപ്രവര്‍ത്തിക്കും, നിരീക്ഷണത്തിനും വേണ്ടി വില്‍ക്കാനാണ് താന്‍ ഈ വാഹനം നിര്‍മ്മിച്ചത് എന്നാണ് ടാല്‍ ഡിലിന്‍ പറയുന്നത്. ചാര ഉപകരണങ്ങളും, നിരീക്ഷണ ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് എളുപ്പം ലൈസന്‍സ് കിട്ടുന്ന രാജ്യം എന്നതിനാല്‍ പലരും ഇത്തരം കമ്പനികള്‍ റജിസ്ട്രര്‍ ചെയ്യാറ് സൈപ്രസിലാണ്. ഇതേ വഴിയാണ്  ടാല്‍ ഡിലിനും പിന്തുടര്‍ന്നത്. എന്നാല്‍ സെപ്തംബറില്‍ ഫോര്‍ബ്സിന്‍റെ വാര്‍ത്ത വന്നതോടെ ചാരവാഹനം സൈപ്രസ് സംശയത്തോടെ നിരീക്ഷിക്കാന്‍ തുടങ്ങി.

ഹൈടെക് വാനിൽ ഏകദേശം 90 ലക്ഷം ഡോളർ മൂല്യമുള്ള സ്‌നൂപ്പിങ് ഗിയർ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വാട്സാപ്, ഫെയ്‌സ്ബുക് സന്ദേശങ്ങൾ, ടെക്സ്റ്റുകൾ, കോളുകൾ, കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെ ഏത് സ്മാർട് ഫോൺ ആപ്ലിക്കേഷനും ഹാക്ക് ചെയ്യാന്‍ സാധിക്കും. വാഹനം നിര്‍ത്തിയിട്ടതിന് 500 മീറ്റര്‍ പരിധിയിലുള്ള ഏത് ഫോണും ഇതുവഴി ഹാക്ക് ചെയ്യാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്.  ഇതോടെയാണ് സൈപ്രസ് ഇതിനെതിരെ നടപടി ആരംഭിച്ചത്. 

കഴിഞ്ഞയാഴ്ച രാജ്യത്തെ നീതിന്യായ മന്ത്രി, പൊലീസ് മേധാവി, കടുത്ത ഇടതുപക്ഷ അകെൽ പാർട്ടി മേധാവി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ സ്ഥാപനം ഏതെങ്കിലും പൗരന്‍റെ സ്വകാര്യത ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്സ് പറഞ്ഞു. എന്നാൽ വാൻ ഉപയോഗിച്ച് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചാരവൃത്തിക്കായി വാൻ ഉപയോഗിച്ചിരുന്നില്ലെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.